
എരിഞ്ഞിപ്പുഴയിലെ തോട്ടത്തിൽ താഴെ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ പന്തങ്ങളുമായി നിൽക്കുന്ന നാട്ടുകാർ
കൃഷിയും വിളസംരക്ഷണവും ഇവര്‍ക്ക് യുദ്ധംപോലെയാണ്. ഭക്ഷണം തേടിയെത്തുന്ന കാട്ടാനകള്‍ ഒരുവശത്ത്. നട്ടുനനച്ച് വളര്‍ത്തിയ വിളകള്‍ സംരക്ഷിക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചെത്തിയ കര്‍ഷകര്‍ മറുവശത്ത്. എരിഞ്ഞിപ്പുഴയുടെ തീരത്തെ കുണിയേരി,ചേറ്റത്തോട്, കാനത്തൂര്‍, ചമ്പിലാങ്കൈ, എരിഞ്ഞിപ്പുഴ, ബീട്ടിയടുക്കം, കാലിപ്പള്ളം മേഖലകളിലെ നാട്ടുകാര്‍ ദിവസങ്ങളായി രാപകല്‍ നടത്തുന്നഅതിജീവന യുദ്ധ'പ്പറമ്പില്‍ അവര്‍ക്കൊപ്പം മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.രാജേഷ് കുമാറും സീനിയര്‍ ഫൊട്ടൊഗ്രഫര്‍ എന്‍.രാമനാഥ് പൈയും ഒരു രാത്രി ചെലവഴിച്ചതിന്റെ അനുഭവം.
എരിഞ്ഞിപ്പുഴ(കാസര്‍കോട്): രാത്രി എട്ടുമണി. ചമ്പിലാങ്കൈ വനം എരിഞ്ഞിപ്പുഴയോട് ചേരുന്ന ചെരിവിലാണ് ഒരു മോഴയും രണ്ട് കുട്ടികളുമുള്‍പ്പെടെ ആറ് ആനകള്‍ ഞായറാഴ്ച രാത്രിവരെ കഴിഞ്ഞത്. ഏത് നിമിഷവും കൃഷിയിടത്തിലേക്ക് നീങ്ങിയേക്കാവുന്ന ആനക്കൂട്ടത്തെ തടയാന്‍ ചുറ്റും തീയിട്ട് കാവല്‍നില്‍ക്കുകയാണ് നാട്ടുകാര്‍. വനംവകുപ്പിന്റെ റാപ്പിഡ് റസ്പോണ്‍സ് ടീം (ആര്.ആര്.ടി.) എത്തി
ദൗത്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഒരു കൈയില്‍ തീപ്പന്തം. മറുകൈയില്‍ ഏറുപടക്കം. ബാന്‍ഡ് മുഴക്കിയും കൂകി ശബ്ദമുണ്ടാക്കിയും നാട്ടുകാര്‍ ഒന്നായി കാടിളക്കിത്തുടങ്ങി. കുറ്റിക്കാടുകള്‍ക്കും വള്ളിപ്പടര്‍പ്പുകള്‍ക്കുമിടയിലൂടെ ഒരാള്‍ക്കുമാത്രം നൂണ്ടിറങ്ങാന്‍ കഴിയുന്ന വഴിയിലൂടെ ഒരു പന്തം കൊളുത്തി 'പ്രകടനം' ആ ചെറുവനം മുറിച്ചുകടന്നു. താഴേ പുഴയോരത്തുകൂടിയുള്ള ചെറുപാതയിലൂടെ മുന്നോട്ടുപോയ സംഘത്തിനുമുന്നില്‍ ആനക്കൂട്ടം എത്തി. ഞൊടിയിടയില്‍ പടക്കംപൊട്ടുന്നതിന്റെ എണ്ണം കൂടി. തീപ്പന്തത്തിന്റെ ആളലിനൊപ്പം നാട്ടുകാരുടെ ശബ്ദവും കൂടി. ചമ്പിലാങ്കൈയിലെ ഡോ. ശ്രീകൃഷ്ണരാജിന്റെ പറമ്പിലെ വാഴയും തെങ്ങും പിഴുതെറിഞ്ഞ് പൈപ്പുകള്‍ പൊട്ടിച്ച് പുഴയോരത്തൂടെ ആനകള്‍ പടിഞ്ഞാറോട്ട് ഓടി. ചമ്പിലാങ്കൈയിലെ കര്ഷകന് ഇ.ബി.കൃഷ്ണരാജ് ആനയുടെ കാല്‍പ്പാടുകള്‍ നോക്കി അത് പോയ വഴി നാട്ടുകാരെ തെളിച്ചു.
