പ്രതീകാത്മക ചിത്രം, പരിക്കേറ്റ യുവാവ് | Photo: Mathrubhumi
മാനന്തവാടി: ഒരൊറ്റ ദിവസംപോലും സമാധാനത്തോടെ സ്വസ്ഥതയോടെ കിടന്നുറങ്ങാന്‍ പറ്റില്ല. കാടിറങ്ങി നാടുവിറപ്പിക്കുന്നവരില് കടുവമുതല് പന്നിയും കുരങ്ങും വരെയുണ്ട്. എന്തുനട്ടാലും വിളവെടുക്കും മുമ്പേ ആനയും പന്നിയും നശിപ്പിക്കും. ഉള്ളതൊക്കെ പണയപ്പെടുത്തി കൃഷി ചെയ്യുന്ന കര്ഷകന് മിച്ചം കണ്ണീര് മാത്രം. അടുത്തകാലത്തായി പകല്‍പോലും പേടികൂടാതെ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. 24 മണിക്കൂറും റെഡ് അലര്‍ട്ടില്‍ കഴിയുന്ന ഈ ജനത ചോദിക്കുന്നു ഞങ്ങളെങ്ങോട്ട് പോകും.
പത്രവിതരണത്തിനിടെ യുവാവിന് കാട്ടുപന്നിയുടെ കുത്തേറ്റു
തൃശ്ശിലേരി: പത്രവിതരണത്തിനായി ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് കാട്ടുപന്നിയുടെ കുത്തേറ്റു. മാതൃഭൂമി പള്ളിക്കവല ഏജന്റ് തൃശ്ശിലേരിയിലെ കുളിരാനിയില്‍ കെ.വി. ജോര്‍ജിന്റെ മകന് ജോജി ജോര്‍ജി (26) നാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 6.15- ന് തൃശ്ശിലേരി കാറ്റാടിക്കവലയ്ക്കു സമീപത്തെ മൂര്യോട്ടായിരുന്നു അപകടം.
ബൈക്കിനുനേരെ പന്നി വരുന്നതുകണ്ട് വാഹനത്തിന്റെ വേഗം കുറച്ചെങ്കിലും കുത്തിമറിച്ചിട്ട് കടന്നു കളയുകയായിരുന്നെന്ന് ജോജി പറഞ്ഞു. വീഴ്ചയില്‍ ബൈക്ക് ദേഹത്താണ് വീണത്. ജോജിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്.
വലതുകാല്‍ മുട്ടിനും വലതു കൈപ്പത്തിക്കും ഇടതു കൈയ്ക്കും സാരമായി പരിക്കേറ്റ ജോജിയെ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തിച്ചികിത്സയ്ക്ക് വിധേയനാക്കി.
വന്യമൃഗശല്യം പരിഹരിക്കണം
മാനന്തവാടി: ജില്ലയിലെ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യജീവികള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയാണ്. പത്ര വിതരണത്തിനിടെ പരിക്കേറ്റ ജോജിക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കണം.
അല്ലാത്തപക്ഷം കര്‍ഷക കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തും.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. ബെന്നി, ഇ.ജെ. ഷാജി, ജോണ്സണ് ഇലവുങ്ങല് എന്നിവര്‍ സംസാരിച്ചു. കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയിലെത്തി ജോജിയെ സന്ദര്‍ശിച്ചു.
പൊന്മുടിക്കോട്ടയില് കടുവയെ പിടിക്കാന്‍ കൂടുതല്‍ സംഘമെത്തും - ഐ.സി. ബാലകൃഷ്ണന്
അമ്പലവയല്‍: കടുവശല്യം രൂക്ഷമായ പൊന്മുടിക്കോട്ടയില് കൂടുതല്‍ വനപാലകരെയും ആര്.ആര്.ടി. സംഘത്തെയും ഉടന്‍ എത്തിക്കുമെന്ന് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ. പൊന്മുടി കോട്ട, അമ്പുകുത്തി പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. രണ്ടു കടുവകള്‍ പ്രദേശത്തുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതാണ്. ഈ സാഹചര്യത്തില്‍ കടുവകളെ പിടിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇതു സംബന്ധിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രനുമായി ഫോണില്‍ സംസാരിച്ചു. കര്‍മസമിതിയുടെ ആവശ്യപ്രകാരം വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.
നെന്മേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. സത്താര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്ന
Content Highlights: wild animal attacks in wayanad youth injured in wild boar atatck
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..