മലപ്പുറം: പോലീസിനേക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടേയും സമരം നടത്താമെന്ന് വാട്‌സ്ആപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പിടിയിലായ ഗ്രൂപ്പ് അഡ്മിന്‍മാരുടെ ശബ്ദ സന്ദേശം പോലീസ് കണ്ടെടുത്തു.  ശനിയാഴ്ച അറസ്റ്റിലായ അഞ്ചുപേരില്‍ കൊല്ലം ഉഴുകുന്ന് അമരാലയം വീട്ടില്‍ അമര്‍നാഥ് ബൈജു (20)വാണ് ഹര്‍ത്താല്‍ എന്ന ആശയം മുന്നോട്ട് വെച്ചത്. ഇതിനായ് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി മേഖലാ തലത്തില്‍ പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദേശം.

aMARNATH

സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനംചെയ്ത് ഏപ്രില്‍ പതിനാറിന് ഹര്‍ത്താല്‍ നടത്തിയ സംഭവത്തിന്റെ സൂത്രധാരന്‍മാരായ നെല്ലിവിള പുത്തന്‍വീട്ടില്‍ സുധീഷ് (22), നെയ്യാറ്റിന്‍കര ശ്രീലകം വീട്ടില്‍ ഗോകുല്‍ ശേഖര്‍(21), നെല്ലിവിള കുന്നുവിളവീട്ടില്‍ അഖില്‍(23), തിരുവനന്തപുരം കുന്നപ്പുഴ സിറില്‍ നിവാസില്‍ എം.ജെ. സിറില്‍ എന്നിവരേയും പോലീസ് അറസ്റ്റു ചെയ്തു. ഹര്‍ത്താലിന് ആഹ്വാനം നല്‍കി ആദ്യ സന്ദേശം അയച്ചവരും ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കിയവരുമാണിവര്‍.

ഹര്‍ത്താലിനു ശേഷവും കലാപം നടത്താന്‍ ഇവര്‍ ആഹ്വാനം ചെയ്തു. പോലീസിനെക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടെയും സമരം നടത്താമെന്നും പ്രവര്‍ത്തനം രണ്ടു മേഖലകളായി തിരിച്ചാല്‍ സുഗമമാക്കാം എന്നുമുള്ള അഡ്മിന്മാരുടെ ശബ്ദസന്ദേശം ഗ്രൂപ്പിലുണ്ട്. ഇപ്പോള്‍ മലബാറില്‍ മാത്രമാണ് സമരം വിജയിച്ചത്. ഇത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനായിരുന്നു തീരുമാനം.

അമര്‍നാഥിന്റെ ആശയം മറ്റുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നു. സുധീഷും അഖിലും അയല്‍വാസികളാണ്. മറ്റുള്ളവര്‍ തമ്മില്‍ നേരിട്ട് ബന്ധമില്ല. പ്ലസ് ടു തോറ്റ ഇവര്‍ സേ പരീക്ഷയ്ക്കുള്ള കേന്ദ്രത്തിലെ കൂട്ടുകാരുടെ ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. അഖിലും സുധീഷും ഒഴിച്ചുള്ളവര്‍ പരസ്പരം നേരില്‍ കാണുന്നത് അറസ്റ്റിലായി മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ്.

കഠുവയില്‍ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ അതിനെതിരേ പൊരുതണമെന്ന ആഹ്വാനമായി അഞ്ചുപേരും വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. ലിങ്ക് ഫെയ്സ്ബുക്കില്‍ ഇട്ടു. സമാനമായി ചിന്തിക്കുന്നവര്‍ക്ക് ഗ്രൂപ്പില്‍ ചേരാമെന്ന് നിര്‍ദേശവും നല്‍കി. വോയ്സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്സ് എന്നീ പേരിലുള്ള ഗ്രൂപ്പുകളായിരുന്നു അത്. ആളുകളുടെ എണ്ണം കൂടിയപ്പോള്‍ സജീവമായവരോട് ജില്ലാതലത്തില്‍ ഗ്രൂപ്പുണ്ടാക്കാന്‍ നിര്‍ദേശം നല്‍കി.

ഈ ഗ്രൂപ്പുകളിലൂടെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്യാന്‍ അഡ്മിന്‍മാര്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഹര്‍ത്താലിന് വെറും 48 മണിക്കൂര്‍ മുന്‍പായിരുന്നു തീരുമാനം.

വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പകലുമായാണ് അഞ്ചുപേരെയും പിടികൂടിയത്. അമര്‍നാഥിനെ കൊല്ലത്തുനിന്നും മറ്റുള്ളവരെ തിരുവനന്തപുരത്തു നിന്നുമാണ് പിടികൂടിയത്. മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത ഇവരെ പെരിന്തല്‍മണ്ണ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അറസ്റ്റിലായവര്‍ നേതൃത്വം നല്‍കിയ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കൊപ്പം ആയിരത്തോളം അംഗങ്ങള്‍ക്കായി അന്വേഷണം തുടരുകയാണ്.

കഴിഞ്ഞദിവസം തിരൂര്‍ കൂട്ടായിയില്‍നിന്ന്, മലപ്പുറത്തുള്ള വോയ്സ് ഓഫ് യൂത്ത്-നാല് ഗ്രൂപ്പിന്റെ അഡ്മിനായ പത്താംക്ലാസുകാരനെ പോലീസ് പിടികൂടിയിരുന്നു. അമര്‍നാഥാണ് സംഘത്തലവനെന്ന് പോലീസ് പറഞ്ഞു. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന ഇയാളെ മൂന്നുമാസം മുന്പാണ് സംഘടനയില്‍നിന്ന് പുറത്താക്കിയത്. അന്നുമുതല്‍ ആര്‍.എസ്.എസിനെതിരേ പ്രചാരണം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

കുടുക്കിയത് സ്വന്തം പ്രൊൈഫല്‍
സ്വന്തം പ്രൊഫൈലുകള്‍ ഉപയോഗിച്ചുതന്നെയാണ് ഇവര്‍ വാട്സാപ്പ് ഗ്രൂപ്പ് നടത്തിയത്. അത് പോലീസിന് അന്വേഷണത്തില്‍ ഗുണകരമായി. അഡ്മിന്‍മാരെ പോലീസ് തിരയുന്നത് മനസ്സിലാക്കിയ അഞ്ചുപേരും അറസ്റ്റ് ഉറപ്പിച്ചിരുന്നു. ജില്ലാ ഗ്രൂപ്പുകളില്‍പ്പെട്ടവരാകട്ടെ പലരും അറസ്റ്റ് ഭയന്ന് അഡ്മിന്‍ സ്ഥാനം ഒഴിഞ്ഞു. ചിലര്‍ ഗ്രൂപ്പുകള്‍ വിട്ടു.

10 വര്‍ഷംവരെ തടവ് ലഭിക്കാം
അഞ്ചുമുതല്‍ പത്തുവരെ വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.

* കലാപമുണ്ടാക്കല്‍
* പൊതുമുതല്‍ നശിപ്പിക്കല്‍
* ലഹള കൂട്ടല്‍
* ഗതാഗത തടസ്സം
* കുട്ടികളുെട നേരെയുള്ള അതിക്രമം തടയല്‍ നിയമം ലംഘിച്ചു (കഠുവയില്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതിന്)

content hightlights: WHATSAPP harthal. administrators decided to plot riot in Kerala