മയക്കുവെടിയേറ്റ 'പി.ടി 7'. കുങ്കിയാന സമീപം | Photo - Special arrangement
പാലക്കാട്: ധോണിയെ വിറപ്പിച്ച പി.ടി. സെവനെ ദൗത്യസംഘം മയക്കുവെടിവെച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്.
ഞായറാഴ്ച രാവിലെ പി.ടി. സെവനെ പിന്തുടരാന് ഒരു സംഘം കാട്ടിലേക്കു കയറിയിരുന്നു. ഇന്നലെ പി.ടി. സെവനെ മയക്കുവെടി വയ്ക്കാനുളള ശ്രമം നടന്നെങ്കിലും ദൗത്യം വിജയകരമായിരുന്നില്ല
ശനിയാഴ്ച പുലര്‍ച്ചെ ധോണി വനമേഖലയിലെ അരിമണിഭാഗത്ത് ആനയെ കണ്ടെത്താന്‍ ട്രാക്കര്‍മാര്‍ക്ക് കഴിഞ്ഞു. സാധാരണ ഉള്‍ക്കാട്ടിലേക്ക് അധികം പോകാത്ത ആനയാണെങ്കിലും, മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞ 'പി.ടി. 7' ചെങ്കുത്തായ മലയോരത്തെ ഇടതൂര്‍ന്ന കാട്ടിലേക്ക് മാറി നിലയുറപ്പിച്ചു
കൃഷിയിടത്തിലിറങ്ങിയെന്ന് നാട്ടുകാര്‍
ശനിയാഴ്ച പുലര്‍ച്ചെ ധോണിക്ക് സമീപം മൂന്നിടങ്ങളില്‍ 'പി.ടി. 7' കൃഷിയിടത്തിലിറങ്ങിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. അരിമണിക്കാട്, ചേറ്റുവണ്ടി, പുളിയംപുള്ളി, കുപ്പാടം എന്നീ മേഖലകളിലെ കൃഷിയിടത്തിലാണ് പുലര്‍ച്ചെ ആനയെ കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പലയിടത്തും കൃഷി നശിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച ആനയെ പിടികൂടാത്തതിനെത്തുടര്‍ന്ന് ഒരു വിഭാഗം നാട്ടുകാര്‍ ധോണിയിലെ വനംവകുപ്പ് ഓഫീസിന് മുന്നിലെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ദൗത്യം ഇന്നലെ
പുലര്‍ച്ചെ നാലുമണിയോടെ സര്‍വസന്നാഹങ്ങളുമൊരുക്കി. അഞ്ചുമണിക്കുമുമ്പുതന്നെ കാടുകയറിയത് എട്ടുപേരടങ്ങുന്ന ട്രാക്കര്‍മാരുടെ സംഘം. അധികം വൈകാതെ തന്നെ ധോണി അരിമണിക്കാട്ടിലെ ചപ്പാത്തിന് സമീപം കാല്‍പ്പാട് പിന്തുടര്ന്ന് ആനയെ ട്രാക്കര്‍മാര്‍ കണ്ടെത്തി.
വിവരമറിഞ്ഞ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ എത്തിയ ദൗത്യസംഘം തോക്കും മയക്കുമരുന്നുമടക്കമുള്ള സന്നാഹങ്ങളുമായി പിന്നാലെ സ്ഥലത്തെത്തി. ആന കുന്നിന്‍ചെരുവിലേക്ക് വളരെ വേഗം നീങ്ങി. രണ്ടുവട്ടം മയക്കുവെടി വെയ്ക്കാവുന്ന അകലത്തില്‍ (40-50 മീറ്റര്‍ ദൂരം) ആനയെത്തിയെങ്കിലും പ്രദേശം വനനിബിഡമായിരുന്നു. അപകടസാധ്യത കുറഞ്ഞ സ്ഥലത്തേക്ക് ആനയെത്തുമെന്ന പ്രതീക്ഷയില്‍ സംഘം കാത്തിരുന്നു. പ്രതീക്ഷ തകിടം മറിച്ച് നിബിഢവനവും കടന്ന് 'പി.ടി. 7' കൂടുതല്‍ കുന്നിന്‍ചെരുവിലേക്ക് നീങ്ങി. ഇതോടെ സംഘം ഇന്നലെ മടങ്ങി
Content Highlights: wild tusker pt 7 captured
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..