ജിൻസി| Photo: Mathrubhumi, Special arrangement
പത്തനംതിട്ട: തിരുവല്ലയില്‍ നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമില്‍ തലയിടിച്ചു വീണ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനിയായ അധ്യാപിക മരിച്ചു. മേലുകാവ് എഴുയിനിക്കല്‍ വീട്ടില്‍ ജിന്‍സി ജോണ്‍(37) ആണ് മരിച്ചത്. വര്‍ക്കല ജി.എച്ച്.എസിലെ അധ്യാപികയാണ്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.
തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ ആയിരുന്നു സംഭവം. നാഗര്‍കോവിലില്‍നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന തീവണ്ടിയിലെ യാത്രക്കാരിയായിരുന്നു ജിന്‍സി. തിരുവല്ല സ്റ്റേഷനില്‍നിന്ന് തീവണ്ടി കോട്ടയം ഭാഗത്തേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. അതിനിടെ ജിന്‍സി ബോഗിയില്‍നിന്ന് ഇറങ്ങാന്‍ ശ്രമിക്കുകയും കാല്‍വഴുതി പ്ലാറ്റ്ഫോമിലേക്ക് വീഴുകയുമായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ജിന്‍സിയെ പിന്നീട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ജിന്‍സി, വ്യാഴാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Also Read
അതേസമയം, ജിന്‍സിയുടെ മരണവുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ജിന്‍സി യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ട്മെന്റില്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാളെ കണ്ടിരുന്നു എന്ന് സഹയാത്രികരായ ചിലര്‍ പറഞ്ഞു എന്നുള്ളതാണ് അഭ്യൂഹം. വിഷയവുമായി ബന്ധപ്പെട്ട് റെയില്‍വേ പോലീസും തിരുവല്ലാ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി. അടക്കം പരിശോധിച്ചു കഴിഞ്ഞു. എന്നാല്‍ അപകടം നടന്ന സ്ഥലത്തെ സി.സി.ടി.വി. പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..