തൃശ്ശൂര്‍: യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയശേഷം ഒളിവില്‍പോയ മാര്‍ട്ടിന്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞത് മൂന്ന് ദിവസത്തോളം. പീഡനത്തിന്റെ നടുക്കുന്ന വിവരങ്ങള്‍ യുവതിയുടെ സുഹൃത്തുക്കളടക്കം വെളിപ്പെടുത്തിയപ്പോഴും കേസിലെ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ മാര്‍ട്ടിന്റെ സുഹൃത്തുക്കളെയടക്കം പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. അവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മാര്‍ട്ടിന്റെ ഒളിത്താവളം പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. തൃശ്ശൂര്‍ മുണ്ടൂര്‍ ഭാഗത്ത് വീടിന് സമീപത്ത് കാടുപിടിച്ച് കിടക്കുന്ന പ്രദേശത്ത് തന്നെയാണ് മാര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

എട്ടാം തീയതി രാവിലെ നാലു മണിക്കാണ് ഇയാള്‍ കാക്കനാട്ടെ ഫ്ളാറ്റില്‍നിന്ന് തൃശ്ശൂരിലേക്ക് പോയത്. തുടര്‍ന്ന് ചതുപ്പ് പ്രദേശത്ത് ഒളിവില്‍ കഴിഞ്ഞെന്നാണ് പോലീസ് കരുതുന്നത്. മാര്‍ട്ടിന്‍ ജോസഫിന്റെ തൃശ്ശൂരിലെ വീട്ടില്‍ പോലീസ് പലവട്ടം എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. ഇയാള്‍ തൃശ്ശൂരില്‍ എത്തിയ ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂര്‍ സ്വദേശിയായ യുവതിയെ എറണാകുളത്തെ ഫ്ളാറ്റില്‍വെച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലാണ് മാര്‍ട്ടിന്‍ ജോസഫിനെ പോലീസ് പിടികൂടിയത്. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്തു വരുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. ഇവര്‍ ഒരുമിച്ച് താമസിച്ചുവരുന്നതിനിടെ യുവതിയെ മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗികമായി പീഡിപ്പിച്ചു. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ടു വരെയുള്ള ദിനങ്ങളിലായിരുന്നു ഇത്.

യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി, ഫ്ളാറ്റിന് പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താല്‍ വീഡിയോ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി. ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി രക്ഷപ്പെടുകയും ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

മാര്‍ട്ടിന്‍ ജോസഫ് എറണാകുളം സി.ജെ.എം. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും പോലീസ് ജാമ്യാപേക്ഷയെ എതിര്‍ത്ത് സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ജാമ്യഹര്‍ജി തള്ളിയ അന്നുതന്നെ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു. മേയ് 31-ന് ഹൈക്കോടതിയില്‍ പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

Content Highlights: Woman locked up in Kochi flat Crime Beat Martin Joseph