pazhayidom
കോട്ടയം: കൗമാരക്കാരുടെ ഭക്ഷണത്തില്‍പ്പോലും ജാതിയുടെയും വര്‍ഗീയതയുടെയും വിഷവിത്തുകള്‍ വാരിയെറിയുന്ന കാലം വല്ലാതെ അസ്വസ്ഥമാക്കുന്നതിനാല്‍ സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളില്‍ പാചകത്തിന് ഇനി എത്തില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി.
ബ്രാഹ്മണനായതിനാലാണ് പഴയിടം മോഹനന് നമ്പൂതിരി കലോത്സവത്തില്‍ മാംസാഹാരം ഒരുക്കാത്തത് എന്ന വിധത്തില്‍ ഉയര്‍ന്ന പരാമര്‍ശങ്ങളാണ് സ്കൂള്‍ കലോത്സവ പാചകപ്പുരയില്‍നിന്ന് വിടവാങ്ങാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. വിവാദം കാര്യമാക്കുന്നില്ലെന്നും മെനു തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നുമാണ് വിവാദങ്ങളോട് പഴയിടം ആദ്യം പ്രതികരിച്ചത്. എന്നാല്‍, കലോത്സവം അവസാനിച്ചശേഷം ഞായറാഴ്ച കലോത്സവ അടുക്കളയില്‍നിന്ന് താന്‍ എന്നേക്കുമായി പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ഇങ്ങനെ ഒരു പ്രതികരണത്തിന് കാരണം?
എന്നെ മോശമാക്കുന്ന രീതിയില്‍ അനാവശ്യമായ വിവാദങ്ങള്‍ വന്നു. ഭക്ഷണത്തിന്റെപേരില്‍ ഉയര്‍ന്ന പുതിയ വിവാദങ്ങള്‍ക്കുശേഷം കലോത്സവ അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം വന്നു. അടുക്കള നിയന്ത്രിക്കുന്ന കാര്യത്തില്‍ ഭയമുണ്ടായാല്‍ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണ്. ഇനിമുതല്‍ കലോത്സവങ്ങളില്‍ ടെന്‍ഡര്‍ നല്‍കില്ലെന്നു തീരുമാനിച്ചു. തൃശ്ശൂരില്‍ ഈ മാസം ഒടുവില്‍ നടക്കാനിരിക്കുന്ന ദക്ഷിണേന്ത്യന്‍ സ്കൂള്‍ ശാസ്ത്രമേളയില്‍ പാചകം ഏറ്റിരുന്നു. എന്നാല്‍, അതിനില്ലെന്ന് സംഘാടകരെ അറിയിച്ചുകഴിഞ്ഞു.
അത്രമാത്രം ഭയക്കുന്നോ?
വര്‍ഗീയത ഭക്ഷണത്തിലേക്ക് കൊണ്ടുവരുകയും പാചകം ചെയ്യുന്നവരുടെ ജാതിവരെ ചര്‍ച്ചചെയ്യുകയും ചെയ്തിരിക്കുന്നു. വിവാദങ്ങള്‍ക്കുപിന്നില്‍ ചില അജന്‍ഡകളുണ്ട്. അതൊക്കെ വിശാലമായി ചര്‍ച്ചചെയ്യേണ്ട വിഷയങ്ങളാണ്. കലോത്സവം ആരംഭിച്ച് രണ്ടാംദിനംമുതല്‍ അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം തോന്നിയിരുന്നു. അതോടെ രാത്രിയില്‍ അടുക്കളയ്ക്ക് കാവലിരിക്കേണ്ടിവന്നു.
സര്‍ക്കാര്‍ കൂടെനിന്നില്ല എന്ന തോന്നലുണ്ടോ?
ഒരിക്കലുമില്ല. എന്നും സര്‍ക്കാര്‍ എനിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ആരോടും വിരോധമില്ല. സര്‍ക്കാര്‍ സസ്യേതര ഭക്ഷണം കൊടുക്കുന്നതില്‍ എതിര്‍പ്പുമില്ല.
ഈ പ്രശ്നത്തെ എങ്ങനെ കാണുന്നു?
കുട്ടികളുടെ മനസ്സില്‍പ്പോലും ഇത്തരം ജാതീയചിന്തകള്‍ ചര്‍ച്ചചെയ്യുന്ന സാഹചര്യമുണ്ടാക്കുന്നത് ഗുണകരമല്ല. രോഗകാരണം കണ്ടെത്താതെയുള്ള മരുന്നു നല്‍കലാണിപ്പോഴെന്ന് തോന്നിപ്പോകും. കേരളത്തിന്റെ പോക്ക് എങ്ങോട്ടെന്നതില്‍ ഭീതി തോന്നുന്നു. എന്നെക്കുറിച്ച് ചിന്തിക്കേണ്ട, ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണത്തെപ്പറ്റി ജനങ്ങളും മാധ്യമങ്ങളും ചിന്തിച്ചാല്‍മതി.
സസ്യേതരഭക്ഷണം കലോത്സവ വേദികളില്‍ ഉള്‍പ്പെടുത്തില്ലെന്നു വന്നാല്‍ മടങ്ങിയെത്തുമോ?
ഒരുപക്ഷേ, ഉണ്ടായേക്കാം. വെജ് ഭക്ഷണം തയ്യാറാക്കുന്നതില്‍ ഞാനൊരു യൂണിവേഴ്സല്‍ ബ്രാന്‍ഡാണെന്ന വിശ്വാസത്തില്‍ രണ്ടാമതൊന്ന് ആലോചിച്ചുമാത്രം തീരുമാനമെടുക്കും.
Content Highlights: will no longer be available for Kalotsava cooking says pazhayidam mohanan namboothiri
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..