ഹൈക്കോടതി | Photo: Mathrubhumi Library
തലശ്ശേരി: സി.പി.എം. പ്രവര്‍ത്തകന്‍ കോടിയേരി പുന്നോല്‍ താഴെവയലിലെ കെ. ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍നിന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഹരിദാസന്റെ ഭാര്യ എ.കെ. മിനി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി.
കൊലപാതകത്തില്‍ പങ്കെടുത്ത അഞ്ചും ആറും പ്രതികളായ പുന്നോല്‍ കരോത്ത്താഴെ പി.കെ. ദിനേശ് എന്ന പൊച്ചറ ദിനേശ് (49), കൊമ്മല്‍വയലിലെ കടുമ്പേരി പ്രഷിജ് എന്ന പ്രജൂട്ടി (43) എന്നിവര്‍ക്ക് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. മറ്റു പ്രതികള്‍ക്കും ഇതേ നിലയില്‍ ജാമ്യം നല്‍കുമെന്ന ആശങ്കയുണ്ടെന്നും പ്രതികള്‍ പുറത്തിറങ്ങിയാല്‍ അപായപ്പെടുത്തുമെന്നും പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ വിചാരണ നടത്തി നീതി ഉറപ്പാക്കണമെന്നും പരാതിയില്‍ പറയുന്നു.
മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ഫെബ്രുവരി 21-ന് പുലര്‍ച്ചെ ഒന്നരയോടെ വീട്ടുമുറ്റത്തുവെച്ചാണ് കൊലപ്പെടുത്തിയത്. ബി.ജെ.പി. തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ്, സെക്രട്ടറി പ്രതീഷ് എന്ന മള്‍ട്ടി പ്രജി എന്നിവരടക്കം 17 പേരാണ് കേസിലെ പ്രതികള്‍. മൂന്നും നാലും പ്രതികളായ ചാലക്കര മീത്തലെ കേളോത്ത് വീട്ടില്‍ ദീപക് എന്ന ഡ്രാഗണ്‍ ദീപു (30), ന്യൂമാഹി ഈയ്യത്തുങ്കാട് പുത്തന്‍പുരയില്‍ പുണര്‍തത്തില്‍ നിഖില്‍ എന്‍. നമ്പ്യാര്‍ (27) എന്നിവര്‍ ഒളിവിലാണ്.
Content Highlights: widow of murdered cpm worker demands prohibition of judge from considering bail plea of accused
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..