തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂരിനും ഫാദര്‍ ജോസ് പുതൃക്കയിലിനുമെതിരെ കേസിലെ സാക്ഷിയുടെ നിര്‍ണായക മൊഴി.

 വിചാരണ നടക്കുന്ന തിരുവനന്തപുരം സി ബി ഐ കോടതിയിലെത്തിയാണ് സാക്ഷിയായ  പ്രൊഫസര്‍ ത്രേസ്യാമ്മ മൊഴി നല്‍കിയത്. സിസ്റ്റര്‍ അഭയയുടെ അധ്യാപികയായിരുന്നു ത്രേസ്യാമ്മ.

ഫാദര്‍ തോമസ് എം കോട്ടൂരിനും ജോസ് പുതൃക്കയിലിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കോടതിയില്‍ മൊഴി നല്‍കിയതിനു ശേഷം ത്രേസ്യാമ്മ മാധ്യങ്ങളോട്‌ പ്രതികരിച്ചു.

'പ്രതികള്‍ക്കെതിരെ വിദ്യാര്‍ഥിനികള്‍ നേരത്തെയും പരാതി പറഞ്ഞിരുന്നു. ക്ലാസ് മുറിയില്‍ പ്രതികള്‍ മോശമായി പെരുമാറിയിരുന്നെന്നും വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടതായി പ്രൊഫസര്‍ ത്രേസ്യാമ്മ കൂട്ടിച്ചേര്‍ത്തു. മൊഴിമാറ്റാന്‍ പലഘട്ടത്തിലും പ്രതികളുടെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദമുണ്ടായെന്നും അവര്‍ വ്യക്തമാക്കി.

ബി സി എം കോളേജിലെ അധ്യാപകരായിരുന്നു ഫാ. തോമസ് എം കോട്ടൂരും ഫാ.ജോസ് പൂതൃക്കയിലും.  സിസ്റ്റര്‍ അഭയയുടെ മൃതദേഹം കാണാന്‍ ചെന്നപ്പോള്‍ മൃതദേഹം കാണിച്ചുതന്നത് ഫാദര്‍ ജോസ് പുതൃക്കയില്‍ ആയിരുന്നെന്നും ത്രേസ്യാമ്മ പറഞ്ഞു. വിചാരണ പുരോഗമിക്കുന്ന കേസില്‍ ഇതിനോടകം ആറു സാക്ഷികള്‍ കൂറുമാറിയിട്ടുണ്ട്.  

content highlights: witness thresiamma on sister abhaya case