തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പൂര്‍ണ ഹരിത പദ്ധതിയായ സില്‍വര്‍ ലൈനിന് എതിരായ പ്രചരണങ്ങള്‍ മനഃപൂര്‍വമാണ്. വികസന പദ്ധതികള്‍ക്കെതിരായ അവിശുദ്ധ കൂട്ടുകെട്ടില്‍ ബി.ജെ.പിയും ഭാഗമായതുകൊണ്ട് കേന്ദ്രത്തെ കൊണ്ട് തലയിടീക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവനു മുന്നില്‍ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാട്ടില്‍നിന്ന്, ഈ നാടിന്റെ വികസനം സാധാരണഗതിയില്‍ ആഗ്രഹിക്കേണ്ടവരെല്ലാം ഇതിനെതിരെ ശക്തമായി രംഗത്തുവരികയാണ്. എന്താണ് അതിന്റെ ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതി നടന്നുകൂടാ, ഇപ്പോള്‍ നടക്കാന്‍ പാടില്ല എന്നതാണ്. ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോള്‍ എന്ന ചോദ്യത്തിന് ഉത്തരമില്ല. അതിന് ഉത്തരം പറയാന്‍ കുറച്ചു പ്രയാസമുണ്ട്. അതുകൊണ്ട് അതിന് അവര്‍ ഉത്തരം പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാം ശ്രദ്ധിക്കേണ്ട കാര്യം, ഈ ശക്തികള്‍ ഏതെല്ലാം തലങ്ങളില്‍ തുരങ്കം വെക്കാനാകുമോ അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്നതാണ്. അതിന്റെ ചില പ്രതിഫലനങ്ങള്‍ കേന്ദ്രത്തിലും കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ ബി.ജെ.പി. സ്വീകരിക്കുന്ന നിലപാട് അതിനൊരു ഘടകമാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനോടൊപ്പം വലിയതോതില്‍ സഹകരിച്ചു നിന്നവര്‍ ചില മുടക്കുന്യായങ്ങള്‍ ഇപ്പോള്‍ പറയുന്നതായി കാണുന്നതായും അദ്ദേഹം പറഞ്ഞു. 

കേരളത്തിന്റെ വികസനം ഒരിഞ്ചു മുന്നോട്ടു പോകാതിരിക്കാന്‍ അവിശുദ്ധ കൂട്ടുകെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന പദ്ധതികള്‍ക്കെതിരായ അവിശുദ്ധ കൂട്ടുകെട്ടില്‍ ബി.ജെ.പിയും ഭാഗമായതു കൊണ്ടാണ് കേന്ദ്രത്തെ തലയിടീക്കാനുള്ള ശ്രമം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

content highlights:will meet narendra modi on silver line matter- chief minister pinarayi vijayan