അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, ഒന്നരക്കൊമ്പന്‍...; ഇടുക്കിയെ വിറപ്പിക്കും കൊലകൊമ്പന്‍മാര്‍


അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, ഒന്നരക്കൊമ്പൻ,ഒറ്റക്കൊമ്പൻ, പടയപ്പ (ഘടികാരക്രമത്തിൽ)

ഇടുക്കി: ഇടുക്കിയില്‍ വന്യജീവികള്‍ കാടിറങ്ങിവരുകയാണ്. ഇതില്‍ ആനയും പുലിയും കടുവയും കാട്ടുപോത്തും കാട്ടുപന്നികളുമൊക്കെയുണ്ട്. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന ഇവര്‍ മനുഷ്യരുടെ കൃഷിയും വീടും സമ്പത്തുമെല്ലാം നിമിഷനേരംകൊണ്ട് തച്ചുതകര്‍ക്കുന്നു. ഒരുപാട് ജീവനുകളും നഷ്ടപ്പെട്ടു. ഇപ്പോള്‍ ശാന്തന്‍പാറയില്‍ അടക്കം കാട്ടാനകളാണ് കൂടുതലായി ജനവാസ മേഖലയിലേക്ക് ഇറങ്ങി നാശംവിതയ്ക്കുന്നത്.

ചില ഒറ്റയാന്‍മാര്‍ ജനവാസ മേഖലകളില്‍ നാളുകളായി കറങ്ങിനടക്കുന്നുണ്ട്. സ്വഭാവവും രൂപവും അനുസരിച്ച് നാട്ടുകാര്‍ അവയ്‌ക്കെല്ലാം പേരും ഇട്ടിട്ടുണ്ട്.

അരിപ്രേമി അരിക്കൊമ്പന്‍... ജീവനെടുത്തത് 12-പേരുടെ

ആനയിറങ്കല്‍, ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ ഈയടുത്തായി ഏറ്റവും അധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ ആനയാണ് അരിക്കൊമ്പന്‍. റേഷന്‍കടകള്‍ തകര്‍ത്ത് അരി അകത്താക്കുന്നതാണ് ഇഷ്ടം. അങ്ങനെയാണ് അരിക്കൊമ്പന്‍ എന്ന് പേരുവീണത്. പന്ത്രണ്ടിലധികം ആളുകളെ കൊന്നിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഒന്‍പത് തവണയും ഒന്നര വര്‍ഷത്തിനിടയില്‍ 11 തവണയും പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍കട തകര്‍ത്ത് അരിച്ചാക്കുകള്‍ പൊട്ടിച്ച് അരി തിന്നുതീര്‍ത്തു. അറുപതില്‍പ്പരം വീടുകളും, നിരവധി കടകളുമാണ് അരിക്കൊമ്പന്റെ ആക്രമണത്തില്‍ തകര്‍ന്നിട്ടുള്ളത്. വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന അരിയും പച്ചക്കറിയും അകത്താകും. ഈ ഒറ്റയാന് മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുണ്ട്.

ചക്കപ്രിയന്‍ ചക്കക്കൊമ്പന്‍ പത്താളുകളെ കൊന്നു

ചക്കപ്രിയനായ മറ്റൊരു ഒറ്റയാനാണ് നാട്ടുകാര്‍ ചക്കക്കൊമ്പന്‍ എന്നു വിളിക്കുന്ന കാട്ടാന. ശാന്തന്‍പാറ കോരംപാറ, തലക്കുളം മേഖലകളിലാണ് ഈ ഒറ്റയാന്‍ പ്രധാനമായും നാശംവിതയ്ക്കുന്നത്. ഇവന്റെ ആക്രമണത്തെ ഭയന്ന് പ്രദേശവാസികള്‍ പ്രദേശങ്ങളിലെ പ്ലാവുകളില്‍ ചക്കവിരിയുന്ന ഉടന്‍ വെട്ടിക്കളയുകയാണ് പതിവ്. പത്തിലധികം ആളുകളുടെ ജീവനെടുത്തിട്ടുണ്ട്.

മുറിക്കൊമ്പുള്ള ഒന്നരക്കൊമ്പന്‍ കൊന്നത് മൂന്നുപേരെ

മറയൂര്‍ മേഖലയിലുള്ള കാട്ടനയാണ് ഒന്നരക്കൊമ്പന്‍. മരം മറിച്ചിടുവാനുള്ള ശ്രമത്തിനിടയില്‍ ഒരു കൊമ്പ് പാതി ഒടിഞ്ഞുവീണതോടെയാണ് ഇതിന് ആ പേര് ലഭിച്ചത്. ഒടിഞ്ഞുവീണ കൊമ്പ് മറയൂര്‍ ചന്ദനഗോഡൗണിലെ ആനക്കൊമ്പ് ശേഖരത്തില്‍ ഉണ്ട്.

നാലു പേരെയാണ് ഈ കൊമ്പന്‍ കുത്തിയും ചവിട്ടിയും കൊന്നത്. ബാബു നഗറിന് സമീപമാണ് മൂന്നു പേരുടെ ജീവന്‍ നഷ്ടപ്പെട്ടത്. മറയൂര്‍-ഉദുമല്‍പേട്ട അന്തസ്സംസ്ഥാന പാതയില്‍ ജല്ലിമല ഭാഗത്തും ഒരാളെ ചവിട്ടിക്കൊന്നു.

