തിരുവനന്തപുരം: വിവാദ സ്പ്രിംങ്കളര്‍ കരാറിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കരാറിനും സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കെ എസ് ശബരീനാഥന്‍ എം എല്‍ എ. പ്രതിദിനം 5000 രോഗികള്‍ കടക്കുമ്പോള്‍ സ്പ്രിങ്ക്‌ളര്‍ സേവനങ്ങള്‍ അനിവാര്യമല്ലെയെന്നും മറിച്ച് ഈ കാലയളവില്‍ അവരുടെ ഒരു സേവനവും ഉപയോഗിച്ചിട്ടില്ലെങ്കില്‍ പിന്നെന്തിന് കോടതിയില്‍ 'സ്പ്രിങ്ക്‌ളര്‍ ഉയിര്‍' എന്ന് സര്‍ക്കാര്‍  വാദിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു.

സ്പ്രിങ്ക്‌ളര്‍ ഇല്ലാതെ കേരളത്തില്‍ കോവിഡ് പ്രതിരോധം നടത്താന്‍ കഴിയുകയില്ല എന്നാണ് സര്‍ക്കാര്‍ കൊണ്ടുവന്ന വിദഗ്ധ അഭിഭാഷകന്‍ വാദിച്ചത്. പ്രതിപക്ഷം ഇടപെട്ടില്ലായിരുന്നെങ്കില്‍ ഡാറ്റാ കച്ചവടം നടക്കുമായിരുന്നു എന്നും സര്‍ക്കാര്‍ യു ടേണ്‍ അടിച്ചത് പ്രതിപക്ഷ ഇടപെടലുകള്‍ കൊണ്ട് മാത്രമാണ്. ഈ അവസരത്തില്‍ സ്പ്രിങ്ക്‌ളര്‍ സേവനങ്ങളെക്കുറിച്ച്  ഒരു ധവളപത്രം ഇറക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ശബരീനാഥന്‍ തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

സ്പ്രിങ്ക്‌ളറും കോവിഡും പിന്നെ കേരളവും 

കോവിഡ് കാലത്ത് കേരള സര്‍ക്കാര്‍ ആരംഭിച്ച വിവാദ സ്പ്രിങ്ക്‌ളര്‍ കരാറിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. കോവിഡിന്റെ  മറവില്‍ ഡാറ്റാ തട്ടിപ്പ് നടത്തുവാന്‍  വേണ്ടി ആരോഗ്യ വകുപ്പും നിയമവകുപ്പും ഒന്നും അറിയാതെ ഏകപക്ഷീയമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ  നേതൃത്വത്തില്‍ കരാറൊപ്പിട്ടു. പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോള്‍ എല്ലാ മാധ്യമങ്ങളിലും, എന്തിന്  സിപിഐ പാര്‍ട്ടി ആസ്ഥാനത്തുപോലും  സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറാണ്. പിന്നീട് ഇതേ വ്യക്തി സ്വര്‍ണക്കടത്ത് വിവാദത്തില്‍ NIA അടക്കമുള്ള ഏജന്‍സികള്‍ ദിവസങ്ങള്‍  ചോദ്യം ചെയ്തു എന്നത് മറ്റൊരു കാര്യം.

കേരള ഹൈക്കോടതിയില്‍ പ്രതിപക്ഷ നേതാവിന്റെ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ  പരാതിയിന്‍മേല്‍ കോടതി  വാദം കേള്‍ക്കുമ്പോള്‍ മുംബൈയില്‍ നിന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന വിദഗ്ധ വക്കീല്‍  വാദിച്ചത് 'സ്പ്രിങ്ക്‌ളര്‍ ഇല്ലാതെ കേരളത്തില്‍  കോവിഡ് പ്രതിരോധം നടത്താന്‍ കഴിയുകയില്ല ' എന്നുള്ളതാണ്. കരാര്‍ അവസാനിക്കുന്നു ഈ ദിവസത്തില്‍ മൂന്ന് പ്രധാനപ്പെട്ട ചോദ്യങ്ങളാണ് നമ്മള്‍ ഉന്നയിക്കുന്നത്.

1) ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചതുപോലെ സ്പ്രിങ്ക്‌ളര്‍ ഇല്ലാതെ രോഗം നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ പ്രതിദിവസം 5000 രോഗികള്‍ കടക്കുമ്പോള്‍ സ്പ്രിങ്ക്‌ളര്‍ സേവനങ്ങള്‍ അനിവാര്യമല്ലേ? മറിച്ച് ഈ കാലയളവില്‍ അവരുടെ ഒരു സേവനവും ഉപയോഗിച്ചിട്ടില്ലെങ്കില്‍ പിന്നെന്തിന് കോടതിയില്‍ 'സ്പ്രിങ്ക്‌ളര്‍ ഉയിര്‍' എന്ന് സര്‍ക്കാര്‍  വാദിച്ചു? 

2)  നാളിതുവരെ എന്തു വിദഗ്ധ സേവനമാണ് കേരളത്തിനുവേണ്ടി  സ്പ്രിങ്ക്‌ളര്‍  നടത്തിയിട്ടുള്ളത്? ആരോഗ്യവകുപ്പ് താഴെ തട്ടില്‍ ശേഖരിക്കുന്ന ഡേറ്റ CDIT തനതായ വികസിപ്പിച്ച സംവിധാനത്തിലൂടെയല്ലേ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നത്?
 
3) ഈ കാലയളവില്‍  എന്തെങ്കിലും തരത്തിലുള്ള ഒരു റിവ്യൂ മീറ്റിംഗ്  ആരോഗ്യ വകുപ്പുമായിട്ടോ ത്രിതല പഞ്ചായത്ത് വകുപ്പായിട്ടോ  സ്പ്രിങ്ക്‌ളര്‍ നടത്തിയിട്ടുണ്ടോ? ഇല്ല എന്നുള്ളതാണ് എന്റെ അറിവ്. ആരോഗ്യ വകുപ്പ് അറിയാതെ എന്ത് കോവിഡ് പ്രതിരോധമാണ് ഇവര്‍ നടത്തിയത്? 
ചുരുക്കി പറഞ്ഞാല്‍, പ്രതിപക്ഷം ശക്തമായ ഇടപെട്ടില്ലായിരുന്നെങ്കില്‍ നമ്മളാരും അറിയാതെ ഈ ഡാറ്റാ കച്ചവടം നടക്കുമായിരുന്നു എന്നുള്ളത് സുവ്യക്തം. സര്‍ക്കാര്‍ U Turn അടിച്ചത് പ്രതിപക്ഷ ഇടപെടലുകള്‍ കൊണ്ട് മാത്രം.
ഈ അവസരത്തില്‍ സ്പ്രിങ്ക്‌ളര്‍ സേവനങ്ങളെക്കുറിച്ച്  ഒരു ധവളപത്രം ഇറക്കുവാന്‍ സര്‍ക്കാരയ്യാറാകണം.

സ്പ്രിങ്ക്ളറും കോവിഡും പിന്നെ കേരളവും ------- കോവിഡ് കാലത്ത് കേരള സർക്കാർ ആരംഭിച്ച വിവാദ സ്പ്രിങ്ക്ളർ കരാറിന്റെ...

Posted by Sabarinadhan K S on Wednesday, 23 September 2020

Content Highlights: why government claim for sprinklr if no service used KS Sabrinathan