തിരുവനന്തപുരം: പ്രതിപക്ഷനേതാവ് ആരെന്ന കാര്യത്തില്‍ ഏകാഭിപ്രായമില്ലാതെ എ-ഐ ഗ്രൂപ്പുകള്‍ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ ഇന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നുണ്ട്. ഹൈക്കമാന്‍ഡ് നിരീക്ഷകരായി  മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വൈദ്യലിംഗം എന്നിവര്‍ എംഎല്‍എമാരെ പ്രത്യേകം പ്രത്യേകം കാണും. 

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാവായി ആരെ പിന്തുണക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി എ ഗ്രൂപ്പ് എംഎല്‍എമാരുടെ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഏകാഭിപ്രായത്തിലെത്താതെ യോഗം പിരിഞ്ഞു. 

എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളായ കെ.സി.ജോസഫ് ഉള്‍പ്പടെയുളള നേതാക്കള്‍ രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായി തുടരട്ടേ എന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ രണ്ട്‌ എംഎല്‍എമാര്‍ ചെന്നിത്തല തുടരുന്നതില്‍ എതിര്‍പ്പ് അറിയിച്ചു. എന്നാല്‍ മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയില്ല. 

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പോലുളള നേതാക്കള്‍ക്ക് ഗ്രൂപ്പില്‍ നിന്ന് പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഒരാളെ ഉയര്‍ത്തിക്കാണിക്കുന്നില്ലെന്ന പരാതിയും ഉണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്നവരാണ്. എന്നാല്‍ അങ്ങനെ ഒരു നീക്കം ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് വരാത്തതിലുളള ഒരു നീരസം അവരുടെ ഭാഗത്ത് ഉണ്ട്. 

ഐ ഗ്രൂപ്പിലാണെങ്കിലും രണ്ടഭിപ്രായമാണ് നിലവിലുളളത്. ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടേ എന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുമ്പോള്‍ കെ.സുധാകരന്‍ ഉള്‍പ്പടെയുളള ഒരു വിഭാഗം ചെന്നിത്തല മാറണമെന്ന അഭിപ്രായമുളളവരാണ്. വി.ഡി സതീശനെ പിന്തുണയ്ക്കുന്നവരും രമേശ് ചെന്നിത്തല മാറണമെന്ന അഭിപ്രായമുളളവരാണ്. 

അതേസമയം ഹൈക്കമാന്‍ഡ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഒരുപേര് നിര്‍ദേശിച്ചേക്കാമെന്നും സൂചനകളുണ്ട്.