മുറിവാലന്‍ ചില്ലിക്കൊമ്പന്‍

വലിയ ശല്യക്കാരനല്ലാത്ത കൊമ്പനാണ് മുറിവാലന്‍ ചില്ലിക്കൊമ്പന്‍. വാച്ചര്‍മാര്‍ ശകാരിച്ചാല്‍ വനത്തിലേക്ക് പിന്‍വാങ്ങുന്ന സ്വഭാവമാണ് ഈ ആനയ്ക്കുള്ളത്. എന്നാല്‍ നിരവധി കൃഷിയിടങ്ങളാണ് മുറിവാലന്‍ ചില്ലിക്കൊമ്പന്റെ ആക്രമണത്തില്‍ നശിച്ചുകൊണ്ടിരിക്കുന്നത്.

രോമം ഇല്ലാതെ മുറിഞ്ഞതുപോലെ വാലുള്ളതിനാലാണ് മുറിവാലന്‍ ചില്ലിക്കൊന്പന്‍ എന്ന് ഇതിന് പേരുവന്നത്. ശാന്തന്‍പാറ, പൂപ്പാറ, സിങ്ങുകണ്ടം മേഖലകളാണ് വിഹാരകേന്ദ്രം.

മൂന്നാറിലെ പടയപ്പ

മൂന്നാറിലെ പടയപ്പ വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ട കാട്ടുകൊമ്പന്‍. ശാന്തനായിരുന്നെങ്കിലും ഈയിടയായി പലപ്പോഴും അക്രമാസക്തനാകുന്നുണ്ട്.

ഇതേത്തുടര്‍ന്ന് വനവകുപ്പ് നടത്തിയ പരിശോധനയില്‍ കൊമ്പന്‍ മദപ്പാടിലാണെന്ന് കണ്ടെത്തി. മദപ്പാട് കാലം കഴിഞ്ഞാല്‍ പടയപ്പ വീണ്ടും ശാന്തശീലനായിമാറുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

കൃഷിയും നശിപ്പിക്കുന്നുണ്ട്. 1999-ല്‍ രജനീകാന്തിന്റെ പടയപ്പ എന്ന തമിഴ് സിനിമ പുറത്തിറങ്ങിയതോടെയാണ് കൊമ്പന് ആ പേരുവീണത്. പടയപ്പയുടെ തലയെടുപ്പും ഗാംഭീര്യവും ശാന്തസ്വഭാവവും ഈ പേര് വീഴുന്നതിന് കാരണമായി.

സിഗരറ്റ് കൊമ്പന്‍

കഴിഞ്ഞദിവസം വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സിഗരറ്റ് കൊമ്പനായിരുന്നു ചിന്നക്കനാല്‍ മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമ്പന്‍. 10 വയസ്സില്‍ താഴെയായിരുന്നു പ്രായം.

ഈ ആനയുടെ കൊമ്പ് തീരെ ചെറുതായിരുന്നു. ഇത്തരത്തില്‍ സിഗരറ്റു രൂപത്തില്‍ ചെറിയ കൊമ്പുള്ള ഈ ആനയെ നാട്ടുകാര്‍ സിഗരറ്റുകൊമ്പന്‍ എന്ന് വിളിപ്പേര് നല്‍കി. പിടിയാനകള്‍ക്കും കുട്ടിയാനകള്‍ക്കും ഒപ്പം ആയിരുന്നു ഇവന്‍ സഞ്ചരിച്ചിരുന്നത്. സിഗരറ്റ് കൊമ്പന്‍ പ്രശ്‌നക്കാരനായ കൊമ്പന്‍ ആയിരുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.

മറയൂരിലെ ഒറ്റക്കൊമ്പനും ചില്ലിക്കൊമ്പനും

മറയൂര്‍ മേഖലയില്‍ കറങ്ങിനടക്കുന്ന മറ്റ് രണ്ട് ആനകളാണ് ഒന്നരക്കൊമ്പനും ചില്ലിക്കൊമ്പനും. ഒറ്റക്കൊമ്പ് മാത്രമുള്ളതിനാലാണ് ഒറ്റക്കൊമ്പന് ആ പേരുവന്നത്. ചില്ലിക്കൊമ്പന് ആ പേരു വരാന്‍ കാരണവും കൊമ്പാണ്. നീളമുണ്ടെങ്കിലും വണ്ണമില്ലാത്ത കൊമ്പാണ് അതിനുള്ളത്. മുളയുടെ വലുപ്പമുള്ള കൊമ്പുള്ളവന്‍ എന്ന അര്‍ഥത്തിലാണ് 'ചില്ലിക്കൊമ്പന്‍' എന്ന് പേരിട്ടത്. ഇവ രണ്ടും ആരേയും കൊന്നിട്ടില്ല. എന്നാല്‍, ജനവാസമേഖലയിലും കൃഷിയിടത്തിലും വന്‍നാശമാണ് വരുത്തിവെയ്ക്കുന്നത്. കൃഷിയിടത്തില്‍ ദിവസങ്ങളോളം നിലയുറപ്പിച്ചുനില്‍ക്കുന്ന രീതിയാണ് ഇവയുടേത്.

Content Highlights: wild elephant issue in idukki

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented