ബത്തേരിയിലിറങ്ങിയ ആന
കല്പറ്റ: സുല്‍ത്താന്‍ ബത്തേരി നഗരത്തിലിറങ്ങിയ അപകടകാരിയായ കാട്ടാനയെ മയക്കുവെടി വെയ്ക്കാന്‍ ഉത്തരവിട്ടു. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഗംഗാ സിങിന്റേതാണ് ഉത്തരവ്. ബത്തേരിക്കടത്തുള്ള വനമേഖലയിലാണ് നിലവില്‍ കാട്ടാനായുള്ളത്. ആര്‍ആര്‍ടി സംഘം ആനയെ മയക്കുവെടി വെയ്ക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇന്ന് ആനയെ ലൊക്കേറ്റ് ചെയ്ത ശേഷം നാളെ പുലര്‍ച്ചയോടെ ആനയെ തളയ്ക്കാനാകുമെന്നാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടില്‍ ഏറെ അപകടം വിതച്ചിട്ടുള്ള കൊലയാളി കാട്ടാനയെന്ന് കുപ്രസിദ്ധി നേടിയിട്ടുള്ള ആനയാണിത്.
കഴിഞ്ഞ ദിവസമാണ് ബത്തേരി ടൗണിലും ജനവാസകേന്ദ്രങ്ങളിലുമെത്തിയത്. ജനവാസമേഖലയിലിറങ്ങിയ കാട്ടാന നാടിനെയും നാട്ടുകാരെയും മണിക്കൂറുകളോളം ഭീതിയുടെ മുള്മുനയിലാക്കിരിക്കുകയാണ്. മയക്കുവെടിവെയ്ക്കാന്‍ അധികൃതര്‍ ഉത്തരവിടാന്‍ വൈകുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ സ്വകാര്യബസിനുനേരെ ചീറിയടുത്ത കാട്ടാന കാല്‍നടയാത്രക്കാരനെ തട്ടിയെറിഞ്ഞ് പരിക്കേല്‍പ്പിച്ചിരുന്നു. പള്ളിക്കണ്ടി സ്വദേശി സുബൈര്‍കുട്ടിക്കാണ് (തമ്പി-57) പരിക്കേറ്റത്. ഇയാള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. റോഡും നടപ്പാതയും തമ്മില്‍ വേര്‍തിരിക്കുന്ന ഹാന്‍ഡ് റെയില്‍ ഉള്ളതുകൊണ്ട് ഭാഗ്യത്തിലാണ് സുബൈര്‍കുട്ടി രക്ഷപ്പെട്ടത്.
ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാന വീടിനുനേരെയും ചീറിയടുത്തു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ നാടിറങ്ങിയ കാട്ടാനയെ മണിക്കൂറുകള്‍നീണ്ട പരിശ്രമത്തിനൊടുവില്‍ വെള്ളിയാഴ്ച രാവിലെയാണ് വനത്തിലേക്ക് തുരത്തിയോടിച്ചത്. അപകടകാരിയായ ആനയാണിതെന്നാണ് വനംവകുപ്പ് പറയുന്നത്. പന്തല്ലൂരില്‍ രണ്ടുപേരെ കൊല്ലുകയും നൂറോളം വീടുകള്‍ ആക്രമിച്ചുതകര്‍ക്കുകയും ചെയ്ത പി.എം.ടു. എന്ന മോഴയാനയാണ് ബത്തേരിയിലിറങ്ങിയത്.
