തിരുവനന്തപുരം: അനധികൃത ദത്തുകേസില്‍ അന്വേഷണം നീതിയുക്തമല്ലെങ്കില്‍ പ്രത്യക്ഷസമരത്തിനിറങ്ങുമെന്ന് അനുപമ. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല, ആരോപണവിധേയരായിട്ടുള്ളവരെ മാറ്റിനിര്‍ത്തി അന്വേഷിക്കണം. സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരേയും നടപടി എടുത്തിട്ടില്ലെന്നും അനുപമ പറഞ്ഞു. 

സി.ഡബ്ല്യു.സി, ശിശുക്ഷേമ സമിതി എന്നിവിടങ്ങളിലുളള ആരോപണവിധേയര്‍ ഇപ്പോഴും ആ സ്ഥാനങ്ങളില്‍ തുടരുകയാണ്. തെളിവ് നശിപ്പിക്കാനോ, സഹപ്രവര്‍ത്തകരെ സ്വാധീനിക്കാനോ ഉള്ള സാവകാശം കൂടിയാണ് ഇവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. അതില്‍ അസംതൃപ്തിയുണ്ട്. ശരിയായ അന്വേഷണം ആയിരിക്കില്ല ഇപ്പോള്‍ നടക്കുന്നത്. ആരോപണവിധേയരെ  മാറ്റിനിര്‍ത്തണം. 

സൈബര്‍ ആക്രമണം നടന്നിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോള്‍ സര്‍ക്കാരിനുള്ളത്. ശരിയായ അന്വേഷണം നടക്കുന്നില്ലെങ്കില്‍ വീണ്ടും പ്രത്യക്ഷസമരത്തിലേക്ക് പോകുമെന്നും അനുപമ പറഞ്ഞു. പ്രസവിച്ച കുഞ്ഞിനെ തന്റെ സമ്മതമില്ലാതെ ദത്ത് നല്‍കാന്‍ ഏല്‍പ്പിച്ചുവെന്നാണ് അനുപമയുടെ പരാതി. കേസില്‍ വകുപ്പുതല അന്വേഷണം പുരോഗമിക്കവെയാണ് അനുമപയുടെ പ്രതികരണം.