കൃഷിയിടങ്ങള്‍ക്കും വീടുകള്‍ക്കുമിടയിലൂടെ
ഓലച്ചൂട്ടുകളുടെ വെളിച്ചത്തിനും പുകയ്ക്കും ഇടയിലൂടെ നാട്ടുകാരുടെ ഹെഡ്ലാമ്പുകളില്നിന്നുള്ള വെളിച്ചത്തിന്റെ നീളമേറിയ വടികള്‍ ഇരുട്ടിനെ തൊട്ടുകൊണ്ടിരുന്നു. എല്ലാവെളിച്ചവും തിരയുന്നത് കറുത്ത വലിയ രൂപങ്ങളെയായിരുന്നു.
കവുങ്ങ്, വാഴത്തോട്ടങ്ങള്ക്കിടയിലൂടെ ഇരുട്ടില്‍ ചിഹ്നംവിളി ലക്ഷ്യമാക്കി നാട്ടുകാര്‍ പടക്കം എറിഞ്ഞു.പാതിരാവായിട്ടും ഉറങ്ങാത്ത വീടുകള്‍ക്കുമുന്നില്‍ സ്ത്രീകളും കുട്ടികളും ഭയന്ന കണ്ണുകളോടെ വിറച്ചുനിന്നു.
ഇരുട്ടുമുറിച്ചെത്തിയ ഇരുണ്ട രൂപം വീട്ടുമുറ്റത്തുകൂടി ഓടിപ്പോകുന്നത് കണ്ട് ചിലര്‍ നിലവിളിച്ചു.കാലിപ്പള്ളത്തെ ഇ.എം.അബ്ദുള്ഖാദറുടെയും കെ.മുഹമ്മദ് ഷാഫിയുടെയും അബ്ദുള്റഹിമാന്റെയും ഹമീദ് ഹാജിയുടെയും കവുങ്ങിന്തോട്ടത്തില്നിന്ന് പി.വി.സി. പൈപ്പില്‍ കാര്‍ബൈഡും വെള്ളവും ഗ്യാസ് ലൈറ്ററും കൊണ്ടുണ്ടാക്കിയ പൈപ്പുതോക്ക് ആകാശത്തേക്ക് തീത്തുപ്പിക്കൊണ്ടിരുന്നു.
ചൂട്ടുവെളിച്ചത്തില്‍ പിണ്ടവും കാലടികളും നോക്കി വഴിയിലൂടെ ആനയെ നാട്ടുകാര്‍ തുരത്തിയോടിച്ചു.
കൊമ്പിനുമുന്പില്
സമയം ഒന്‍പതു മണി. എരഞ്ഞിപ്പുഴപ്പാലത്തിന് സമീപത്തെ ആര്.ആര്.ടി. സംഘത്തിന്റെ അറിയിപ്പ് നാട്ടുകാരിലൊരാളുടെ ഫോണിലെത്തി. കേന്ദ്ര ജലകമ്മിഷന്റെ ബോട്ടിന് സമീപം ആനക്കൂട്ടം എത്തി. വന്ന വഴിയില്‍ തീകൂട്ടി കത്തിച്ച് എല്ലാവരും ഉടന്‍ അങ്ങോട്ടേക്ക് എത്തണം. ആനകളെ പുഴകടത്താന്‍ കിട്ടിയ അവസരം കൃത്യമായി നടപ്പാക്കാനായ ആവേശത്തോടെ യുദ്ധം ജയിച്ച പടയെപ്പോലെ നാടൊന്നായി ആര്.ആര്.ടി. സംഘത്തിന് പിന്നാലെ ബോട്ടിനരികിലെ വഴിയിലേക്ക് ഇറങ്ങി. പന്തത്തിന്റെ തിളക്കത്തില്‍ മീറ്ററുകള്‍ മാത്രം മുന്നില്‍ കാട്ടാനകള്‍. പടക്കം പൊട്ടിയതും അവയൊന്നിച്ച് ഒരുരുള്‍പൊട്ടല്‍ പോലെ പുഴയിലേക്കിറങ്ങി.