സ്ഥിരംശല്യക്കാരനായ കാട്ടാനയെ പിടികൂടി റേഡിയോകോളര്‍ ഘടിപ്പിച്ച് ഉള്‍വനത്തില്‍ തുറന്നുവിട്ടിരുന്നതാണ്. രണ്ടാഴ്ചമുമ്പ് ഈ മോഴയാനയെ മുത്തങ്ങയില്‍ കണ്ടിരുന്നു. പിന്നീട് തിരികെപ്പോയി മൂന്നുദിവസങ്ങള്‍ക്കുമുമ്പ് കട്ടയാട്ട് പ്രത്യക്ഷപ്പെട്ടു. ഈസമയം പ്രദേശവാസികള്‍ ബഹളംവെച്ചും പടക്കംപൊട്ടിച്ചുമാണ് തിരികെക്കയറ്റിയത്. പിന്നീട് വ്യാഴാഴ്ചയാണ് ആന കേരളത്തിലേക്ക് കടന്നതായി തമിഴ്നാട് വനംവകുപ്പില്‍നിന്ന് സന്ദേശം ലഭിച്ചത്.
ഗൂഡല്ലൂരില്നിന്നുള്ള സംഘവും ആനയെ പിടികൂടാനായി സുല്‍ത്താന്‍ബത്തേരിയില്‍ എത്തിയിട്ടുണ്ട്. കാട്ടാനയിറങ്ങിയതോടെ ബത്തേരി നഗരസഭയിലെ ടൗണ്‍ ഉള്‍പ്പെടെയുള്ള പത്ത് ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
അരി പ്രധാന വീക്ക്നെസ്, പേര് അരസിരാജ
അരിയാണ് സുല്‍ത്താന്‍ബത്തേരിയെ വിറപ്പിച്ച അരസിരാജയെന്ന കാട്ടാനയുടെ പ്രധാന 'വീക്ക്നെസ്'. പേരുവീണതും ഈ അരിഭ്രാന്തുകൊണ്ടുതന്നെ. അരിതിന്നാനായി പത്തുവയസ്സിനിടെ 'അരസിരാജ' ഗൂഡല്ലൂര്‍ മേഖലയില്‍ നൂറോളം വീടുകള്‍ അക്രമിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. കഴിഞ്ഞമാസം അക്രമണത്തിനിടെയാണ് ഒരു സ്ത്രീ വീട് തകര്‍ന്നുവീണ് മരിച്ചത്.
മറ്റൊരു സ്ത്രീ ചവിട്ടേറ്റും മരിച്ചു. പന്തല്ലൂര്‍ മേഖലയില്‍ സ്ഥിരംഭീഷണിയായി തീര്‍ന്നതോടെ തമിഴ്നാട്ടിലെ വനംവകുപ്പ് പിടികൂടിയശേഷം റേഡിയോകോളര്‍ ഘടിപ്പിച്ച് മുതുമല ഫോറസ്റ്റില്‍തന്നെ തുറന്നുവിടുകയായിരുന്നു. ഒരുമാസം മുന്‍പ് യാത്രതുടങ്ങിയ ആന 170 കിലോമീറ്റര്‍ താണ്ടിയാണ് സുല്‍ത്താന്‍ബത്തേരിയിലെത്തിയത്. ഇതിനിടെ രണ്ടാഴ്ചമുന്പ് വനംവകുപ്പ് മുത്തങ്ങയില്‍നിന്ന് ഇതിനെ തിരികെ തുരത്തിയോടിക്കുകയും ചെയ്തിരുന്നു.
മുതുമല വന്യജീവിസങ്കേതത്തിലെ സത്യമംഗലം വനത്തില്‍നിന്ന് പുറപ്പെട്ട് ബന്ദിപ്പൂര്‍ ഫോറസ്റ്റിലൂടെ കേരള അതിര്‍ത്തി കടന്ന് ആദ്യം കുപ്പാടിയിലെത്തി. പിന്നീട് കുറിച്യാട് ഫോറസ്റ്റ് റേഞ്ചിലേക്ക് പ്രവേശിച്ചു. മൂന്നുദിവസം കുറിച്യാട് മേഖലയിലുണ്ടായിരുന്നു. കട്ടയാട്ടുനിന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ സുല്‍ത്താന്‍ബത്തേരി ടൗണിലേക്ക് കടന്നതും വഴിയാത്രക്കാരനെ അക്രമിക്കുന്നതും. രാത്രിയില്‍ ഒരു ജൂവലറിയുടെ മതിലും ആന തകര്‍ത്തിട്ടുണ്ട്. അക്രമത്തിനുശേഷം വീണ്ടും വനത്തിനുള്ളിലൂടെ താഴെകുപ്പാടിക്ക് സമീപത്തെത്തി. വൈകീട്ട് കട്ടയാട്ട് വനത്തിനോട് ചേര്‍ന്ന ഒരു റിസോര്‍ട്ടിന്റെ നാനൂറുമീറ്ററോളം അടുത്തെത്തി.
