നാലാംശനിയിലെ അവധി സാമ്പത്തിക ലാഭം കൊണ്ടുവരുമോ? കെണിയാകുമെന്ന ഭീതിയില്‍ ജീവനക്കാര്‍


വിഷ്ണു കോട്ടാങ്ങല്‍

representative image| Photo: AP

സാമ്പത്തികമായി പ്രതിസന്ധി ഘട്ടത്തില്‍ കൂടിയാണ് സംസ്ഥാനം കടന്നുപോകുന്നത്. നിത്യനിദാന ചെലവുകള്‍ക്ക് പോലും കടമെടുക്കേണ്ട അവസ്ഥ. സംസ്ഥാനത്തിന്റെ പൊതുകടം കണക്കാക്കുന്നതില്‍ കേന്ദ്രം വരുത്തിയ മാറ്റവും കടമെടുപ്പ് പരിധി കുറയുകയും ചെയ്തതോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തെ കാത്തിരിക്കുന്നത്‌.

ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്നത് കേന്ദ്രം നിര്‍ത്താനൊരുങ്ങുന്നു. അങ്ങനെ നോക്കുമ്പോള്‍ വരുമാനമാര്‍ഗം കുറയുമ്പോള്‍ ചെലവ് കുറയ്ക്കുക എന്നതല്ലാതെ മറ്റുവഴി സര്‍ക്കാരിന് മുന്നിലില്ല. ഈ സാഹചര്യത്തിലാണ് രണ്ടാംശനിയാഴ്ച പോലെ മാസത്തിലെ നാലാം ശനിയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി ദിനമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ഭരണപരിഷ്‌കാര കമ്മീഷന്‍ അത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നു.

ഇതിനിടെ ഭരണ ചെലവ് കുറയ്ക്കാനുള്ള ചര്‍ച്ചകള്‍ക്കിടെ വകുപ്പ് സെക്രട്ടറിമാരാണ് ഇത്തരമൊരു ആവശ്യം വീണ്ടും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നത്. നാലാംശനി അവധി നല്‍കിയാല്‍ സര്‍ക്കാരിന് സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഓഫീസ് ആവശ്യങ്ങള്‍ക്കായി വരുന്ന അതിഭീമമായ ഇന്ധന ചെലവ്, വൈദ്യുതി ചെലവ്, വെള്ളം എന്നിവ ലാഭിക്കാമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ മാസത്തിലെ എല്ലാ ഞായറാഴ്ചയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയാണ് എന്നതുപോലെ എല്ലാ ശനിയാഴ്ചയും അവധിയാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നാലാം ശനിയെ അവധി ദിനമാക്കുന്നതെന്ന ആശങ്ക സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ട്.

നിലവിലുള്ള ഏഴ് മണിക്കൂര്‍ ജോലിസമയം വര്‍ധിപ്പിക്കേണ്ടിവരും എന്നതാണ് ജീവനക്കാരുടെ എതിര്‍പ്പിന് കാരണമാകുന്നത്. നിലവില്‍ 10.15 മുതല്‍ 5.15 വരെയാണ് ജോലിസമയം. ഉച്ചഭക്ഷണത്തിന് 45 മിനിറ്റ് ഇടവേളയും ഉള്‍പ്പെടെയാണ് ഈ സമയക്രമം. നാലാം ശനി കൂടി അവധിയാക്കിയാല്‍ ആകെ ജോലി ചെയ്യേണ്ട സമയം ഉയര്‍ത്തേണ്ടി വരും. ഇങ്ങനെ ചെയ്യുമ്പോള്‍ ജീവനക്കാരുടെ ജോലിസമയം വര്‍ധിക്കുമെങ്കിലും അതുകൊണ്ട് സര്‍ക്കാരിന് അധിക ചെലവ് വരുന്നുമില്ല. ഈയൊരു സാഹചര്യത്തില്‍ നാലാം ശനി അവധിയാക്കണമെന്ന് സര്‍ക്കാര്‍ ഉറച്ചുതന്നെ മുന്നോട്ടുപോവുകയാണ്.

