-
തൃശ്ശൂര്‍: ഫ്ളാറ്റില്‍ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മാര്ട്ടിന് ജോസഫിന്റെ ഒളിത്താവളം പോലീസ് കണ്ടെത്തി. തൃശ്ശൂര്‍ മുണ്ടൂര്‍ ഭാഗത്ത് ഒരു ചതുപ്പുപ്രദേശത്താണ് ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്നാണ് വിവരം. ഇയാളുടെ വീടിന് അടുത്തുതന്നെയുള്ള ഒഴിഞ്ഞ പ്രദേശമാണിത്. ഈ സ്ഥലത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രദേശത്ത് ഇയാള്‍ക്കായുള്ള പരിശോധനകള്‍ നടന്നുവരികയാണ്.
ഇയാളെ സ്ഥലത്തെത്തിച്ച സുഹൃത്തുക്കളെ അടക്കം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. ഇവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്. ഇയാള്‍ തൃശ്ശൂരില്‍ എത്തിയ ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
എട്ടാം തീയതി രാവിലെ നാലു മണിക്കാണ് ഇയാള്‍ കാക്കനാട്ടെ ഫ്ളാറ്റില്‍നിന്ന് തൃശ്ശൂരിലേക്ക് പോയത്. തുടര്‍ന്ന് ഇവിടെ ഒളിവില്‍ കഴിഞ്ഞെന്നാണ് പോലീസ് കരുതുന്നത്. സമീപപ്രദേശങ്ങളില്‍ ഇയാള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. മാര്ട്ടിന് ജോസഫിന്റെ തൃശ്ശൂരിലെ വീട്ടില്‍ പോലീസ് പലവട്ടം എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു.
കണ്ണൂര്‍ സ്വദേശിയായ യുവതിയെ എറണാകുളത്തെ ഫ്ളാറ്റില്‍വെച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലാണ് മാര്ട്ടിന് ജോസഫിനെ പോലീസ് തിരയുന്നത്. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്തു വരുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. ഇവര്‍ ഒരുമിച്ച് താമസിച്ചുവരുന്നതിനിടെ യുവതിയെ മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ കൊണ്ടുപോയി മാര്ട്ടിന് ലൈംഗികമായി പീഡിപ്പിച്ചു. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ടു വരെയുള്ള ദിനങ്ങളിലായിരുന്നു ഇത്.
യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി, ഫ്ളാറ്റിന് പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താല്‍ വീഡിയോ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി. ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി രക്ഷപ്പെടുകയും ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
മാര്ട്ടിന് ജോസഫ് എറണാകുളം സി.ജെ.എം. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും പോലീസ് ജാമ്യാപേക്ഷയെ എതിര്‍ത്ത് സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ജാമ്യഹര്‍ജി തള്ളിയ അന്നുതന്നെ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു. മേയ് 31-ന് ഹൈക്കോടതിയില്‍ പ്രതി നല്കിയ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
Content Highlights: woman locked up in Kochi flat: police found Martin Joseph's hiding place
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..