കരയാനല്ലാതെ... ധോണി പഴമ്പുള്ളിയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ചത്ത പശുവിനെ സംസ്‌കരിക്കാൻ കൊണ്ടുപോകുമ്പോൾ വിങ്ങിപ്പൊട്ടുന്ന ഉടമ കുഞ്ഞമ്മ തോമസ്
പാലക്കാട്: നാടിനെ വിറപ്പിച്ച 'ധോണി'യെന്ന (പി.ടി-7) കൊമ്പനെ പിടികൂടിയിട്ടും അകത്തേത്തറ ധോണി നിവാസികളുടെ ആനപ്പേടി തീരുന്നില്ല. ശനിയാഴ്ച പുലര്‍ച്ചെ ധോണിയിലിറങ്ങിയ കാട്ടാനക്കൂട്ടം വീടിനോടുചേര്‍ന്നുള്ള പറമ്പില്‍ കെട്ടിയിട്ടിരുന്ന കറവപ്പശുവിനെ കുത്തിക്കൊന്നു. കരുമെത്താന്‍പൊറ്റ കുറ്റിയില്‍ വീട്ടില്‍ കുഞ്ഞമ്മ തോമസിന്റെ (70) വീട്ടിലെ പശുവിനെയാണ് മൂന്ന് കാട്ടാനകള്‍ കുത്തിക്കൊന്നത്.
പശുവിന്റെ ജഡവുമായി പാലക്കാട്-ധോണി റോഡ് ഉപരോധിക്കാന്‍ ഒരുങ്ങി. എന്നാല്‍, മതിയായ നഷ്ടപരിഹാരം നല്‍കാമെന്നറിയിച്ചതോടെ നാട്ടുകാര്‍ പിന്മാറി. പശുവിന്റെ വിലയായി മൃഗസംരക്ഷണവകുപ്പ് കണക്കാക്കിയ 65,000 രൂപയില്‍ 60,000 രൂപ ശനിയാഴ്ച അധികൃതര്‍ കൈമാറി. ബാക്കിയുള്ള തുക ഉടന്‍ കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
രോഷത്തോടെ നാട്ടുകാര്‍: ധോണിയിലെ കര്‍ഷകസംഘം, സി.പി.എം. പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് രാവിലെ ഒമ്പതുമണിയോടെ പശുവിന്റെ ജഡവുമായി പാലക്കാട്-ധോണി റോഡ് ഉപരോധിക്കാന്‍ ഒരുങ്ങി. കാട്ടാന പ്രദേശത്തുണ്ടെന്നറിഞ്ഞിട്ടും വനംവകുപ്പിന്റെ ആര്‍.ആര്‍.ടി. സംഘം വേഗത്തില്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു സമരത്തിനൊരുങ്ങിയത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ സെയ്ന്റ് തോമസ് നഗര്‍ പരിസരത്ത് ആനയിറങ്ങിയിരുന്നുവെന്നും ഇത് അറിയിച്ചിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി. മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന നിരന്തര ആവശ്യത്തെത്തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടെ, പശുവിന്റെ ഉടമയായ കുഞ്ഞമ്മ തോമസിന് നഷ്ടപരിഹാരം ലഭ്യമാക്കുകയായിരുന്നു.

ടോര്‍ച്ച് വെളിച്ചത്തില്‍ കണ്ടത് മൂന്ന് കാട്ടാനകളെ
''ഞാനും അമ്മയും അനിയനുമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഉറങ്ങാന്‍ കിടന്നപ്പോഴായിരുന്നു പടക്കം പൊട്ടുന്ന ശബ്ദം കേട്ടത്. പിന്നാലെ ആനയുടെ ചിന്നംവിളിയും കേട്ടു. പുറത്തേക്കിറങ്ങി നോക്കിയപ്പോള്‍ മൂന്ന് കാട്ടാനകള്‍. വാഴകള്‍ നശിപ്പിച്ച കാട്ടാനകളെ അടുത്ത തോട്ടത്തിലുള്ളവര്‍ പടക്കം പൊട്ടിച്ച് തുരത്തിയപ്പോഴാണ് ഞങ്ങളുടെ പറമ്പിലെത്തിയത്. ടോര്‍ച്ചടിച്ച് ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ കാട്ടാന നേരെ വന്നു. ഞാന്‍ പിന്മാറി ഓടിയതോടെ, വീടിന് സമീപത്തുകൂടെ നടന്ന കാട്ടാനകള്‍ അടുത്തുള്ള തോട്ടത്തിലേക്ക് പോയി വാഴകള്‍ നശിപ്പിച്ചു. തിരിച്ചുവരുന്നതിനിടെയാണ് പറമ്പില്‍ കെട്ടിയിട്ട 13 പശുക്കളില്‍ നാലുവയസ്സുള്ള പശുവിനെ കുത്തിക്കൊന്നത്. വീട്ടില്‍ തൊഴുത്തുണ്ടെങ്കിലും വേനല്‍ക്കാലമായമാല്‍ പശുക്കളെ പറമ്പിലാണ് കെട്ടിയിടാറുള്ളത്'' -കുഞ്ഞമ്മ തോമസിന്റെ മകന്‍ ജിജോ തോമസ് നടുക്കത്തോടെ പറഞ്ഞു.
Content Highlights: wild elephants kills cow at palakkad dhoni
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..