കേന്ദ്രത്തിനെ കോപ്പിയടിച്ചാല്‍ രക്ഷപ്പെടാനാകുമോ?

കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ അവധി നല്‍കി ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനമാക്കിയാല്‍ നന്നാകുമെന്ന ആശയം ചില കോണുകളില്‍നിന്ന് നേരത്തെ തന്നെ ഉയര്‍ന്നു തുടങ്ങിയതാണ്. അങ്ങനെ വന്നാല്‍ ഓഫീസ് ആവശ്യങ്ങള്‍ക്കായി വരുന്ന അതിഭീമമായ ഇന്ധന ചെലവ്, വൈദ്യുതി ചെലവ്, വെള്ളം തുടങ്ങിയവ കുറയ്ക്കാനാകും. ആഴ്ചയില്‍ രണ്ട് അവധി ദിനങ്ങള്‍ നല്‍കുന്നതിലൂടെ ജീവനക്കാര്‍ക്ക് ജോലി സമ്മര്‍ദ്ദത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ ആവശ്യമായ സമയം നല്‍കാനുമാകും.

ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനം മാത്രമാക്കുന്നതിലൂടെ ജീവനക്കാരുടെ ആകെ ജോലി സമയത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ പ്രതിദിന ജോലിസമയം വർധിപ്പിക്കാമെന്ന കണക്കുകൂട്ടലാണ് സർക്കാരിനുള്ളത്. ഇതിന്റെ ട്രയല്‍ റണ്ണായാണ് നാലാംശനി അവധിയാക്കുന്നതിനെ കാണുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ജോലിസമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ച് രാവിലെ 9.15 മുതല്‍ 5.15 വരെയായി ക്രമീകരിക്കുകയാണ് ചെയ്യേണ്ടി വരിക. ഇതിനോട് എങ്ങനെയാണ് ജീവനക്കാര്‍ പ്രതികരിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

എതിര്‍ത്ത് ഇടത് സര്‍വീസ് സംഘടനകളും

സര്‍ക്കാര്‍ നാലാംശനിയാഴ്ച അവധിയാക്കാനുറച്ച് നീങ്ങുമ്പോള്‍ അതിനെ എതിര്‍ക്കുന്നതില്‍ ഭരണാനുകൂല സര്‍വീസ് സംഘടനകളുമുണ്ട്. ഇക്കാര്യത്തില്‍ ഭരണ- പ്രതിപക്ഷ ഭേദമൊന്നുമില്ല. വര്‍ഷം 20 കാഷ്വല്‍ ലീവുകളാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. നാലാം ശനിയാഴ്ച അവധിയാകുമ്പോള്‍ അതുകൂടി കണക്കിലെടുത്ത് കാഷ്വല്‍ ലീവ് 15 ആയി കുറയ്ക്കണമെന്ന ഉപാധിയാണ് സര്‍വീസ് സംഘടനകളുടെ എതിര്‍പ്പിന് പ്രധാന കാരണം.

