മുണ്ടക്കയം: അഞ്ച് വർഷം മുൻപുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിൽ കഴിയുന്ന യുവതി ചികിത്സാ സഹായം തേടുന്നു. മുണ്ടക്കയം, ഏന്തയാർ വടക്കേമല, കല്ലറയ്ക്കൽ ഷീലയുടെ മകൾ രാഖി(24) യാണ് തുടർചികത്സയ്ക്ക് പണമില്ലാതെ വിഷമിക്കുന്നത്.

നടന്നു പോകും വഴി പിന്നിലൂടെ വന്ന വാഹനം രാഖിയെ ഇടിച്ചിടുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ രാഖിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 ദിവസം വെന്റിലേറ്ററിലും 70 ദിവസം ഐ.സി യുവിലും ഉൾപ്പെടെ എട്ട് മാസം ആശുപത്രിയിൽ ചികിത്സിച്ചു. ഇതിനിടെ മൂന്ന് ശസ്ത്രക്രിയകളും നടത്തി.

രാഖിയുടെ പിതാവ് 20 വർഷം മുൻപ് മരിച്ചതോടെ അമ്മ ഷീലയാണ് ആശുപത്രി കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. ചികിത്സയ്ക്കായി നാല് സെന്റ് വസ്തുവും വീടും വിറ്റു. അപകടത്തെ തുടർന്ന് രാഖിയുടെ ഭർത്താവ് വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു.

ഇതോടെ രാഖി, എട്ട് വയസുള്ള മകൾ അസ്ന മരിയ എന്നിവരുടെ കാര്യങ്ങൾ കൂടി ഷീലയുടെ ചുമലിലായതോടെ ദിവസവും 220 രൂപയുടെ മരുന്ന് പോലും വാങ്ങി നൽകുവാൻ പറ്റാത്ത അവസ്ഥയിലാണ്. നാട്ടുകാരടക്കമുള്ളവരാണ് ഇപ്പോൾ സഹായിക്കുന്നത്. പരസഹായത്തോടെ കുറേശ്ശേ നടന്ന് തുടങ്ങിയെങ്കിലും രണ്ട് വർഷം തുടർച്ചയായ ചികിത്സ വേണമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

മുണ്ടക്കയം എസ്.ബി.ഐയിൽ 67221354962 നമ്പരായി ഷീല സാലുവിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ട്. (IFSC SBIN0070133)

Content Highlights:woman from mundakkayam seeking help for her treatment