ആനയെ തുരത്താൻ പടക്കമെറിയുന്നു, ധോണി ചേറ്റിൽവെട്ടിയ ഭഗവതിക്ഷേത്രത്തിന് സമീപം ‘പി.ടി.-7’ കാട്ടാനയ്ക്കായി തിരച്ചിൽ നടത്തുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ
പാലക്കാട്: ജനവാസകേന്ദ്രങ്ങളിൽ ഭീതിവിതച്ചും കൃഷിയിടങ്ങൾ ചവിട്ടിമെതിച്ചും പാലക്കാട് ധോണിമേഖലയിൽ വിലസുന്ന ‘പി.ടി.7’ (പാലക്കാട് ടസ്കർ ഏഴാമൻ) ആനയെപ്പേടിച്ച് കർഷകൻ മൂപ്പെത്തുംമുമ്പേ നെൽക്കൃഷി വിളവെടുത്തു. ധോണിയിലെ കർഷകനായ പി.ടി. മാത്യുവാണ് ചേലക്കാട് ഭാഗത്ത് പാട്ടത്തിനെടുത്ത് കൃഷിയറക്കിയിരുന്ന നെല്ല് ശനിയാഴ്ച കൊയ്തെടുത്തത്.
പി.ടി. മാത്യു കൃഷിയിറക്കിയ ഏഴേക്കർവയലിൽ കഴിഞ്ഞ ഡിസംബർ 20 മുതൽ നിരന്തരം ആനയെത്തി കൃഷിനശിപ്പിച്ചുവരികയാണ്. ഇതിനോടകം 50,000 രൂപയിലേറെ കൃഷിനാശമാണ് ആനയുണ്ടാക്കിയത്.
‘നെൽച്ചെടികളിൽ പാലുറച്ചുതുടങ്ങിയസമയം മുതൽ പി.ടി.-7 ആനയെത്തുന്നുണ്ട്. പത്തുദിവസം കൂടി മൂപ്പ് വേണ്ടിവരുമെങ്കിലും ഇനിയും കൃഷി വിളവെടുക്കാതിരുന്നാൽ നഷ്ടംകൂടുമെന്ന പേടിയാണ്’ -പി.ടി.മാത്യു പറയുന്നു. കമ്പിവേലി ചവിട്ടിമറിച്ചാണ് ആനയെത്തുന്നത്. സമീപത്തെ മറ്റുപാടങ്ങളിൽ നെല്ല് വിളവെടുക്കാത്തതിനാൽ ആന വരുംദിവസങ്ങളിലും എത്തുമെന്ന് ഉറപ്പാണെന്നും പി.ടി. മാത്യു പറയുന്നു. വനംവകുപ്പിന് നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും കർഷകൻ പറഞ്ഞു.
പി.ടി. 7 ഭീതിയോടെയാണ് ഇപ്പോൾ ധോണിക്കാർ ഇറങ്ങി നടക്കുന്നത് തന്നെ. ആനയിറങ്ങിയാൽ ഓടിക്കാൻ വേണ്ടി കൈയിൽ പത്തുരൂപയുടെ ഓലപ്പടക്കവും കരുതിയാണ് പലരും വൈകുന്നേരങ്ങളിൽ ഇറങ്ങി നടക്കുന്നത്. പടക്കം പൊട്ടിക്കുമ്പോൾ ചിലപ്പോൾ ആന മാറിപ്പോകുമെന്നും എന്നാൽ പിറ്റേദിവസം വീണ്ടും വരുമെന്നും നാട്ടുകാർ പറയുന്നു.
കൂട്ടുപിരിഞ്ഞ് പി.ടി. 7
കഴിഞ്ഞദിവസങ്ങളിൽ കൊമ്പനാനയ്ക്കും പിടിയാനയ്ക്കുമൊപ്പം ജനവാസമേഖലയിൽ ഇറങ്ങിയ ‘പി.ടി.7’ ആന ഇപ്പോൾ ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നതെന്ന് വനപാലകർ പറയുന്നു. ആന ഒറ്റയ്ക്കായത് മയക്കുവെടി വെക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കും. കുങ്കിയാനകളുടെ ഇടപെടലുകൾക്കും കൂടുതൽ അവസരമൊരുക്കും. ആനയെ പരമാവധി കാട്ടിനുള്ളിൽത്തന്നെ നിർത്തുന്നതിന് രാത്രിയും ആനയിറങ്ങുന്ന വഴികളിൽ ദൗത്യസംഘം പട്രോളിങ് നടത്തുന്നുണ്ട്.
