വീണാ ജോർജ്, രക്ഷാപ്രവർത്തനത്തിൽനിന്നുള്ള ദൃശ്യം | Photo: Mathrubhumi
മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കും തീവ്ര മാനസികാഘാതത്തില്‍ നിന്നും മുക്തിയേകാൻ മാനസിക പിന്തുണ കൂടി ആരോഗ്യവകുപ്പ് ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യകേന്ദ്രങ്ങള്‍ വഴി മാനസിക പിന്തുണ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. താനൂരില്‍ ബോട്ടപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളെ അപകടത്തിന്റെ നടുക്കത്തില്‍ നിന്നും ഭയത്തില്‍ നിന്നും മോചിപ്പിക്കുന്നതിന് ചൈല്‍ഡ് കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കും. കൗണ്‍സിലിങ്ങിനും മാനസിക പിന്തുണയ്ക്കുമായി ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ നേതൃത്വത്തില്‍ താനൂരില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക യോഗം ചേര്‍ന്നു. ചികിത്സയിലുള്ളവര്‍ അപകടനില തരണം ചെയ്തുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ചെളിയുള്ള പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി.
ഞായറാഴ്ച രാത്രി മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏകോപനത്തിനായി ആരോഗ്യ വകുപ്പ് അഡിഷണല്‍ ഡയറക്ടറെ ഞായറാഴ്ച തന്നെ നിയോഗിച്ചിരുന്നു. തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിരുന്നു.
തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മലപ്പുറം ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലുമായാണ് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം പൂർത്തിയാക്കിയത്. അതിരാവിലെ പോസ്റ്റുമോര്‍ട്ടം ആരംഭിച്ച് രാവിലെ 9 മണിക്ക് മുമ്പായി പോസ്റ്റുമോര്‍ട്ടം നടത്താനായി. ആരോഗ്യ വകുപ്പിന്റെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന് സഹായകരമായെന്നും മന്ത്രി പറഞ്ഞു.
Content Highlights: Will also ensure psychological support for those affected by the boat accident- Veena George
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..