ഗോൽ മത്സ്യം | Photo : Facebook / Kesari Fish
നീണ്ടകര തുറമുഖത്ത് കഴിഞ്ഞ ദിവസം മൂന്ന് മീനുകള്‍ക്ക് ലേലത്തില്‍ ലഭിച്ചത് രണ്ടേകാല്‍ ലക്ഷം രൂപയാണ്. ഇത്രയധികം വില ലഭിച്ച ആ മീനുകളെ കുറിച്ച് കൂടുതലറിയാത്തവര്‍ ആ ലേലം കണ്ട് ഒന്നമ്പരന്നിട്ടുണ്ടാവണം. കാരണം കേരളത്തിലെ മീന്‍പിടുത്തക്കാരുടെ വലയിലോ വഞ്ചിയിലോ വന്നുപെടാനോ വില്‍പനക്കെത്തിക്കാനോ സാധ്യതയില്ലാത്ത 'ഗോല്‍' എന്ന മത്സ്യമാണ് ശക്തികുളങ്ങരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 'മനു' എന്ന വഞ്ചിയിലുള്ളവരുടെ വലയില്‍ പെട്ടത്.
മലയാളികള്‍ 'പട്ത്തികോര' എന്ന് വിളിക്കുന്ന ഗോല്‍ മത്സ്യത്തിന്റെ അപരനാമം'സീ ഗോള്‍ഡ്' ( Sea Gold) എന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍ 'കടലിലെ പൊന്നാ'ണ് പൊന്നുംവിലയുള്ള ഗോല്‍ (Ghol Fish). ഇന്ത്യയില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ തീരങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന പട്ത്തികോരയ്ക്ക് സിംഗപ്പൂര്‍, മലേഷ്യ, ഹോങ്കോങ്, ജപ്പാന്‍ എന്നിവടങ്ങളില്‍ വന്‍ ഡിമാന്‍ഡാണ്. വലിപ്പത്തിനും ഭാരത്തിനും അനുസരിച്ചാണ് ഗോല്‍ മത്സ്യത്തിന്റെ വില നിര്‍ണയിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമുദ്രമത്സ്യമാണ് ഗോല്‍.
ഗോല്‍ മത്സ്യത്തിന്റെ വന്‍ വിലയ്ക്ക് പിന്നില്‍
ഗോല്‍ മത്സ്യത്തിന്റെ അതിരുചിയാണ് വന്‍ ഡിമാന്‍ഡിനും വിലയ്ക്കും പിന്നിലെന്ന് കരുതിയാല്‍ തെറ്റി. ആമാശയത്തില്‍ കാണപ്പെടുന്ന ബ്ലാഡറാണ് ഈ മത്സ്യത്തിന്റെ വന്‍വിലയ്ക്ക് പിന്നില്‍. ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ വലുതും പ്രധാനപ്പെട്ടതുമായ ശസ്ത്രക്രിയകള്‍ക്കാവശ്യമായ നൂല് നിര്‍മാണത്തിന് ഈ ബ്ലാഡറാണ് ഉപയോഗിക്കുന്നത്. കൂടാതെ, ഗോല്‍ മത്സ്യത്തിന് വിവിധതരത്തിലുള്ള ഔഷധഗുണങ്ങളുണ്ടെന്നാണ് പൊതുവെയുള്ള വിശ്വാസം. ലൈംഗികശേഷിയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കാനും വൃക്കയിലെ കല്ല് നീക്കാനും ഗോല്‍ മത്സ്യം പ്രയോജനപ്പെടും എന്ന് കരുതപ്പെടുന്നു. അയഡിന്‍, ഒമേഗ-3, അയണ്‍, മഗ്നീഷ്യം, ഫ്‌ളൂറൈഡ്, സെലിനിയം തുടങ്ങി നിരവധി പോഷകഘടകങ്ങളുടെ കലവറയാണ് ഗോല്‍ മത്സ്യം.
നീണ്ടകര തുറമുഖത്ത് കഴിഞ്ഞ ദിവസം ലഭിച്ച പട്ത്തികോരയ്ക്കായി നടന്ന ലേലംവിളി
മത്സ്യത്തില്‍ നിന്ന് ലഭിക്കുന്ന വിറ്റാമിനുകള്‍, മാംസ്യങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവ കാഴ്ചശക്തി ബലപ്പെടുത്താനും നിലനിര്‍ത്താനും സഹായിക്കും. ഇതിന്റെ മാംസത്തിലടങ്ങിയിരിക്കുന്ന കൊളാജെന്‍ ചര്‍മത്തിലുണ്ടാകുന്ന ചുളിവുകള്‍ അകറ്റിനിര്‍ത്തും. ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗോല്‍മത്സ്യത്തിന്റെ ഉപഭോഗം സഹായിക്കുമെന്ന് കരുതപ്പെടുന്നു. ഗോല്‍ മത്സ്യം സ്ഥിരമായി കഴിക്കുന്ന കുട്ടികളില്‍ മസ്തിഷ്‌കകോശങ്ങളുടെ വികാസമുണ്ടാകുകയും ബുദ്ധിക്ഷമത വര്‍ധിക്കുകയും ചെയ്യും. മീനിലടങ്ങിയിരിക്കുന്ന ഒമേഗ-3 ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ പേശികളുടെ ബലം വര്‍ധിക്കാന്‍ സഹായിക്കുന്ന ധാരാളം ധാതുക്കളും വിറ്റാമിന്‍-സി അടക്കമുള്ള വിറ്റാമിനുകളും ഗോല്‍ മത്സ്യത്തില്‍ നിന്ന് ലഭിക്കും.
