അരിശിരാജ കൂട്ടിൽ
സുല്‍ത്താന്‍ബത്തേരി: കാടുവിട്ട് നാട്ടിലിറങ്ങി ജനങ്ങളെ വിറപ്പിച്ച അരിശിരാജ മുത്തങ്ങ പന്തിയിലെ ആനക്കൂട്ടില്‍ ശാന്തനാണിപ്പോള്. കൂട്ടിലായെങ്കിലും ശൗര്യത്തിന് ഒട്ടുംകുറവില്ല. തിങ്കളാഴ്ച രാവിലെ കാട്ടില്‍നിന്ന് മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലടച്ചശേഷം, മയക്കംവിട്ടുണര്ന്നതോടെ കൂട് തകര്‍ത്ത് പുറത്തുചാടാനുള്ള പരാക്രമത്തിലായിരുന്നു. എന്നാല്‍, ചൊവ്വാഴ്ച രാവിലെയായപ്പോഴേക്കും ആന പതിയെ ശാന്തനായി തുടങ്ങിയിട്ടുണ്ട്.
കൂടിന് സമീപം ആളുകളെ കണ്ടാല്‍ ആന ക്രൂദ്ധനായി പാഞ്ഞടുക്കുന്നുണ്ട്. കൂട്ടിനുള്ളിലേക്ക് വെയിലേല്‍ക്കാതിരിക്കാനായി മുകളില്‍ വലിച്ചുകെട്ടിയിരുന്ന ഗ്രീന്‍ നെറ്റ് കൈപ്പിടിയിലാക്കിയ ആന അത് വലിച്ച് കൂട്ടിനുള്ളിലേക്കിട്ടിരുന്നു. ചൊവ്വാഴ്ച രാവിലെമുതലാണ് ആനയ്ക്ക് തീറ്റനല്കിത്തുടങ്ങിയത്. പാപ്പാന് നല്കുന്ന തീറ്റയും വെള്ളവും ആന സ്വീകരിക്കുന്നുണ്ട്.
പുല്ലും കാട്ടില്‍നിന്ന് വെട്ടിക്കൊണ്ടുവന്ന ചപ്പുമാണ് തീറ്റയായി നല്‍കുന്നത്. ആഴ്ചകള്‍ക്കുശേഷമേ നാട്ടാനകള്‍ക്ക് കൊടുക്കുന്നതുപോലുള്ള ചോറടക്കമുള്ള ആഹാരങ്ങള്‍ നല്‍കുകയുള്ളൂ. നിലവില്‍ ആനയെ പരിചരിക്കാന്മാത്രമായി ഒരു പാപ്പാനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പാപ്പാന്മാത്രമായിരിക്കും കൂട്ടിലുള്ള ആനയ്ക്ക് തീറ്റയും വെള്ളവും നല്‍കുന്നതും പരിചരിക്കുന്നതുമെല്ലാം. ഈ പാപ്പാനുമായി ആന ഇണങ്ങിക്കഴിഞ്ഞാല്‍ മെരുക്കിയെടുക്കലും ചട്ടംപഠിപ്പിക്കലുമെല്ലാം എളുപ്പമാകും. ഇതിനാല്‍ ആനയെ പാര്‍പ്പിച്ചിരിക്കുന്ന കൂട്ടിനടുത്തേക്ക് മറ്റാളുകളെ കടത്തിവിടുന്നില്ല.
കാട്ടിലും നാട്ടിലുമായി കിലോമീറ്ററുകള്‍ വിഹരിച്ചുനടന്നിരുന്ന ആനയ്ക്ക് ഇനി രാപകലുകള്‍ തള്ളിനീക്കി മരക്കൂട്ടില്‍ കഴിയണം. പാപ്പാന്റെ പരിചരണത്തില്‍, കൂട്ടിനകത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം. 15 അടി നീളവും വീതിയുമുള്ള 18 അടി ഉയരമുള്ള കൂട്ടിലാണ് ആനയെ പാര്‍പ്പിച്ചിരിക്കുന്നത്.
പരമ്പരാഗത ശൈലിയില്‍ തടികള്‍ ചെത്തിമിനുക്കിയെടുത്ത് ഇഴചേര്‍ത്താണ് കൂട് നിര്‍മിച്ചത്. ഇതിനായി യൂക്കാലിപ്റ്റ്സ് മരത്തടികളാണ് ഉപയോഗിച്ചിട്ടുള്ളത്. 25 അടി നീളത്തില്‍ മുറിച്ചെടുത്ത മരത്തടികള്‍, തൂണുകള്‍ക്കിടയിലൂടെ ഒന്നിനുമുകളില്‍ ഒന്നായി ഇഴചേര്‍ത്താണ് കൂടൊരുക്കുന്നത്. ആന പിടിച്ച് കുലുക്കിയാലും കുത്തിമറിച്ചിടാന്‍ ശ്രമിച്ചാലും കൂട് പൊളിയില്ലെന്നതാണ് പ്രത്യേകത. ദേഹത്ത് ഒരു ബന്ധനങ്ങളുമില്ലാതെയാണ് ആനയെ കൂട്ടിലിടുന്നത്. ഇതിനാല്‍ മറ്റ് പരിക്കുകളേല്‍ക്കാനുള്ള സാധ്യത കുറവാണ്.
Content Highlights: wild elephant arisiraja
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..