കടുവയും കുടുങ്ങി, ഇനി ‘പി.ടി.7’
വയനാട്ടിലെ നരഭോജിയായ കടുവയെ ശനിയാഴ്ച പിടികൂടിയത് ധോണിയിലെ ജനങ്ങൾക്ക് ആശ്വാസമായി. മുത്തങ്ങയിലേക്കുപോയ ദ്രുതപ്രതികരണ സേന (ആർ.ആർ.ടി.) ദൗത്യസംഘം ‘പി.ടി.7’ നെ പിടികൂടാനായി ഉടൻതന്നെ ധോണിയിലേക്ക് മടങ്ങിയെത്തുമെന്ന് വനംവകുപ്പധികൃതർ പറഞ്ഞു. മയക്കുവെടി വിദഗ്ധർ ഉൾപ്പെടെയുള്ള സംഘമെത്തുന്ന മുറയ്ക്കാവും ‘പി.ടി.7’ ആനയെ പിടികൂടുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുക.
വയനാട്ടിൽ പിടികൂടിയ ആനയെ കൂട്ടിൽക്കയറ്റാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ആക്രമണത്തിൽ കാലിന് പരിക്കേറ്റ ചീഫ് വെറ്ററിനറി ഓഫീസർ അരുൺ സക്കറിയയുടെ സേവനവും ധോണിയിലെ ‘പി.ടി.7’ ആനയെ പിടികൂടുന്നതിന് ലഭ്യമാവുമെന്നാണ് വനപാലകരുടെ പ്രതീക്ഷ. മുത്തങ്ങയിൽനിന്നുള്ള ദൗത്യസംഘം എത്തുന്നതോടെ വൈകാതെ ആനയെ പിടികൂടുമെന്ന് വനം അസി. കൺസർവേറ്റർ ബി. രൺജിത് പറഞ്ഞു. ആനക്കൂടും സജ്ജമായി.
ധോണിയെ വിറപ്പിക്കാൻ കാട്ടാനക്കൂട്ടവും
‘പി.ടി.7’ ആനയുടെ ആക്രമണം പ്രതീക്ഷിച്ചിരിക്കുന്ന നാട്ടുകാരിൽ ഭീതി വർധിപ്പിച്ച് ധോണിയിൽ കാട്ടാനക്കൂട്ടവുമെത്തി. ശനിയാഴ്ച വൈകീട്ടോടെ വരക്കുളത്താണ് ആനക്കൂട്ടമിറങ്ങിയത്. സംഘത്തിൽ രണ്ട് കുട്ടിയാനകളടക്കം അഞ്ചാനകളാണുള്ളത്.
ജനവാസമേഖലകളിലേക്ക് ആനകൾ എത്താതിരിക്കാൻ ആർ.ആർ.ടി. സംഘം പ്രതിരോധ നടപടി ആരംഭിച്ചിട്ടുണ്ട്. ‘പി.ടി.7’ ദൗത്യത്തിന് തടസ്സമായി വനമേഖലയിൽ പുതിയ ആനക്കൂട്ടങ്ങളെത്തുന്നത് വനപാലകർക്കും തലവേദനയായി മാറുകയാണ്.
ജനവാസമേഖലയോട് ചേർന്ന് ‘പി.ടി.-7’രാത്രി വൈകിയും തിരച്ചിൽ
പാലക്കാട്: ധോണിയെ വിറപ്പിക്കുന്ന ‘പി.ടി.-7’ (പാലക്കാട് ടസ്കർ) കാട്ടാന രാത്രിയിൽ ജനവാസമേഖലയ്ക്കടുത്തെത്തുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കുന്നു. ശനിയാഴ്ച രാത്രിയും കാട്ടാന ജനവാസമേഖലയ്ക്ക് അടുത്തുണ്ടെന്ന പരാതികളെത്തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി.
കഴിഞ്ഞദിവസം രാത്രി ആനയിറങ്ങിയ ചേറ്റിൽവെട്ടിയ ഭഗവതിക്ഷേത്രത്തിനു സമീപത്തും വരകുളം, ധോണി ബംഗ്ലാവ്കുന്ന്, കോർമ ഭാഗത്തുമാണ് പരിശോധന നടത്തിയത്. ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച പരിശോധന പുലർച്ചെവരെയും തുടർന്നു.
ആനയെ ജനവാസമേഖലയിൽ ഇറങ്ങാതെ വനത്തിൽത്തന്നെ നിർത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ആനക്കൂട്ടത്തിൽനിന്ന് മാറി ഒറ്റയ്ക്കാണ് ‘പി.ടി.-ഏഴിന്റെ’ സഞ്ചാരം. ആനക്കൂട് നിർമാണം പൂർത്തിയായിട്ടുണ്ട്. വയനാട്ടിൽനിന്ന് ഡോക്ടറടക്കമുള്ള വിദഗ്ധസംഘം തിരിച്ചെത്തിയാൽ പി.ടി-7 നെ പിടിക്കാനുള്ള നടപടി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ദ്രുതപ്രതികരണസേന മൂന്നുസംഘങ്ങളായിത്തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.
Content Highlights: wild elephant pt 7 attack in dhoni
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..