പാറക്കൂട്ടങ്ങളില്‍ തട്ടി ഗതിമാറുംപോലെ പുഴയുടെ ഒഴുക്ക് മുറിഞ്ഞു. ആളുകളുടെ ആവേശം ആകാശം തൊടുന്നതിനിടയിലാണ് അത് സംഭവിച്ചത്. രണ്ട് ആനകള്‍ ചിഹ്നം വിളിച്ചുകൊണ്ട് ആള്‍ക്കൂട്ടം നില്ക്കുന്ന കരയിലേക്ക് തിരിച്ചുകയറി. നേര്‍ക്കുനേരുള്ള പോരാട്ടത്തില്‍ തിരിച്ചോടുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. ആവേശംകൊണ്ട് നിറഞ്ഞുകത്തി തീരത്തേക്കിറങ്ങിയ പന്തങ്ങള്‍ അതിലുംവേഗത്തില്‍ നിലവിളിയുമായി മലകയറി. തിരിഞ്ഞോടരുതെന്ന് ആരൊക്കെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാല്‍, അവരും തിരിഞ്ഞോടുകയായിരുന്നു. ആ പിന്തിരിഞ്ഞോട്ടത്തിനിടയില് ഏതോ ധൈര്യശാലി ഞൊടിയിടകൊണ്ട് തീകൊളുത്തി എറിഞ്ഞ പടക്കമാണ് മുഖാമുഖമെത്തിയ ദുരന്തത്തെ തട്ടിമാറ്റിയത്. ആനകളെ തുരത്തുന്നത് പകര്‍ത്താന്‍ പാലത്തിന് മുകളില്‍ മൊബൈല്‍ വെളിച്ചവുമായിനിന്നവരാണ് അവയെ നാട്ടിലേക്ക് തിരിച്ച് കയറ്റിച്ചതെന്ന് നാട്ടുകാര്‍.
പന്തത്തിന്റെ തണലില്‍
പുഴ കയറിയ ആനക്കൂട്ടം കുറേ നേരം ഇരുട്ടില്‍ മറഞ്ഞുനിന്നു. അതിനെ ഇളക്കാനായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍.പി.രാജു, കെ.ആര്.ബിനു, കെ.ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം വീണ്ടും കാടുകയറി. ആകാശം മുട്ടിനില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ നക്ഷത്രങ്ങള്‍ ലക്ഷ്യമാക്കി വാണങ്ങള്‍ തീ ചീറ്റി ഉയര്‍ന്നുപൊട്ടി. എന്നാല്‍, ഇരുട്ട് അനങ്ങിയില്ല. ചിന്നം വിളിച്ചില്ല.
തിരിച്ചിറങ്ങിയ ആര്.ആര്.ടി. സംഘം ഭക്ഷണം കഴിക്കാന്‍ ഇരിയണ്ണിയിലേക്ക് പോയി. ആന തിരിച്ചോടിച്ച കാര്യം നര്‍മത്തില്‍ പൊതിഞ്ഞ് വായ്വെടി പൊട്ടിച്ച് തീക്കൂനകള്ക്കിടയിലിരുന്ന് നാട്ടുകാര്‍ ക്ഷീണംതീര്‍ത്തു. ആനകള്‍ നശിപ്പിച്ച വിളകളെ കുറിച്ചാണ് മുതിര്‍ന്നവര്‍ക്ക് പറയാനുണ്ടായിരുന്നത്. 'ആനക്ക് ജീവിക്കണം. എന്നാ, അത് മന്ഷ്യരെ ജീവന് നശിപ്പിച്ചാവര്ത്. ആന നാട്ടിലേക്ക് എറങ്ങ്ന്നത് തടയേണ്ടോറ് കണ്ണടച്ചിരിക്ക്ന്ന്. ആനയെറങ്ങ്ന്നത് കാണാനെത്തിയോര് വനത്തിനായി നാട് ഏറ്റെടുക്കുന്നതിനെപ്പറ്റിയാണ് പറേന്നത്. മക്കളെപ്പോലെ ബളര്‍ത്തിയ ബെളകള്ക്കും പൊന്നുബെളയുന്ന ഈ മണ്ണിനും പകരം ഓര്ക്ക് ന്താണ് നല്കാനാവ്വ. ഒരു കോടി ഉറുപ്യ ചെലോലില് ബനത്തിന് ബേലികെട്ടാന് കയ്യാത്തോരാണ് അഞ്ഞൂറ്ുകോടി നല്കിയാലും മതിയാകാത്ത സ്ഥലം ഏറ്റെട്ക്കലിനെക്കുറിച്ച് പറേന്നത്. ഞമ്മളെ കളിയാക്കുന്നതിന് തുല്യമല്ലേത്'- നെറ്റിയിലെ വിയര്‍പ്പ് തുടച്ച് കാലിപ്പള്ളത്തെ മുഹമ്മദ് ഷാഫി പറഞ്ഞു.
