പ്രതീകാത്മകചിത്രം| Photo: PTI
കൊച്ചി: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്(ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള). കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന്റെതാണ് തീരുമാനം. ഫിയോക്കിന്റെ സമ്പൂര്‍ണ യോഗമാണ് ഇന്ന് നടന്നത്.
നേരത്തെ ഒരു വിഭാഗം അംഗങ്ങള്‍ നഷ്ടം സഹിച്ചു തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതേച്ചൊല്ലി വലിയ ചര്‍ച്ചകളും നടന്നു. ഇന്നു രാവിലെ ആരംഭിച്ച യോഗം വൈകുന്നേരമാണ് അവസാനിച്ചത്.
തിയേറ്ററുകള്‍ തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് അവസാനം യോഗം എത്തിച്ചേരുകയായിരുന്നു. തമിഴ് സിനിമയായ 'മാസ്റ്റര്‍' ആണ് ഇനിയുള്ള ഒരു വലിയ റിലീസ്. ഈ ചിത്രത്തിനു ശേഷം മലയാള സിനിമകള്‍ തിയേറ്ററുകള്‍ക്ക് കിട്ടുമോ എന്ന കാര്യത്തില്‍ ഇപ്പോളും ധാരണയായിട്ടില്ല. വിതരണക്കാരും നിര്‍മാതാക്കളും ഈ വിഷയത്തില്‍ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.
ഈ സാഹചര്യത്തില്‍ ഒരു തമിഴ് സിനിമയ്ക്കു വേണ്ടി മാത്രം തിയേറ്റര്‍ തുറക്കുന്നത് വലിയ നഷ്ടത്തിന് വഴിവെക്കുമെന്ന പൊതുവികാരം അംഗങ്ങള്‍ക്കിടയിലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് തല്ക്കാലം തിയേറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഫിയോക് എത്തിച്ചേര്‍ന്നത്.
content highlights: will not open theatres says feuok
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..