ഞായറാഴ്ച പാച്ചല്ലൂരിൽ അപകടത്തിനിടയാക്കിയ ബൈക്ക്, ഇൻസൈറ്റിൽ സന്ധ്യ അരവിന്ദ്
കോവളം: ബൈപ്പാസിൽ അമിതവേഗം ഞായറാഴ്ച കവർന്നത് രണ്ടു ജീവൻ. അമിതവേഗത്തിൽ പാഞ്ഞുവന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ച സ്ത്രീ തൽക്ഷണം മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന യുവാവ് വൈകുന്നേരത്തോടെ ആശുപത്രിയിൽ മരിച്ചു. പനത്തുറ തുരുത്തിക്കോളനി വീട്ടിൽ എൽ.സന്ധ്യ(53), പട്ടം പൊട്ടക്കുഴിയിൽ പി.ഡബ്ല്യു.ഡി. റിട്ട. ഉദ്യോഗസ്ഥൻ ബിനുവിന്റെയും ഷൈനിന്റെയും ഏക മകൻ അരവിന്ദ്(23) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 7.45-ഓടെ കോവളം-തിരുവല്ലം ബൈപ്പാസിൽ പാച്ചല്ലൂർ തോപ്പടി ഭാഗത്തായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ റോഡിലെ ഡിവൈഡറിലേക്കു തെറിച്ചുവീണാണ് സന്ധ്യ മരിച്ചത്. സന്ധ്യയുടെ ഇടതുകാൽ മുറിഞ്ഞുമാറി റോഡിൽ വീണു. തല പൊട്ടിയും കഴുത്തൊടിഞ്ഞുമാണ് ഡിവൈഡറിലെ കുറ്റിക്കാട്ടിൽ മൃതദേഹം കിടന്നിരുന്നത്. ഇടിച്ചശേഷം നിയന്ത്രണം തെറ്റിയ ബൈക്ക് മുക്കാൽ കിലോമീറ്റർ അകലെ റോഡിലൂടെ നിരങ്ങിനീങ്ങിയാണ് ഓടയിൽ വീണത്. ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.
പത്തുലക്ഷത്തിലേറെ വിലയുള്ള ആയിരം സി.സി.യുടെ സ്പോർട്സ് ബൈക്കാണ് അരവിന്ദ് ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കൂട്ടുകാർെക്കാപ്പം കോവളം ബീച്ചിലെത്തി ഫോട്ടോയെടുത്ത ശേഷം തിരികെ വീട്ടിലേക്കു മടങ്ങവേയായിരുന്നു അപകടം. വീട്ടുജോലിക്കു പോകുന്നതിനാണ് സന്ധ്യ രാവിലെ വീട്ടിൽനിന്നിറങ്ങിയത്. തോപ്പടി ഭാഗത്തുവച്ച് ബൈപ്പാസ് റോഡ് മുറിച്ചുകടക്കവേ കോവളം ഭാഗത്തുനിന്നു വന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തിരുവല്ലം പോലീസ് കേസെടുത്തു. അശോകനാണ് മരിച്ച സന്ധ്യയുടെ ഭർത്താവ്. മക്കൾ: അഞ്ചു, അഞ്ജിത.
നിയന്ത്രിക്കാനാവാതെ അമിതവേഗം, മത്സരയോട്ടം
കോവളം: ആഡംബര ബൈക്കുകളുടെ അമിതവേഗമുൾപ്പെടെയുള്ള കാരണങ്ങളാൽ കഴക്കൂട്ടം -കാരോട് ബൈപ്പാസിൽ അപകടങ്ങൾ പതിവാകുന്നു. ഇത്തരം അപകടങ്ങളിൽ ജീവഹാനിയുണ്ടാകുന്നതു പതിവായിട്ടും ആളുകളെ ഭയപ്പെടുത്തിക്കൊണ്ട് ആഡംബര ബൈക്കുകൾ ബൈപ്പാസിലൂടെ ചീറിപ്പായുന്നതു തുടരുകയാണ്.
ഞായറാഴ്ച ഇത്തരത്തിൽ അമിതവേഗത്തിലെത്തിയ ബൈക്കാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന പനത്തുറ സ്വദേശിനിയെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ രണ്ടുപേർ മരിച്ചു.