പെണ്‍മത്സ്യങ്ങളേക്കാള്‍ ആണ്‍മത്സ്യങ്ങള്‍ക്കാണ് കൂടുതല്‍ വില ലഭിക്കുന്നത്. 30 കിലോഗ്രാം ഭാരമുള്ള ആണ്‍മത്സ്യത്തിന് നാല്-അഞ്ച് ലക്ഷം രൂപയും പെണ്‍മത്സയത്തിന് ഒന്ന്-രണ്ട് ലക്ഷം രൂപ വരെയുമാണ് മാര്‍ക്കറ്റിലെ വില. മത്സ്യത്തിന്റെ വലിപ്പത്തിനനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകും. മത്സ്യത്തിന്റെ ഭോട്ട് (bhot) എന്നറിയപ്പെടുന്ന ആന്തരികാവയവങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. മുംബൈയിലെ സത്പതിയില്‍ ഭോട്ടിന് കിലോയ്ക്ക് അഞ്ച്-ആറ് ലക്ഷം രൂപ വരെയാണ് വില. എന്നാല്‍ ഗോലിന്റെ മാംസത്തിന് കിലോയ്ക്ക് 500-600 രൂപ വരെയേ വിലയുള്ളൂ. വൈന്‍ ശുദ്ധീകരണത്തിലും സൗന്ദര്യവര്‍ധകവസ്തുക്കളുടെ നിര്‍മാണത്തിലും ഗോല്‍ മത്സ്യം ഉപയോഗിച്ചു വരുന്നു.
ഒറ്റദിവസംകൊണ്ട് മത്സ്യത്തൊഴിലാളികളെ കോടിപതിയാക്കിയ മീന്‍!
പ്രോട്ടോണിബിയ ഡയകാന്തസ് (Protonibea diacanthus) എന്നാണ് ഗോല്‍ മത്സ്യത്തിന്റെ ശാസ്ത്രനാമം. 2021 സെപ്തംബറില്‍ മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ മത്സ്യത്തൊഴിലാളിയായ ചന്ദ്രകാന്ത് താരെയ്ക്ക് ലഭിച്ച 157 ഗോല്‍ മത്സ്യങ്ങള്‍ 1.33 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവടങ്ങളിലെ വ്യാപാരികളാണ് ഇത്രയധികം തുക നല്‍കി മീനുകളെ വാങ്ങിയത്. മണ്‍സൂണിനെ തുടര്‍ന്ന് മത്സ്യബന്ധത്തിനേര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച ദിവസം കടലിലേക്ക് പോയതായിരുന്നു ചന്ദ്രകാന്ത് താരേയും സംഘവും. എന്തായാലും ഒറ്റ ദിവസം കൊണ്ട് ഗോല്‍ മത്സ്യം ജീവിതം മാറ്റിയ കഥയാണ് ചന്ദ്രകാന്ത് താരോയുടേത്.
2018-ലും പാല്‍ഘറിലെ സഹോദരന്‍മാര്‍ക്ക് ലഭിച്ച ഗോല്‍ മത്സ്യത്തിന് അഞ്ചരലക്ഷം രൂപ ലഭിച്ചിരുന്നു. രണ്ട് മാസത്തെ മത്സ്യബന്ധനനിരോധനത്തിന് ശേഷമാണ് മഹേഷ് ദാജി മെഹറും ഭാരത് മെഹറും കടലിലേക്ക് പോയത്. അവര്‍ക്ക് ലഭിച്ച മുപ്പത് കിലോ ഗോല്‍ മത്സ്യം ഇരുവരേയും ലക്ഷാധിപതികളാക്കി.
കേരളത്തില്‍ നീണ്ടകരയില്‍ ഗോല്‍ മത്സ്യം ലഭിക്കുന്നതിന് ഒരാഴ്ച മുമ്പ് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയ്ക്ക് പട്ത്തികോര എന്ന ഗോല്‍ മത്സ്യം ലഭിച്ചിരുന്നു. 20.6 കിലോഗ്രാം തൂക്കമുള്ള മത്സ്യത്തിന് 59,000 രൂപ ലഭിച്ചിരുന്നു.
Content Highlights: Why Are Ghol Fish So Expensive?


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..