പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
അടിമാലി: ആ ചോരക്കുഞ്ഞ് പനിബാധിച്ച് അവശനായിരുന്നു. തന്റെ കുഞ്ഞോമനയെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ അച്ഛന് അവനെയും വാരിയെടുത്ത് കാട്ടിലെ മണ്‍പാതയിലൂടെ രാത്രിയില്‍ ഓടി. എന്നാല്‍, നടുവഴിയില്നിന്ന കാട്ടാനക്കൂട്ടം പ്രതീക്ഷ തകര്‍ത്തു. ഒരുരാത്രി മുഴുവന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ പറ്റിയില്ല. പിറ്റേ ദിവസം ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരണത്തിന് കീഴടങ്ങി.
അടിമാലി പഞ്ചായത്തിലെ പാട്ടയിടമ്പുകുടി ആദിവാസി കോളനിയിലെ രവി-വിമല ദമ്പതിമാരുടെ 22 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞാണ് ന്യൂമോണിയ ബാധിച്ചുമരിച്ചത്. കാട്ടനക്കൂട്ടം വഴിതടഞ്ഞതിനാല്‍ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.
കുഞ്ഞിന് മൂന്നുദിവസമായി പനിയുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ പനി കൂടി. പാട്ടയിടമ്പുകുടി വനത്തിനുള്ളിലാണ് ഇവരുടെ താമസം. വനത്തിനുള്ളിലെ മണ്‍പാതയിലൂടെ വേണം കുടിയിലെത്താന്‍.
കുട്ടിക്ക് പനികൂടിയപ്പോള്‍ അച്ഛന് രവി കുട്ടിയെയും എടുത്തോടി. കൊച്ചി-മധുര ദേശീയപാതയുടെ ഭാഗമായ വാളറയിലെത്തുമ്പോള് വാഹനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. കുളമാങ്കുഴി ആദിവാസി കോളനിക്ക് സമീപമെത്തിയപ്പോള്‍ കാട്ടാനക്കൂട്ടം വഴിതടഞ്ഞ് നില്ക്കുന്നതുകണ്ടു. രണ്ടുവശവും കൊടുംവനമായതിനാല്‍ മറ്റൊരുവഴിയിലൂടെയും ദേശീയ പാതയിലെത്താന്‍ കഴിയില്ലായിരുന്നു. കുഞ്ഞുമായി കാട്ടാനയെ കടന്ന് പോകാനും കഴിയില്ല.
കാട്ടാനക്കൂട്ടം മാറുന്നതും കാത്ത് ഏറെനേരം രവി കാത്തുനിന്നു. മഞ്ഞേറിയപ്പോള് കുഞ്ഞിന് അസുഖംകൂടി. അതോടെ, വീട്ടിലേക്ക് തിരിച്ചുപോകേണ്ടിവന്നു. ആനക്കൂട്ടം പോയി, ശനിയാഴ്ച രാവിലെയാണ് അടിമാലി താലൂക്കാശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. അപ്പോഴേക്കും കുട്ടി മരിച്ചു. മൃതദേഹ പരിശോധനയ്ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Content Highlights: wild elephant adimali child
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..