വിജേഷ് പിള്ള, സ്വപ്‌ന സുരേഷ്, | Photo: Linkedin (Vijesh Pillai), Screengrab/Facebook (Swapna Suresh)
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് തനിക്ക് 30 കോടി വാഗ്ദാനം ചെയ്‌തെന്ന് സ്വപ്ന ആരോപിക്കുന്ന വിജയ് പിള്ളയുടെ യഥാർഥ പേര് വിജേഷ് പിള്ളയെന്ന് റിപ്പോർട്ട്. ലിങ്ക്ഡ് ഇന്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും ഈ പേരിലാണ് ഇയാള്‍ക്ക് അക്കൗണ്ടുള്ളത്. സ്വപ്‌ന ഫെയ്‌സ്ബുക്ക് ലൈവില്‍ വിജയ് പിള്ള എന്നാണ് പേര് പറഞ്ഞിരുന്നതെങ്കിലും അവരും അവരുടെ അഭിഭാഷകരും പുറത്തുവിട്ട രേഖകളില്‍ വിജേഷ് പിള്ള എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡബ്യൂ.ജി.എന്‍. ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന പദവിയാണ് ഇയാള്‍ വഹിക്കുന്നതെന്ന് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ സൂചിപ്പിക്കുന്നു. 2017-ല്‍ കൊച്ചി രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് കീഴിലാണ് ഈ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, കണ്‍സള്‍ട്ടന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന കമ്പനിയുടെ ഓഫീസ് കളമശേരിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെക്കൂടാതെ മറ്റൊരാള്‍ കൂടി കമ്പനിയുടെ ഡയറക്ടറാണ്.
അതേസമയം, വിജേഷ് പിള്ളയെ തിരക്കി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഓഫീസര്‍മാര്‍ എത്തിയിരുന്നതായി ഇയാളുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മോണ്‍ലാഷ് എന്ന കെട്ടിടത്തിന്റെ ഉടമ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 2017-ല്‍ ആറ് മാസം വിജേഷ് പിള്ളയുടെ സ്ഥാപനം കെട്ടിട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായി ബിസിനസ് സെന്‍റര്‍ ഉടമ ജാക്‌സണ്‍ പറഞ്ഞു. ആറ് മാസത്തിന് ശേഷം എന്ത് സംഭവിച്ചു എന്നറിയില്ല, ഇയാളെ കാണാതായി. സ്ഥാപനം പൂട്ടി. ഒരുലക്ഷം രൂപയോളം തങ്ങള്‍ക്ക് ഇയാള്‍ നല്‍കാനുണ്ട്. അതിന് ശേഷം ഇയാളെക്കുറിച്ച് വിവരമൊന്നും ഇല്ലെന്നും ജാക്‌സണ്‍ പറഞ്ഞു.
'ക്രെഡിറ്റ് കാര്‍ഡ് പോയിന്റുമായി ബന്ധപ്പെട്ട ഒരു ബിസിനസ് ആണെന്നാണ് ഓഫീസ് സ്‌പെയ്‌സ് എടുക്കാന്‍ വന്നപ്പോള്‍ നടത്തിയ പ്രാരംഭചര്‍ച്ചകളില്‍ ഇയാള്‍ പറഞ്ഞിരുന്നത്. വാടകകുടിശ്ശികയുണ്ടായിരുന്നു. അത് തരാതെയാണ് പോയത്. കുറേ തവണ ഫോളോ അപ്പ് ചെയ്തു, പക്ഷേ കിട്ടിയില്ല. കത്തയച്ചിരുന്നു, മറുപടിയൊന്നും ലഭിച്ചില്ല', കെട്ടിട ഉടമ പറഞ്ഞു.
'ഇയാളെക്കൂടാതെ ഓഫീസിൽ ഭാര്യയും ഏതാനും ജീവനക്കാരുമുണ്ടായിരുന്നു. അഞ്ചോ ആറോ ജീവനക്കാരാണ് ഉണ്ടായിരുന്നത്. അന്നത്തെ അഡ്രസും വാടകകരാറിന്റെ രേഖകളും കൈവശമുണ്ട്. ഇയാള്‍ പോയ ശേഷം 2018-ല്‍ രാഷ്ട്രീയക്കാരനാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ വിജേഷിനെ തിരക്കി വന്നിരുന്നു. പേരറിയില്ല. വിജേഷ് മണി ചെയിന്‍ ബിസിനസാണ് നടത്തിയിരുന്നതെന്നും അതിനെക്കുറിച്ച് അന്വേഷിക്കാനാണ് വന്നതെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം ഇ.ഡി. വന്നിരുന്നു. വേറൊരു വിജേഷുമായി സംസാരിച്ചു, അയാളല്ലെന്ന് പറഞ്ഞു തിരിച്ചുപോയി', ജാക്‌സണ്‍ പറഞ്ഞു.
'വിജേഷ് പിള്ളയെക്കുറിച്ച് വിവരമുണ്ടോയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ചോദിച്ചു. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വന്നതിന് തൊട്ടുപിന്നാലെയാണിത്. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ വാര്‍ത്തയില്‍ കാണുന്നുണ്ടല്ലോ എന്ന് പറഞ്ഞു. തിങ്കളാഴ്ചയാണ് ഇ.ഡി. വന്നത്. പടമുകളിലായിരുന്നു വിജേഷ് താമസിച്ചിരുന്നത്. അതില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി ഉണ്ടായില്ല. ഫോണില്‍ വിളിച്ചാല്‍ എടുക്കില്ലായിരുന്നു. ഭാര്യയുടെ നമ്പറിലും മറുപടി ഇല്ലായിരുന്നു, മോണ്‍ലാഷിന്റെ ജനറല്‍ മാനേജര്‍ പറഞ്ഞു.
Content Highlights: who is vijay pillai vijesh pillai monlash wgn info tech swapna suresh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..