കഴക്കൂട്ടം-കോവളം ബൈപ്പാസിലെ തിരുവല്ലം-കോവളം-മുക്കോല-കല്ലുവെട്ടാൻകുഴി റൂട്ടിൽ ഇത്തരത്തിലുള്ള അപകടങ്ങൾ വർധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. രാത്രി പത്തുമണിക്കുശേഷം ഇത്തരം ബൈക്കുകളിൽ മത്സരയോട്ടം നടത്തുന്നുണ്ടെന്ന് പരിസരവാസികളും പറഞ്ഞു. കാതടപ്പിക്കുന്ന ശബ്ദത്തിലാണ് ഇവ കടന്നുപോകുന്നത്. പലപ്പോഴും ഇത്തരം വാഹനങ്ങൾ പിന്തുടർന്നു പിടികൂടാൻ കഴിയാത്ത സ്ഥിതിയാണെന്ന് പോലീസ് സമ്മതിക്കുന്നു.
സർവീസ് റോഡിനു സമീപം താമസിക്കുന്നവർ അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നതും അപകടത്തിനിടയാക്കുന്നു. കോവളം കല്ലുവെട്ടാൻകുഴി റോഡ് അടച്ചിട്ടിരുന്ന സമയത്ത് ഇടറോഡ് വഴി ബൈപ്പാസിലേക്കു കയറി ബൈക്ക് അഭ്യാസപ്രകടനങ്ങൾ നടത്തിയിരുന്നു. നാട്ടുകാർ ഇടപെട്ടിട്ടും ഇതു തുടർന്നു. ഒടുവിൽ ബൈക്ക് അഭ്യാസത്തിനിടെ നേർക്കുനേർ എത്തിയ ബൈക്കുകൾ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഈ സംഭവത്തെത്തുടർന്നും പോലീസിന്റെ കർശന ഇടപെടലും കോവളം-മുക്കോല ബൈപ്പാസ് റൂട്ട് തുറന്നുകൊടുത്തതും കാരണം മത്സരയോട്ടം താത്കാലികമായി നിലച്ചിരുന്നു.
18 വാഹനങ്ങൾക്ക് പിഴയിട്ടു
ബൈക്കുകളിൽ മത്സരയോട്ടം നടത്തുന്നവരെ പിന്തുടരുമ്പോൾ ഇവർ വീണ്ടും വേഗംകൂട്ടി പോകുന്നത് പലപ്പോഴും അപകടത്തിനിടയാക്കാറുണ്ട്. ബൈപ്പാസിലൂടെ കടന്നുപോകുന്ന മത്സരയോട്ടക്കാരെ ടോൾപ്ലാസയിലെ എല്ലാ വഴികളും അടച്ചാണ് പിടികൂടുന്നത്. പുതുവത്സര രാത്രിയിൽ ആഡംബര ബൈക്കുകളിൽ അമിതവേഗത്തിലെത്തിയ 18 പേരെ പിടികൂടി പിഴയടക്കമുള്ള നടപടിയെടുത്തിരുന്നുവെന്ന് തിരുവല്ലം എസ്.എച്ച്.ഒ. രാഹുൽ രവീന്ദ്രൻ പറഞ്ഞു. പോലീസിനെ കണ്ട് പലപ്പോഴും ഈ ബൈക്ക് യാത്രികർ വന്ന റോഡിലൂടെ തിരിച്ചുപോകുന്നതും അപകടത്തിന്റെ എണ്ണം കൂട്ടുന്നതായി എസ്.എച്ച്.ഒ. പറഞ്ഞു.
ബൈപ്പാസിൽ കഴിഞ്ഞവർഷം മരിച്ചത് 11 പേർ
കഴിഞ്ഞവർഷം തിരുവല്ലം സ്റ്റേഷൻ പരിധിയിൽ 65 വാഹനാപകടങ്ങളുണ്ടായി 11 പേരാണ് മരിച്ചത്. ഇവയിൽ ബൈപ്പാസിൽ മാത്രം 35 അപകടങ്ങളാണ് കഴിഞ്ഞവർഷമുണ്ടായത്. ഇതിൽ എട്ടുപേർ മരിച്ചു. 2023ൽ ജനുവരി എട്ടിന് ബൈക്കിൽ മീൻലോറിയിടിച്ചുണ്ടായ അപകടത്തിൽ വിഴിഞ്ഞം സ്വദേശിയായ യുവാവും ഞായറാഴ്ചയുണ്ടായ അപകടത്തിൽ പനത്തുറ സ്വദേശിനിയായ വീട്ടമ്മയും മരിച്ചു. തിരുവല്ലം-കോവളം ബൈപ്പാസ് റൂട്ടിൽ വാഴമുട്ടത്ത് സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റ് കഴിഞ്ഞ രണ്ടാഴ്ചയായി പ്രവർത്തിക്കാത്തതും അപകടസാധ്യത വർധിപ്പിക്കുന്നുവെന്ന് തിരുവല്ലം പോലീസ് പറഞ്ഞു.
Content Highlights: Woman hit by overspeeding racing bike dies in TVM
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..