ബിനു പുളിക്കക്കണ്ടം, ജോസ് കെ മാണി | Photo:lsgkerala.gov.in, Mathrubhumi
പാലാ: പാലാ നഗരസഭയുടെ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിനുള്ള തീരുമാനം വൈകുംതോറും പാലായില്‍ അഭ്യൂഹങ്ങളുടെ പ്രചാരണം. ബുധനാഴ്ച പാലായില്‍ സമൂഹ മാധ്യമങ്ങളിലൂടെ വിവിധ പാര്‍ട്ടികളുടെയും നേതാക്കളുടെയും അനുഭാവികളും ഓരോ നിലപാടുകളുമായി ശക്തമായ പോരാട്ടത്തിലായിരുന്നു. സി.പി.എമ്മിന്റെ ചിഹ്നത്തില്‍ മത്സരിച്ച അംഗമായ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കുന്നത് കേരള കോണ്‍ഗ്രസ് എം. എതിര്‍ക്കുന്നതിനാലാണ് തീരുമാനം വൈകുന്നത്. പരസ്യമായി ഇത്തരമൊരു ആവശ്യം പാര്‍ട്ടി ഉന്നയിച്ചിട്ടില്ലെന്നതാണ് കൗതുകം.
പാലായുടെ പകല്‍
- സി.പി.എമ്മിന്റെയും ഇടതു മുന്നണിയുടെയും പാര്‍ലമെന്ററി പാര്‍ട്ടി യോഗം ബുധനാഴ്ച വൈകീട്ട് പാലാ സി.പി.എം. പാര്‍ട്ടി ഓഫീസില്‍ നടക്കുമെന്ന് പ്രചാരമുണ്ടായി. യോഗത്തില്‍ ചെയര്‍മാനെ പ്രഖ്യാപിക്കുമെന്നും പ്രചരിപ്പിക്കപ്പെട്ടു. പാര്‍ട്ടികളുടെയും മുന്നണികളുടെയും നേതാക്കള്‍ ഇതു ശരിവച്ചു. ചെയര്‍മാനെ പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങളിലും നിറഞ്ഞു.
- കേരള കോണ്‍ഗ്രസ് എം.കൗണ്‍സിലറും സി.പി.എം.അംഗം ബിനു പുളിക്കക്കണ്ടവും തമ്മില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കൗണ്‍സില്‍ ഹാളിലുണ്ടായ സംഘര്‍ഷത്തിന്റെ പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബൈജു കൊല്ലംപറമ്പിലിനെ ബിനു പുളിക്കക്കണ്ടം മറ്റ് കൗണ്‍സിലര്‍മാരുടെ നടുവില്‍നിന്ന് അടിക്കുന്നതാണ് പുതിയ വീഡിയോദൃശ്യം. ഇത് ബിനുവിനെതിരേ ശക്തമായ ആയുധമാക്കി ഒരുപക്ഷം രംഗത്തുവന്നു.
- ചെയര്മാന് സ്ഥാനത്തേക്ക്, കേരള കോണ്‍ഗ്രസ് സമ്മര്‍ദത്തിന് വഴങ്ങി സി.പി.എം. മറ്റൊരാളെ പ്രഖ്യാപിക്കുമെന്ന പ്രചാരണം.
- ചെയര്‍മാനെ പ്രഖ്യാപിക്കേണ്ടത് സി.പി.എം. ആണെന്നും അവരുടെ തീരുമാനം അംഗീകരിക്കുമെന്ന കേരള കോണ്‍ഗ്രസ് എം. ചെയര്മാന് ജോസ് കെ.മാണിയുടെയും സ്റ്റീഫന്‍ ജോര്‍ജിന്റെയും പ്രസ്താവനകള്‍ കേരള കോണ്‍ഗ്രസ് വഴങ്ങുന്നതിന്റെ സൂചനയാണെന്ന് പ്രചാരണമുണ്ടായി. എന്നാല്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് മറുപ്രചാരണവുമായി കേരള കോണ്‍ഗ്രസിന്റെ അനുഭാവികളും രംഗത്തെത്തി.
- ഇതിനിടെ വൈകീട്ടു നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ മാറ്റിവെയ്ക്കുന്നതായി അറിയിപ്പ് വന്നു. യോഗം വ്യാഴാഴ്ച രാവിലെ ഒന്‍പതിന് നടക്കുമെന്ന് പ്രാദേശിക നേതാക്കള്‍ അറിയിച്ചു. ഇത് കേരള കോണ്‍ഗ്രസ് സമ്മര്‍ദം ശക്തമാക്കിയതിന്റെ ഫലമാണെന്ന് പ്രചാരണം. സി.പി.എം. നേതാക്കള്‍ സമ്മര്‍ദത്തിലാണെന്നും പ്രതീതിയുണ്ടായി.
- വ്യാഴാഴ്ച രാവിലെ ഇടതു മുന്നണി മണ്ഡലം യോഗം പാലായിലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാത്രി സി.പി.എം. സെക്രട്ടേറിയറ്റ് ചേര്‍ന്ന് കേരള കോണ്‍ഗ്രസിനെ തീരുമാനം അറിയിക്കുമെന്നും വ്യക്തതയുണ്ടായി.
Content Highlights: who will get the chairmanship of pala municipality
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..