ചാലക്കുടിപ്പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട കാട്ടാന രക്ഷപ്പെടാനുള്ള ശ്രമത്തിൽ. ഫോട്ടോ - മനീഷ് ചേമഞ്ചേരി|മാതൃഭൂമി
അതിരപ്പിള്ളി: നിറഞ്ഞൊഴുകുന്ന ചാലക്കുടിപ്പുഴയില്‍ ആര്‍ത്തിരമ്പിയ മലവെള്ളത്തില്‍നിന്ന് കരകയറാന്‍ കാട്ടാന മല്ലിട്ടത് ആറരമണിക്കൂര്‍. തിരിച്ചുകയറാനുള്ള ശ്രമത്തിനുമുന്നില്‍, വനപാലകരും അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും പുഴയോരത്തു നിസ്സഹായരായിനിന്നു.
കനത്തമഴയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അപ്രതീക്ഷിതമായി വെള്ളമുയര്‍ന്നതോടെയാണ് കാട്ടാന കുടുങ്ങിയത്. വെള്ളത്തില്‍ മുങ്ങിയും ഏറെദൂരം മലവെള്ളത്തിലൂടെ ഒഴുകിപ്പോയും പിടികിട്ടുന്നിടത്ത് പിടിച്ചുനിന്നും കൊമ്പന് പുഴകയറാന് ശ്രമിച്ചു. ഒടുവില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പ്ലാന്റേഷന് ഭാഗത്തേക്ക് കയറിപ്പോയി.
പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് അടച്ച് പുഴയിലെ ജലനിരപ്പ് താഴ്ത്തി ആനയെ പുഴകടത്താനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞു. നിറഞ്ഞുകിടക്കുന്ന പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് അടയ്ക്കാന്‍ സാധിക്കുന്ന അവസ്ഥയായിരുന്നില്ല. വടം ഇട്ടുകൊടുക്കുക തുടങ്ങി പല മാര്‍ഗങ്ങള്‍ ആരാഞ്ഞിട്ടും അവയൊന്നും വിജയിക്കുന്നവയല്ലെന്ന് തിരിച്ചറിഞ്ഞ് ഉപേക്ഷിച്ചു.
തിങ്കളാഴ്ച രാത്രി കൊമ്പന് പുഴകടക്കുമ്പോള്‍ പുഴയില്‍ വെള്ളം കുറവായിരുന്നു. എന്നാല്‍, പിറ്റേന്ന് രാവിലെ തിരികെപ്പോകുമ്പോഴാണ് ജലനിരപ്പ് ഉയര്‍ന്നത്.
ആറുമണിയോടെയാണ് പുഴയുടെ നടുക്ക് ആനയെ കണ്ടത്. ഒഴുക്കില്‍ 300 മീറ്ററോളം ഒഴുകിയ ആന പുഴയുടെ നടുക്കുള്ള ചെറിയ തുരുത്തില് പിടിച്ചുകയറി. ഏറെനേരം തുരുത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. തുരുത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒഴുകിപ്പോയെങ്കിലും പുഴമധ്യത്തില്‍ മറിഞ്ഞുകിടക്കുന്ന മരത്തില്‍ തട്ടിനിന്നു. അവിടെനിന്ന് പിന്നെയും പതുക്കെ നീന്തി പത്തരയോടെ ഒരു വലിയ തുരുത്തിലേക്ക് കയറി.
കുറച്ചുസമയം ആനയെ കാണാതായെങ്കിലും ആന വീണ്ടും ആ തുരുത്തിലൂടെയും നടന്നുതുടങ്ങി. തുരുത്തില് തങ്ങാതെ, കലങ്ങിമറിഞ്ഞ് കുത്തിയൊലിച്ചുവരുന്ന പുഴകടക്കാനായിരുന്നു ആനയുടെ ശ്രമം. ഇതിനിടെ വീണ്ടും ഒഴുക്കില്‍പ്പെട്ട ആനയെ കാണാതായെങ്കിലും പിന്നീട് ഒഴുക്കുകുറഞ്ഞ ഭാഗത്തുകൂടി നീന്തിയ ആന പിള്ളപ്പാറ പള്ളിയുടെ സമീപമുള്ള കടവില്‍ പ്ലാന്റേഷന് തോട്ടത്തിലേക്ക് കയറിപ്പോയതായി വനപാലകര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..