തിരുവനന്തപുരം:  വിഴിഞ്ഞം വെങ്ങാനൂരില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശിനി അര്‍ച്ചന(24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. ഭര്‍ത്താവ് സുരേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കട്ടച്ചല്‍ക്കുഴിയിലെ വാടകവീട്ടിലായിരുന്നു സുരേഷും അര്‍ച്ചനയും താമസിച്ചിരുന്നത്. ഏറെ നാളായി സുരേഷും അര്‍ച്ചനയുമായി വഴക്കുണ്ടായിരുന്നെന്നും സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 

അര്‍ച്ചനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സുരേഷിന്റെ വീട്ടുകാര്‍ തങ്ങളോട് സത്രീധനം ആവശ്യപ്പെട്ടിരുന്നെന്ന് അര്‍ച്ചനയുടെ ബന്ധുക്കള്‍ പറഞ്ഞു. 

ഇന്നലെ സുരേഷും അര്‍ച്ചനയും അര്‍ച്ചനയുടെ വീട്ടില്‍വന്ന് മടങ്ങിപ്പോയിരുന്നു. അതിനു ശേഷമാണ് സംഭവം നടന്നിരിക്കുന്നത്. തീകൊളുത്തിയ അര്‍ച്ചനയെ സമീപത്തെ വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഈ സമയം സുരേഷ് അവിടെ ഉണ്ടായിരുന്നില്ല എന്നാണ് പറയുന്നത്. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സുരേഷിന്റെ അറിവോടെയാണ് ഇത് സംഭവിച്ചിരിക്കുന്നതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. 

അര്‍ച്ചനയും ഭര്‍ത്താവും തമ്മില്‍ ഇടയ്ക്കിടയ്ക്ക് പ്രശ്‌നങ്ങളുണ്ടാകാറുണ്ടായിരുന്നു. സുരേഷിന്റെ അച്ഛന്‍ അര്‍ച്ചനയുടെ അച്ഛനോട് മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി വിവരമുണ്ട്. വസ്തു വാങ്ങാനാണ് ഇതെന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. പിന്നീട് പണം ആവശ്യപ്പെട്ടില്ല. എന്നാല്‍ ഇടയ്ക്കിടയ്ക്ക് അര്‍ച്ചനയും സുരേഷും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. വഴക്കിന്റെ കാരണം തങ്ങളോട് അര്‍ച്ചന പറയാറുണ്ടായിരുന്നില്ലെന്നും എല്ലാം മനസ്സിലൊതുക്കുകയായിരുന്നുവെന്നുമാണ് അര്‍ച്ചനയുടെ അച്ഛന്‍ പറയുന്നത്. 

'മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല'- അര്‍ച്ചനയുടെ അച്ഛന്‍ 

മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അര്‍ച്ചനയുടെ അച്ഛന്‍ അശോകന്‍ പറഞ്ഞു. അര്‍ച്ചനയും സുരേഷും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിന്റെ പേരില്‍ സുരേഷ് ഇടയ്ക്കിടയ്ക്ക് പിണങ്ങിപ്പോകാറുണ്ടായിരുന്നു. ഒന്നും രണ്ടും ദിവസം കഴിഞ്ഞാണ് മടങ്ങി വരാറ്. വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കും. സുരേഷിന്റെ വീട്ടുകാരുടെ അറിവോടു കൂടിയാണ് പോയതെങ്കില്‍ കൂടിയും എവിടെയാണ് ഉള്ളതെന്ന് അവര്‍ പറയില്ല. പലയിടത്തും തിരക്കിയാണ് എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തുകയെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.

അര്‍ച്ചന മരിക്കുന്നതിന് തലേദിവസം സുരേഷിനൊപ്പം വീട്ടില്‍ വന്നിരുന്നു. അന്ന് സുരേഷിന്റെ കയ്യില്‍ ഒരു ലിറ്ററിന്റെ കുപ്പിയില്‍ ഡീസലുണ്ടായിരുന്നു. എന്തിനാണ് ഇത് എന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ ഉറുമ്പായതുകൊണ്ടാണ് എന്ന് മറുപടി നല്‍കി. ഉപ്പോ മഞ്ഞള്‍പ്പൊടിയോ ഇട്ടാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ അവയെന്നും ഇട്ടിട്ട് പോകുന്നില്ല എന്നായിരുന്നു സുരേഷ് മറുപടി നല്‍കിയതെന്നും അശോകന്‍ പറഞ്ഞു. അര്‍ച്ചനയുടെയും സുരേഷിന്റെയും പ്രണയവിവാഹമായിരുന്നു. തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അര്‍ച്ചനയും സുരേഷും അഭിനയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയെങ്കിലും അര്‍ച്ചനയെ സുരേഷ് ജോലിക്ക് വിട്ടിരുന്നില്ലെന്നും അശോകന്‍ പറഞ്ഞു.

content highlights: woman found dead with burn injuries in thiruvananthapuram