നാലാംശനി അവധിയാക്കുമ്പോള്‍ ഒരുവര്‍ഷം 12 അവധി ദിനങ്ങളാണ് ജീവനക്കാര്‍ക്ക് അധികമായി ലഭിക്കുന്നത്. അതിനുപകരം കാഷ്വല്‍ ലീവില്‍ അഞ്ച് ദിനങ്ങള്‍ കുറയ്ക്കണമെന്നാണ് സര്‍ക്കാര്‍ ഉപാധിവെച്ചത്. അതോടൊപ്പം പ്രവൃത്തിസമയം ദിവസം അരമണിക്കൂര്‍ ദീര്‍ഘിപ്പിക്കുന്ന കാര്യം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജനുവരി 10-ന് നടത്തിയ ചര്‍ച്ചയില്‍ ഉന്നയിക്കുകയും ചെയ്തു. നാലാംശനിയാഴ്ച അവധി ആക്കുമ്പോള്‍ നഷ്ടപ്പെടുന്ന തൊഴില്‍ദിനങ്ങള്‍ ക്രമീകരിക്കുന്നതിന് നിലവിലെ ജോലി സമയത്തില്‍ ആകെ അരമണിക്കൂര്‍ വര്‍ധന വരുത്തണമെന്ന നിർദേശം ചീഫ് സെക്രട്ടറി മുന്നോട്ടു വെച്ചു. ജോലിക്ക് കയറുന്ന സമയം 15 മിനിറ്റ് നേരത്തെയാക്കുകയും ജോലി കഴിഞ്ഞ് ഇറങ്ങുന്ന സമയം 15 മിനിറ്റ് വൈകിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു സമവായമെന്ന നിലയിലുള്ള നിർദേശം.

എന്നാല്‍, സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങളില്‍ വീഴാതെ സര്‍വീസ് സംഘടനകള്‍ നാലാം ശനി അവധി വേണ്ട എന്ന നിലപാടില്‍ ഉറച്ചുനിന്നു. അത് മാത്രമല്ല മത- സാമുദായിക സംഘടനകളുടെ ആഘോഷങ്ങളുടെയോ പരിപാടികളുടെയോ ഭാഗമായി നല്‍കുന്ന അവധികള്‍ കൂടി ഒഴിവാക്കണമെന്ന നിര്‍ദ്ദേശംകൂടി ജീവനക്കാർ മുന്നോട്ടുവെച്ചു എന്നതും ശ്രദ്ധേയമാണ്.

ആശ്രിത നിയമനത്തിന് പകരം ആശ്രിത ധനം

മെഡിസെപ്, അക്സസ് കണ്‍ട്രോള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ജീവനക്കാര്‍ക്ക് അതൃപ്തിയുണ്ട്. ഇതിന്റെ ഇടയിലാണ് ജോലിസമയം വര്‍ധിപ്പിക്കേണ്ടിവരുന്നതുമൂലമുള്ള സമ്മര്‍ദ്ദംകൂടി വരുന്നത്. ഇതിനിടെയാണ് ഇരുട്ടടിപോലെ ആശ്രിത നിയമനത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി ഉത്തരവും വരുന്നത്. അതുവരെ 24-05-1999ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ആശ്രിത നിയമനം നടന്നിരുന്നത്. എന്നാല്‍ ഹൈക്കോടതി വിധി പ്രകാരം ഓരോ വകുപ്പിലും ഓരോ ജില്ലയിലും ഓരോ തസ്തികയിലും ഉണ്ടാകുന്ന വാര്‍ഷിക ഒഴിവുകളുടെ അഞ്ച് ശതമാനം മാത്രമേ ഇനി ആശ്രിത നിയമനം നടത്താന്‍ കഴിയു. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളുകയും ചെയ്തതോടെ ഇതിലുള്ള നിയമനടപടികളില്‍ ഇനി പ്രതീക്ഷയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

ആശ്രിതനിയമനം അഞ്ച് ശതമാനമായി നിജപ്പെടുത്തുമ്പോള്‍ അത്തരം നിയമനങ്ങള്‍ക്ക് കാലതാമസമുണ്ടാകുമെന്ന സ്ഥിതിവരും. നിലവില്‍ തന്നെ ആശ്രിത നിയമനത്തിനുണ്ടാകുന്ന കാലതാമസം സര്‍വീസ് സംഘടനകള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. അത് കൂടുതല്‍ രൂക്ഷമാകുകയും ഭാവിയില്‍ എല്ലാ അപേക്ഷകര്‍ക്കും നിയമനം നല്‍കാന്‍ കഴിയാതെവരികയും ചെയ്യുന്ന സാഹചര്യമുണ്ടാകും. ഇത് ഒഴിവാക്കാനുള്ള ഫോര്‍മുലയാണ് പ്രധാനം.

