കല്ല്യോട്ട് (കാസര്‍കോട്): കൃപേഷ്-ശരത് ലാല്‍ വധക്കേസില്‍ പത്ത് പ്രതികളെ വെറുതേ വിട്ടതില്‍ ആശങ്കയുണ്ടെന്ന് ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍. ചെയ്ത കുറ്റത്തിന്റെ കാഠിന്യം നോക്കിയാല്‍ പരമാവധി തൂക്കുകയര്‍ വരെ പോകേണ്ട കേസാണിതെങ്കിലും ഒരുപരിധി വരെ വിധിയില്‍ തൃപ്തിയുണ്ട്. പത്ത് പേരെ വെറുതേവിട്ടതിലാണ് ആശങ്ക. അവര്‍ രക്ഷപ്പെട്ടു, അവര്‍ക്കിനി എന്തും ചെയ്യാം എന്ന സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു. 

To advertise here,

എത്ര ത്യാഗം സഹിച്ചാലും എത്ര കഷ്ടപ്പെട്ടാലും എത്ര പണമിറക്കേണ്ടി വന്നാലും വെറുതേവിട്ട ഈ പ്രതികളെ തടവിലാക്കുന്നതുവരെ ഞങ്ങള്‍ പൊരുതും. പാര്‍ട്ടിയുടേയും ജനങ്ങളുടേയും പിന്തുണ ഞങ്ങള്‍ക്കുണ്ട്. തുടരന്വേഷണത്തിന് ആവശ്യപ്പെടും, നിയമപരമായ വഴിയില്‍ തന്നെ ഇതെല്ലാം ചെയ്യും. മക്കളെ നഷ്ടപ്പെട്ടവരാണ് ഞങ്ങള്‍, ഇനി ഒന്നുമില്ല, ആസ്വദിക്കാനോ സന്തോഷിക്കാനോ ഒന്നുമില്ല. ഒരു മരപ്പാവ പോലെ ഇങ്ങനെ കഴിയാം എന്നേയുള്ളൂ. അതുകൊണ്ട് ഏതറ്റം വരേയും ഞങ്ങള്‍ പോകും. കൊലയാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കും. അത് കേരളത്തോട് ചെയ്യുന്ന നീതി കൂടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ  വിധിച്ച് കോടതി. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്. ഇതു കൂടാതെ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.