തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ ബിനാമി ഭൂമിയുള്ള കേരളത്തിലെ മന്ത്രിമാര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തണമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രതികാര നടപടികളിലൂടെ പ്രതിപക്ഷത്തെ അശക്തരാക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തിലെ രണ്ട് പ്രമുഖ മന്ത്രിമാര്‍ക്ക് മഹാരാഷ്ട്രയിലെ സിന്ധ് ദുര്‍ഗ് ജില്ലയില്‍ ബിനാമി പേരില്‍ 200 ഏക്കറില്‍ അധികം ഭൂമിയുണ്ടെന്നും ബിനാമി ഒരു കണ്ണൂര്‍ക്കാരനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആരാണ് ഈ കണ്ണൂര്‍ക്കാരനെന്നും ആരൊക്കെയാണ് ഈ മന്ത്രിമാരെന്നും അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയ്യാറായിട്ടുണ്ടെന്നാണ് ഡല്‍ഹിയില്‍നിന്നുള്ള ഒരു ചാനല്‍ വാര്‍ത്ത നല്‍കിയിരിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ജോസ് കെ മാണിക്കെതിരെ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും മുല്ലപ്പള്ളി ചോദിച്ചു. ജോസ് കെ മാണിയെ തങ്ങളുടെ മുന്നണിയില്‍ കിട്ടിയപ്പോള്‍ അദ്ദേഹത്തെ പരിശുദ്ധനാക്കാനുള്ള ശ്രമമാണോ മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം ആരാഞ്ഞു.

content highlights: who are those ministers having benami land in maharashtra asks mullappally ramachandran