സര്‍വീസിലിരിക്കെ മരിക്കുന്ന ഉദ്യോഗസ്ഥരുടെ യോഗ്യനായ ആശ്രിതര്‍ക്ക് ഒരുവര്‍ഷത്തിനകം ലഭിക്കുന്ന നിയമനമോ അല്ലെങ്കില്‍ സമാശ്വാസധനമായി 10 ലക്ഷം രൂപയോ സ്വീകരിക്കാമെന്നതാണ് പരിഹാര നിര്‍ദ്ദേശം. ഇത്തരത്തില്‍ സമാശ്വാസധനം സ്വീകരിച്ചാല്‍ പിന്നീട് ആശ്രിത നിയമനത്തിന് അവകാശമുന്നയിക്കാനാകില്ല. എന്നാല്‍ ഇതിനോടും സര്‍വീസ് സംഘടനകള്‍ക്ക് വിയോജിപ്പുണ്ട്. കോടതി വിധിയുടെ സാഹചര്യം വിശദീകരിച്ചെങ്കിലും ആശ്രിതനിയമനം നിലവിലെ രീതിയില്‍തന്നെ മതിയെന്ന നിലപാടാണ് സര്‍വീസ് സംഘടനകള്‍ക്ക്. ആശ്രിതനിയമനം ഒരുവര്‍ഷത്തിനകം ലഭിക്കാത്തവരെ 10 ലക്ഷം രൂപ കൊടുത്ത് ഒഴിവാക്കുന്നതിനോടാണ് ഇവര്‍ എതിര്‍പ്പുന്നയിക്കുന്നത്.

എതിര്‍പ്പുകള്‍ കാര്യമായി ഉയര്‍ന്നെങ്കിലും മുമ്പ് പലകാര്യങ്ങളിലും സ്വീകരിച്ചതുപോലെ ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. ബയോമെട്രിക് പഞ്ചിങ്, അക്സസ് കണ്‍ട്രോള്‍ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ എതിര്‍പ്പിനെ മുഖവിലയ്ക്കെടുക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നു. എന്നാല്‍, ആശ്രിത നിയമനമൊഴികെ നാലാം ശനിയാഴ്ച അവധി ആക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തുടര്‍ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

അതേസമയം, ബാങ്കുകള്‍ക്ക് സമാനമായി നാലാംശനിയാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയാക്കുന്നതിനോട് പൊതുജനത്തിന്റെ ഭാഗത്തുനിന്ന് അനുകൂല മനോഭാവമില്ല എന്നതാണ് സത്യം. ഗ്രാമീണ മേഖലകളില്‍ മാത്രമല്ല നഗരങ്ങളിലും സാധാരണ ജനം ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ വിവിധ ആവശ്യങ്ങള്‍ക്ക് സമീപിക്കുന്നുണ്ട്. നാലാം ശനിയും അവധിയാക്കിയാല്‍ സേവനങ്ങള്‍ ലഭിക്കുന്നത് നിയന്ത്രിക്കപ്പെടുമെന്ന ആശങ്ക അവര്‍ക്കുണ്ട്. എന്നാല്‍, അതില്‍ വലിയ ആശങ്ക വേണ്ടതില്ലെന്ന മനോഭാവമാണ് സര്‍ക്കാരിന്. സേവനങ്ങള്‍ മിക്കതും ഓണ്‍ലൈനായി ലഭിക്കുമെന്നിരിക്കെ നിരന്തരം സര്‍ക്കാരോഫീസുകള്‍ കയറി ഇറങ്ങേണ്ടി വരുന്ന പഴയ സാഹചര്യം ഇപ്പോഴില്ല എന്നതാണ് മറുവാദം.

Content Highlights: 4th Saturday holiday, kerala state employees


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented