കൊച്ചി: നാലാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസിലിരുന്ന് ചൂളമടിച്ചതിന് ടീച്ചർ പിടിച്ച് പുറത്ത് നിർത്തിയിട്ടുണ്ട് സ്റ്റീഫൻ ആന്റണി കല്ലറയ്ക്കലിനെ. ഇന്ന് സ്റ്റീഫന്റെ നേതൃത്വത്തിലുള്ള കൊച്ചിയിലെ വേള്‍ഡ് ഓഫ് വിസിലേഴ്‌സ്‌ സംഘം ചൂളമടിച്ച് ലോക റെക്കോഡ് നേടാനായി ഒരുങ്ങുകയാണ്.

ആയിരം മലയാളികൾ ഒന്നിച്ച് ചൂളമടിച്ചാൽ അത് പുതിയ ലോകറെക്കാഡാകും. നിലവിൽ വേള്‍ഡ് ഓഫ് വിസിലേഴ്‌സിന്റെ അംഗങ്ങളായി ആയിരത്തിലധികം പേർ ലോകമെമ്പാടമായി ഉണ്ടെങ്കിലും മലയാളികളെ മാത്രമായി ഉൾപ്പെടുത്തി റെക്കോഡ് മലയാളികളുടെ പേരിലാക്കാനാണ് ശ്രമത്തിലാണ് ഈ ചൂളമടിക്കാർ. 856 പേരുമായി ഇംഗ്ലണ്ടിലെ ഒരു ക്ലബ്ബാണ് ചൂളമടിയിൽ ലോക റെക്കോഡ് നേടിയിട്ടുള്ളത്. ആ റെക്കോഡ് തകർക്കാനുള്ള തീവ്ര ശ്രമത്തിലാണ് വേള്‍ഡ് ഓഫ് വിസിലേഴ്‌സ്‌.

ഇപ്പോൾ വേൾഡ് റെക്കോഡിനായി തയാറെടുക്കുന്നവരുടെ ടീമിൽ 670 ലധികം പേരാണ് ഉള്ളത്. കേരളത്തിലെ എല്ലാ ഭാഗത്തുനിന്നുമുള്ള ആൾക്കാരും റെക്കോഡിന് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി ടീമിനൊപ്പം ഉണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആയിരം പേരെ ഒരുമിച്ച് കൂട്ടാൻ കഴിയുന്ന സാഹചര്യത്തിൽ അടുത്ത വർഷം റെക്കോഡിന് വേണ്ടി ശ്രമിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്ന് വേള്‍ഡ് ഓഫ് വിസിലേഴ്‌സിന്റെ പ്രസിഡന്റ് സ്റ്റീഫൻ ആന്റണി കല്ലറക്കൽ പറഞ്ഞു.

മൂന്ന് വയസുമുതൽ ചൂളമടിക്കുമായിരുന്നു. തിരുവനന്തപുരത്ത് ഒരു സ്ത്രീ ചൂളമടിക്കുന്നത് കണ്ടിരുന്നു. അവർ കച്ചേരിയൊക്കെ ചെയ്യുമായിരുന്നു. അങ്ങനെയാണ് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ചൂളമടി വീട്ടിലെ എല്ലാവരും നന്നായി ആസ്വദിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് വിവാഹ ശേഷമാണ് ചൂളമടിയുമായി വേദികളിലേക്ക് എത്തിയത്. ഇപ്പോൾ പല ടി വി ചാനലുകളിലും റേഡിയോയിലുമെല്ലാം പരിപാടി അവതരിപ്പിച്ചു. അങ്ങനെയാണ് ചൂളമടിക്കൽ വെറുതേ ഒരു നേരമ്പോക്ക് മാത്രമല്ലെന്നും അതിൽ സാധ്യതയുണ്ടെന്നും തിരിച്ചറിഞ്ഞ് ഒരുപാട് പേർ ഞങ്ങളോടൊപ്പം വന്ന് ചേർന്നു. സ്ത്രീകളായി ഇപ്പോൾ പതിനഞ്ച് പേരോളം ഉണ്ട്. ആറ് വയസുകാരി സാരംഗി മുതൽ 79 വയസുകാരനായ ഇടപ്പള്ളി സ്വദേശി സുബ്രഹ്മണ്യൻ വരെ ടീമിന്റെ ഭാഗമായി ഉണ്ടെന്ന് പറയുകയാണ് ജ്യോതി ആർ കമ്മത്ത്.

ജ്യോതി ആർ കമ്മത്ത്, ബിജോയ് എം.കെ, സ്റ്റീഫൻ ആന്റണി കല്ലറയ്ക്കൽ എന്നിവർ ചേർന്ന് 2015ലാണ് വേള്‍ഡ് ഓഫ് വിസിലേഴ്‌സിന് രൂപം നൽകിയത്. പിന്നീട് 2019ലാണ് അസോസിയേഷനായി രജിസ്റ്റർ ചെയ്തു. പതിനഞ്ച് പേരായിരുന്നു സംഘടനയിൽ ആദ്യം ഉണ്ടായിരുന്നത്. 25ലധികം വേദികളിൽ അസോസിയേഷൻ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 150 പേർ ഒന്നിച്ച് ചൂളമടിച്ച് ലിംകാ ബുക്ക് ഒഫ് റെക്കാഡിലും ഏഷ്യ ബുക്ക് ഒഫ് റെക്കാഡും ടീം നേടിയിരുന്നു.

കൊച്ചിയിൽ സംഘടനയുടെ ഭാഗമായവരെല്ലാം കൂടി രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ ഒത്തു ചേരുകയും ക്ലാസും സെമിനാറുമെല്ലാം സംഘടിപ്പിച്ചിരുന്നു. ഇപ്പോൾ കോവിഡിനെ തുടർന്ന് ഓൺലൈനായും ക്ലബ്ബ് ഹൗസിലൂടെയുമാണ് പ്രാക്ടീസ് നടത്തുന്നത്. പുതിയതായി ടീമിലെത്തുന്നവർക്ക് ഓൺലൈനായാണ് പരിശീലനം നൽകുന്നത്.

Content Highlights:Whistleblowers in Kochi planning for breaking world record in whistleblowing