പ്രതീകാത്മകചിത്രം | Mathrubhumi archives
പറവൂര്‍: അമ്പലനടയില്‍ വിവാഹ മുഹൂര്‍ത്തത്തില്‍ വരണമാല്യവുമായി വധൂവരന്മാര്‍ നില്‍ക്കുന്നതിനിടെ വധു വരനോട് ആ സ്വകാര്യം പറഞ്ഞു. പെട്ടെന്നുള്ള അമ്പരപ്പില്‍ വരന്‍ പതറിയെങ്കിലും വധുവിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ വരന്‍ വിവാഹത്തില്‍നിന്നു പിന്‍മാറി. ശുഭമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ ഇരുഭാഗത്തുനിന്നുമെത്തിയ ബന്ധുക്കള്‍ അത്യപൂര്‍വമായ നാടകീയ രംഗം കണ്ട് അമ്പരന്നു.
പറവൂര്‍ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിലാണ് വ്യാഴാഴ്ച ബന്ധുക്കള്‍ നിശ്ചയിച്ച താലിചാര്‍ത്തലിനു തൊട്ടുമുമ്പ് ഈ ജീവിതനാടകം അരങ്ങേറിയത്.
വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും തൃശ്ശൂര്‍ അന്നമനട സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. ക്ഷണപ്രകാരം ബന്ധുക്കളും മറ്റുമെത്തിയിരുന്നു. ആദ്യം വധുവിന്റെ സംഘമാണെത്തിയത്. പിന്നീട് വരന്റെ ആളുകളും. ക്ഷേത്രനടയില്‍ നിശ്ചിത സമയത്ത് താലി ചാര്‍ത്തുന്നതിനുള്ള കര്‍മങ്ങള്‍ നടക്കവേ കാര്‍മികന്‍ നിര്‍ദേശിച്ചിട്ടും വധു വരണമാല്യം അണിയിക്കാതെ മടിച്ചുനിന്നു.
തുടര്‍ന്ന് യുവതി വരനോട് താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് അറിയിച്ചു. ഈ വിവാഹത്തിന് സമ്മതമല്ലെന്നും വീട്ടുകാരുടെ നിരന്തര നിര്‍ബന്ധത്തിനു വഴങ്ങിയാണ് സംഭവങ്ങള്‍ ഇതുവരെ എത്തിയതെന്നും അവര്‍ പറഞ്ഞു. യാഥാര്‍ഥ്യം ബോധ്യപ്പെട്ട വരന്‍ താലി ചാര്‍ത്തുന്നതില്‍നിന്നു പിന്‍മാറി. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വരനോടൊപ്പമെത്തിയ ബന്ധുക്കള്‍ വടക്കേക്കര പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു. അനുരഞ്ജന ചര്‍ച്ചയില്‍ ഇരുകൂട്ടരും രമ്യതയില്‍ പിരിഞ്ഞു. വരന്റെ കുടുംബത്തിനുണ്ടായ ചെലവ് നഷ്ടപരിഹാരമായി നല്‍കാനും തീരുമാനമായി.
വധു എം.കോം. ബിരുദധാരിയാണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് യുവതിയെ പെണ്ണുകാണാനെത്തിയ യുവാവും യുവതിയും തമ്മില്‍ സൗഹൃദത്തിലാകുകയായിരുന്നു. അത് ഉപേക്ഷിച്ച് ബന്ധുക്കള്‍ പുതിയ വിവാഹം ഉറപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
വെള്ളിയാഴ്ച പറവൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ യുവതിയും ഇഷ്ടത്തിലായിരുന്ന യുവാവുമായി വിവാഹം നടന്നു.
Content Highlights: woman calls off wedding just before function
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..