പ്രതീകാത്മക ചിത്രം, ഇൻസൈറ്റിൽ ജിൻസി ജോൺ
കോട്ടയം: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിലേക്ക് തലയിടിച്ചുവീണ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു. മേലുകാവിലെ ജിൻസി ജോൺ ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടുകൂടിയായിരുന്നു സംഭവം. നാഗർകോവിലിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് യാത്രചെയ്യുകയായിരുന്നു ജിൻസി ജോൺ. തിരുവല്ല സ്റ്റേഷനിൽ നിന്ന് ട്രെയിൻ കോട്ടയം ഭാഗത്തേക്ക് പുറപ്പെടുന്ന സമയത്ത് ബോഗിയിൽ നിന്ന് പ്ലാറ്റ്ഫോമിലേക്കിറങ്ങാൻ ശ്രമിക്കുകയും വീണ് തലക്ക് പരിക്കേൽക്കുകയുമായിരുന്നു. തുടർന്ന് ഇവരെ തിരുവല്ലയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.
അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ജിൻസി ജോൺ യാത്രചെയ്ത കമ്പാർട്ട്മെന്റിൽ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാളെ കണ്ടതായി സഹയാത്രികർ പറഞ്ഞതായാണ് അഭ്യൂഹം. സംഭവത്തെക്കുറിച്ച് റെയിൽവേ പോലീസും തിരുവല്ല പോലീസും വിശദമായി അന്വേഷണം നടത്തിവരികയാണ്.
റെയിൽവേ സ്റ്റേഷനിലെ സിസിടിവി അടക്കം പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ, അപകടംനടന്ന സ്ഥലത്തെ സിസിടിവി പ്രവർത്തനരഹിതമാണെന്നാണ് വിവരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..