അപകടം നടന്ന സ്ഥലം | ഫോട്ടോ - മാതൃഭൂമി
തിരുവനന്തപുരം: തിരുവനന്തപുരം കോവളം ബൈപ്പാസില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ മത്സരയോട്ടത്തിന് തെളിവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട്. അപകടമുണ്ടാക്കിയ ബൈക്ക് അമിതവേഗത്തിലായിരുന്നു. വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ചു കടന്നതും അപകടത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച രാവിലെ 7.45-ഓടെയായിരുന്നു കോവളം-തിരുവല്ലം ബൈപ്പാസില്‍ അപകടമുണ്ടായത്. പനത്തുറ തുരുത്തിക്കോളനി വീട്ടിൽ എൽ.സന്ധ്യ(53), പട്ടം പൊട്ടക്കുഴിയിൽ ബിനുവിന്റെയും ഷൈനിന്റെയും ഏക മകൻ അരവിന്ദ്(23) എന്നിവരാണ് മരിച്ചത്.
അപകടസമയത്ത് മറ്റ് ചില ബൈക്കുകള്‍ കൂടെ സമാനമായ വേഗത്തില്‍ പ്രദേശത്ത് കൂടെ കടന്ന് പോയിരുന്നു. ഈ സാഹചര്യത്തിലാണ് മത്സരയോട്ടം നടന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ അപകടത്തില്‍ മത്സരയോട്ടം നടന്നിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. അപകടസമയത്ത് വാഹനത്തിന്റെ വേഗം 100 കിലോമീറ്ററിലധികമായിരുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ച് മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായതെന്നും വകുപ്പ് സ്ഥിരീകരിക്കുന്നുണ്ട്.
ഇടിയുടെ ആഘാതത്തിൽ റോഡിലെ ഡിവൈഡറിലേക്കു തെറിച്ചുവീണാണ് സന്ധ്യ മരിച്ചത്. സന്ധ്യയുടെ ഇടതുകാൽ മുറിഞ്ഞുമാറി റോഡിൽ വീണു. തല പൊട്ടിയും കഴുത്തൊടിഞ്ഞുമാണ് ഡിവൈഡറിലെ കുറ്റിക്കാട്ടിൽ മൃതദേഹം കിടന്നിരുന്നത്. ഇടിച്ചശേഷം നിയന്ത്രണം തെറ്റിയ ബൈക്ക് മുക്കാൽ കിലോമീറ്റർ അകലെ റോഡിലൂടെ നിരങ്ങിനീങ്ങിയാണ് ഓടയിൽ വീണത്. ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.
കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായിരുന്നു. തുടര്‍ച്ചയായി മത്സരയോട്ടം നടക്കുന്ന സാഹചര്യവും പ്രദേശത്തുണ്ട്. അപകടങ്ങള്‍ പതിവായിട്ടും മോട്ടോര്‍ വാഹന വകുപ്പ് കൃത്യമായി നടപടി എടുക്കുന്നില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
ബൈപ്പാസിൽ കഴിഞ്ഞവർഷം മരിച്ചത് 11 പേർ
കഴിഞ്ഞവർഷം തിരുവല്ലം സ്റ്റേഷൻ പരിധിയിൽ 65 വാഹനാപകടങ്ങളുണ്ടായി 11 പേരാണ് മരിച്ചത്. ഇവയിൽ ബൈപ്പാസിൽ മാത്രം 35 അപകടങ്ങളാണ് കഴിഞ്ഞവർഷമുണ്ടായത്. ഇതിൽ എട്ടുപേർ മരിച്ചു. 2023ൽ ജനുവരി എട്ടിന് ബൈക്കിൽ മീൻലോറിയിടിച്ചുണ്ടായ അപകടത്തിൽ വിഴിഞ്ഞം സ്വദേശിയായ യുവാവും ഞായറാഴ്ചയുണ്ടായ അപകടത്തിൽ പനത്തുറ സ്വദേശിനിയായ വീട്ടമ്മയും മരിച്ചു. തിരുവല്ലം-കോവളം ബൈപ്പാസ് റൂട്ടിൽ വാഴമുട്ടത്ത് സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റ് കഴിഞ്ഞ രണ്ടാഴ്ചയായി പ്രവർത്തിക്കാത്തതും അപകടസാധ്യത വർധിപ്പിക്കുന്നുവെന്ന് തിരുവല്ലം പോലീസ് പറഞ്ഞു.
Content Highlights: Woman hit by overspeeding racing bike dies in trivandrum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..