പുഴകടന്ന് കാട്ടിലേക്ക്
ഭക്ഷണവും വിശ്രമവും കഴിഞ്ഞ് അര്‍ധരാത്രിയോടെ ആര്.ആര്.ടി. സംഘം എത്തിയപ്പോഴേക്കും ആനക്കൂട്ടം എരിഞ്ഞിപ്പുഴപ്പാലത്തിനടിയിലൂടെ കടന്നതായി വിവരമെത്തി. അപ്പോഴേക്കും കാസര്‍കോട് റേഞ്ച് ഓഫീസര്‍ എന്‍.അനില്‍കുമാര്‍ സംഘത്തിന് നേതൃത്വം നല്കാന് എത്തിയിരുന്നു. നേരത്തേ പിന്തിരിഞ്ഞോടിയ വഴിയിലൂടെ ഇരുട്ടിനെയും നിശ്ശബ്ദതയെയും മുറിച്ച് വീണ്ടും പടക്കവും പന്തവുമായി നാട്ടുകാര്‍ പുഴയോരത്തേക്കിറങ്ങി.
അപ്പോഴേക്കും നെയ്യങ്കയത്തെ കാലിപ്പള്ളം ഗോപിയുടെയും ശങ്കരനാരായണ ഭട്ടിന്റെയും പറമ്പിനരികില്‍ ആനകളെത്തി. സി.പി.ഐ. പ്രാദേശിക നേതാവ് മുരളീധരന് എരിഞ്ഞിപ്പുഴയുടെ പറമ്പിനരികിലൂടെ ആനക്കൂട്ടം പുഴ മുറിച്ചുകടന്നു. സൗരോര്‍ജവേലി കടന്ന് കുണ്ടൂച്ചി ഭാഗത്തെത്തിയ ഇവ ചോറ്റോണിയിലെ ഉള്ക്കാട്ടിലേക്കെത്തുമ്പോള് സമയം പുലര്‍ച്ചെ രണ്ട്.
ആനകള്‍ കടന്നെന്ന് ഉറപ്പാക്കിയതോടെ അധികൃതര്‍ സൗരോര്ജവേലിയിലൂടെ വൈദ്യുതി കടത്തിവിട്ടു. ഒരാഴ്ചയായി ഉറക്കംകെടുത്തിയ ആനകളെ കാടുകേറ്റിയ സന്തോഷത്തില്‍ മടക്കം.
'കാട്ടില്‍ ഭക്ഷണം ഇല്ലാഞ്ഞിട്ടല്ല ഈ പെരുമഴക്കാലത്തും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത്. കാട്ടിലുണ്ടാകുന്ന മാറ്റത്തിന്റെ സൂചനയാണത്. കര്‍ണാടകയിലെ കനത്ത മഴയും ഉരുള്‍പൊട്ടലും കാടിന്റെ ആവാസവ്യവസ്ഥയ്ക്ക് മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാകണം. തെങ്ങിന്റെയും വാഴയുടെയും രുചിയറിഞ്ഞ ആനകള്‍ വീണ്ടും അത് തേടിവരാതിരിക്കില്ല.
കൊട്ടങ്കുഴി പുഴയും പാണ്ടിക്കാടും കടത്തി കര്ണാടകവനത്തിലെത്തിച്ച് പുലിപ്പറമ്പിലെ സൗരോര്‍ജ വേലി നന്നാക്കിയാല്‍ മാത്രമേ ഈ നാടിന് സൈ്വര്യമായി ഉറങ്ങാനാകൂ' -മുരളീധരന് എരിഞ്ഞിപ്പുഴ ആശങ്ക പങ്കുവെക്കുന്നു.
ഇക്കളി തീക്കളി
മഴക്കാലമല്ലായിരുന്നെങ്കില് ഒരുപക്ഷേ തീപ്പന്തം കൊണ്ടുള്ള ഈ യുദ്ധം അവസാനിക്കുക വന്‍ കാട്ടുതീയിലായിരിക്കുമെന്ന് ഉറപ്പ്. ഉണങ്ങിയ ഓലപ്പന്തങ്ങളും ചാക്കില്‍ കരിഓയില്‍ ഒഴിച്ച് കമ്പികൊണ്ട് കെട്ടിയുണ്ടാക്കുന്ന പന്തങ്ങളും കാട്ടിലൂടെ അട്ടഹസിച്ചുകൊണ്ട് തലങ്ങുംവിലങ്ങും ഓടുന്ന കാഴ്ചയാണ് എങ്ങും. ആനകള്‍ വിറളിപിടിച്ച് ഓടി പറമ്പിലെത്താന്‍ ഇടയുള്ള കാട്ടിടവഴികളെല്ലാം കര്‍ഷകര്‍ തീ കൂട്ടി അടയ്ക്കുകയാണ്.
Content Highlight: Wild elephant attack Kasarkode local news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..