കുര്യാക്കോസ് ആശുപത്രിയിൽനിന്ന് പോകുന്നു. ആനയുടെ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ട കൃഷി | Photo: Mathrubhumi
കൊച്ചി: പെരുമ്പാവൂർ വേങ്ങൂർ പഞ്ചായത്തിലെ പാണിയേലിയിൽ പുലർച്ചെ വീടിനു പുറത്തിറങ്ങിയ വയോധികനെ കാട്ടാന ഓടിച്ചു. പ്രഥമിക കൃത്യങ്ങൾ നിർവഹിക്കാനായി പുലർച്ചെ മൂന്നിന് പുറത്തിറങ്ങിയ മാറാച്ചേരി കുര്യാക്കോസിനു നേരെയാണ് ആനയുടെ ആക്രമണമുണ്ടായത്. ആനയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുര്യാക്കോസിന്റെ കാൽമുട്ടിന് പരിക്കേൽക്കുകയും ചെയ്തു.
പറമ്പിൽ മുമ്പും ആന എത്തിയിട്ടുണ്ടെങ്കിലും ആക്രമിക്കാൻ ശ്രമിക്കുന്നത് ആദ്യമായാണെന്ന് കുര്യാക്കോസ് പറയുന്നു.
'മുറ്റത്തേക്കിറങ്ങിയ ഉടൻതന്നെ ആന ചിന്നംവിളിച്ചുകൊണ്ട് ഓടിയെത്തി. മുറ്റവും ആന നിന്ന സ്ഥലവും തമ്മിൽ പൊക്കവ്യത്യാസം ഉണ്ടായിരുന്നതുകൊണ്ട് അവൻ എന്റെ അടുത്തേക്ക് എത്തിയില്ല. അതിനിടെ ഞാൻ ഓടി വീടിനകത്തുകയറി വാതിലടച്ചു. ഇപ്പോൾ കാൽമുട്ടിന് നല്ല വേദനയുണ്ട്. ഇന്നലെ പറമ്പിൽ വാഴയും തെങ്ങും ഉൾപ്പെടെ വലിയ കൃഷിനാശമാണ് ആന ഉണ്ടാക്കിയത്. ഇതുവരെ 27 തെങ്ങുകളാണ് ആന കുത്തിമറിച്ചത്. ജീവിക്കാൻ നിവൃത്തിയില്ലാതെയായി. ഒരുപാട് അപേക്ഷകൾ നൽകിയിട്ടുണ്ടെങ്കിലും സർക്കാരിൽനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല', കുര്യാക്കോസ് പറഞ്ഞു.
മേഖലയിൽ പലയിടത്തും വൈദ്യുതവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ആനകളെ തടയാൻ പര്യാപ്തമാകുന്നില്ലെന്ന് വേങ്ങൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ബേസിൽ കല്ലറക്കൽ ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും ഈ വേലികൾ പ്രവർത്തിക്കുന്നില്ല. കുട്ടികൾക്ക് ഭയമില്ലാതെ സ്കൂളിൽ പോകാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാരും വനംവകുപ്പും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: wild elephant attack in perumbavoor vengoor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..