തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിശദാശംങ്ങള്‍ വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും ശനിയാഴ്ച ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കിക്കഴിഞ്ഞതായും അത് മുഖ്യമന്ത്രിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ഇന്ന് മുഖ്യമന്ത്രി അത് പുറത്തിറക്കും. സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നയം. അതിനായി എല്ലാ സ്‌കൂളുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഉണ്ടാക്കും. അതത് സ്‌കൂളുകളിലെ പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരിക്കും ഉച്ചഭക്ഷണ വിതരണം നടപ്പാക്കുക. 

ശനിയാഴ്ച അടക്കമുള്ള ദിവസങ്ങള്‍ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസമായിരിക്കും. ഉച്ചവരെയാണ് ക്ലാസ് ഉണ്ടായിരിക്കുക. എല്‍പി സ്‌കൂളില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ എന്ന തോതിലായിരിക്കും വിദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കുക. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡെസ്‌കുകള്‍ തുറക്കും. സ്‌കൂളുകള്‍ തുറക്കാതെ കിടക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സ്‌കൂളുകളിലെ ക്ലാസുകള്‍ തൊട്ടടുത്തുള്ള മറ്റൊരു സ്‌കൂളില്‍ നടത്താനും ആലോചനയുണ്ട്. 

സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് പിടിഎയുടെയും നാട്ടുകാരുടെയും സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി നിരക്കിളവ് നല്‍കാന്‍ തയ്യാറായിട്ടുണ്ട്. സ്വകാര്യ ബസുകളുമായി ചര്‍ച്ചയ്ക്ക് ശേഷം അക്കാര്യത്തിലും രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: will provide lunch to students, Classes on Saturday- Minister