ചപ്പകൊല്ലിയിലും കട്ടയാട്ട് വനത്തിനുള്ളിലുമായി കറങ്ങിനടക്കുകയാണ്. ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റേഡിയോകോളര്‍ ഘടിപ്പിച്ചതുകൊണ്ട് മുഴുവന്‍സമയം നീരിക്ഷിക്കാന്‍ കഴിയും. മയക്കുവെടിവെച്ച് പിടികൂടുന്നതിന് പകരം കുങ്കിയാനകളെ ഉപയോഗിച്ച് കര്ണാടകവനത്തിനുള്ളിലേക്ക് തിരികെ തുരത്താനാണ് പദ്ധതി. സാധാരണ അതിര്‍ത്തികടന്നെത്തുന്ന ആനകള്‍ കുറിച്യാട് റേഞ്ചില്‍നിന്ന് തിരികെപ്പോവാറാണുള്ളതെങ്കിലും മറ്റ് ആനകള്‍ അക്രമിച്ചതുകൊണ്ടാവാം അവിടെനിന്ന് ജനവാസമേഖലയിലെത്തിയതെന്നാണ് കരുതുന്നതെന്ന് വനംവകുപ്പ് പറയുന്നു. സുല്‍ത്താന്‍ബത്തേരി കെ.എസ്.ആര്.ടി.സി. മുതല്‍ പൂതാടി മൂടക്കൊല്ലിവരെ റെയില്‍ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ട്. ഈ വേലി കടന്നുപോകുന്ന കട്ടയാട് ഭാഗത്താണ് കാട്ടാന ഇറങ്ങിയത്. കട്ടയാട് വനാതിര്‍ത്തിയില്‍ റെയില്‍ഫെന്‍സിങ് സ്ഥാപിച്ച ഭാഗത്ത് മഴവെള്ളപ്പാച്ചിലിലുണ്ടായ കിടങ്ങിലൂടെ ഊര്‍ന്നിറങ്ങിയാണ് കാട്ടാന ജനവാസകേന്ദ്രത്തിലും പിന്നീട് സുല്‍ത്താന്‍ബത്തേരി ടൗണിലും എത്തിയതെന്നാണ് പറയുന്നത്.
ബത്തേരിടൗണില് നടപ്പാതയും റോഡും വേര്‍തിരിക്കുന്ന ഹാന്‍ഡ് റെയിലാണ് തന്റെ ജീവന് രക്ഷിച്ചതെന്ന് പരിക്കേറ്റ സുബൈര്‍കുട്ടി പറയുന്നു. തുമ്പിക്കൈകൊണ്ട് തട്ടിയിടുകയായിരുന്നു. ഹാന്‍ഡ് റെയില്‍ ഉള്ളതുകൊണ്ടുമാത്രമാണ് ചവിട്ടേല്‍ക്കാതിരുന്നത്. നടന്നുപോവുന്നതിനിടെ എന്തോ ഒന്ന് പിറകില്‍നിന്ന് വരുന്നതായി തോന്നി. തിരിഞ്ഞുനോക്കുമ്പോഴേക്കും ആനയുടെ അടിവീണെന്ന് സുബൈര്‍കുട്ടി പറയുന്നു.
Content Highlights: wild elephant sulthan bathery-wild life warden-action
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..