കേന്ദ്ര സംസ്ഥാന  സര്‍ക്കാരുകളുടെ അവശ്യപ്രകാരം അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ ക്രിമിനല്‍ നിയമസംഹിത (സി.ആര്‍.പി സി) പ്രകാരം144 പ്രഖ്യാപിച്ചിരിക്കുകയാണല്ലോ..എന്താണ് ഈ 144 ?

ബ്രിട്ടീഷ് കാലഘട്ടം മുതല്‍ തുടര്‍ന്ന് പോരുന്ന ഒരു നടപടിയാണ് ക്രിമിനല്‍ നിയമസംഹിതയിലെ സെക്ഷന്‍ 144. ഇത് നിരോധനാജ്ഞ എന്ന പേരിലും അറിയപ്പെടുന്നു. ഒരു ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇവര്‍ക്കാണ് 144  പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരം ഉള്ളത്. 

മനുഷ്യ ജീവിതത്തിനോ സ്വത്തിനോ കേടുപാടുകള്‍ വരുത്തുന്നതിനോ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതിനോ ആയ സാഹചര്യങ്ങള്‍ അവ പ്രധാനമായും കലാപം, പ്രക്ഷോഭം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ അനിയന്ത്രിത സാഹചര്യങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നു.

നിരോധനാജ്ഞ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള സമ്മേളനത്തിനും ഒത്തുകൂടലിനും ഉള്ള മൗലിക അവകാശങ്ങളെ വിലക്കുന്നു 144 പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ അഞ്ചോ അതിലധികമോ

ആയ ആളുകള്‍ ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുന്നു.ഇത് പ്രകാരം ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതും അവ കൊണ്ടുനടക്കുന്നതും കുറ്റകരമാകുന്നു. വേണമെങ്കില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും  നിയന്ത്രണം ഏര്‍പെടുത്താവുന്നതാണ്.

സാധാരണയായി 144 ന്റെ  കാലാവധി 2 മാസം വരെയാണ്.എന്നാല്‍ അടിയന്തിരസാഹചര്യങ്ങളില്‍ ഇത്  6 മാസമായി നീട്ടാവുന്നതാണ്.സാഹചര്യങ്ങള്‍ സാധാരണമായാല്‍ അവ പിന്‍വലിക്കാവുന്നതാണ്. ഇതില്‍ ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി) 141 മുതല്‍ 149 വരെയാണ് കേസുകള്‍ എടുക്കുന്നത്. 144 പ്രകാരം ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പരമാവധി  3 പരമാവധി വര്‍ഷം വരെ തടവും  പിഴയും ലഭിക്കുന്നു.

ലേഖകന്‍: എ.വി. വിമല്‍കുമാര്‍ (കേരള ഹൈക്കോടതി അഭിഭാഷകന്‍, ലെക്സ് എക്സ്പെര്‍ട്ട്സ് ഗ്ലോബല്‍ ,അഡ്വക്കേറ്റ്സ് ആന്‍ഡ് അറ്റോര്‍ണീസ്, കൊച്ചി)

Content Highlight: What Is Section 144