സജി ചെറിയാൻ| Photo: Mathrubhumi
മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിന് പിന്നാലെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ച വാക്കുകളാണ് കുന്തവും കുടച്ചക്രം/കൊടച്ചക്രവും. കുന്തത്തെ കണ്ടുംകേട്ടും പരിചയമുണ്ട്. എന്നാല്‍ എന്താണ് ഈ കൊടച്ചക്രം അല്ലെങ്കില്‍ കുടച്ചക്രം?
മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന് പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. ഇതിന്റെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്നപേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യം- എന്നായിരുന്നു സി.പി.എം. മല്ലപ്പള്ളി ഏരിയാ കമ്മിറ്റിപരിപാടിയില് മന്ത്രി സജി ചെറിയാന് പറഞ്ഞത്.
മതേതരത്വം, ജനാധിപത്യം എന്നീ വാക്കുകള്‍കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് എല്ലാവര്ക്കും അറിയാം. കുന്തം എന്ന വാക്കിനും ഉണ്ട് അര്‍ഥം. ഈ കുടച്ചക്രം / കൊടച്ചക്രം എന്നാല്‍ എന്താണ്? എന്താണ് കുന്തവും കുടച്ചക്രവും തമ്മിലുള്ള ബന്ധം? ശബ്ദതാരാവലിയുടെ 2011-ല്‍ പരിഷ്കരിച്ച പതിപ്പില്‍ പോലും ഇല്ലാത്ത വാക്കാണ് കുടച്ചക്രം. എന്നാല്‍ അതിന് എന്തെങ്കിലും അര്‍ഥമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടുതാനും.
''കുന്തം കുടച്ചക്രമെന്നത് മലയാളത്തില്‍ കാലാകാലങ്ങളായി പ്രയോഗിക്കുന്ന ശൈലിയാണ്. കണ്ട അണ്ടനും അടകോടനും എന്ന് പറയുന്നത് പോലെ തന്നെ നിന്ദിച്ചു പറയുന്ന അല്ലെങ്കില്‍ വിലകുറിച്ച് കാണിക്കാന്‍ ഉപയോഗിക്കുന്ന ശൈലി. ഇതുപോലെയുള്ള കുന്തവും കുടച്ചക്രവും ഒന്നും എന്നോട് പറയല്ലേ എന്ന് പറഞ്ഞാല്‍ ഇത്തരം അസംബന്ധം ഒന്നും എന്നോട് പറയല്ലേ അല്ലെങ്കില്‍ ഇത്തരം അനാവശ്യകാര്യങ്ങള്‍ ഒന്നും പറയല്ലേ എന്ന് നമുക്കതിനെ വ്യാഖ്യാനിക്കാം.
എന്തിനെക്കുറിച്ചാണോ നിങ്ങള്‍ കുന്തവും കുടച്ചക്രവും എന്ന് പറയുന്നത് അതിനെ നിങ്ങള്‍ ബഹുമാനിക്കുന്നില്ല, അല്ലെങ്കില്‍ വിലവെക്കുന്നില്ല അതുമല്ലെങ്കില്‍ നിങ്ങള്‍ അതിനെ മതിക്കുന്നില്ല, പരസ്പരബന്ധമില്ലാത്തത് എന്നൊക്കയാണ് ഈ പ്രയോഗത്തിന്റെ അര്‍ഥം. കുന്തം, കുടച്ചക്രം എന്നീ വാക്കുകളുടെ അര്ഥത്തിന് അപ്പുറത്തേക്ക് ഏത് സാഹചര്യത്തില്‍ ഈ വാക്കുകള്‍ ഒരുമിച്ച് പ്രയോഗിക്കുന്നു എന്നിടത്താണ് ഈ പ്രയോഗത്തിന് അര്‍ഥം ഉണ്ടാവുന്നത്. ജനാധിപത്യം, മതേതരത്വം കുന്തം കൊടച്ചക്രം എന്ന് സജി ചെറിയാന് പറയുന്നത് ഭരണഘടനയില്‍ നിങ്ങള്‍ ഇതൊക്കെ എഴുതി വെച്ചിട്ടുണ്ടാവും but it doesnt mean anything എന്ന ഉദ്ദേശ്യത്തിലാണ്. ഞാന്‍ അതിനെ മാനിക്കുന്നില്ല അല്ലെങ്കില്‍ വിലമതിക്കുന്നില്ല എന്നാണ് ആ പറഞ്ഞതിന്റെ അര്‍ഥം. 'അണ്ണൈദുരൈ കിണ്ണൈ ദുരൈ' എന്നൊക്കെ പറയുന്ന പോലെ എല്ലാ ഭാഷയിലും ഉണ്ട് ഇത്തരം പ്രയോഗങ്ങള്‍'' -മലയാള പണ്ഡിതനും എഴുത്തുകാരനുമായ എം.എന്‍. കാരശ്ശേരി പറയുന്നു.
കുടച്ചക്രം എന്ന ഒരു വസ്തു ശരിക്കും ഉണ്ടെന്നതാണ് മറ്റൊരു കാര്യം. നമ്മള് ഇപ്പോള്‍ ഉപയോഗിക്കുന്ന ശീലക്കുടയേക്കാള് പണ്ട് ഉപയോഗിച്ചിരുന്ന ഓലക്കുടയുമായാണ് ഈ വാക്ക് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. ഓലക്കുടയുടെ കാലും പിടിയും അതിന് മുകളിലെ ഓല തുന്നിക്കെട്ടാനുള്ള ഭാഗവും ചേര്‍ന്നതാണ് കുടച്ചക്രം. വിഷുവിനും ദീപാവലിയ്ക്കും ഒക്കെ കത്തിയ്ക്കുന്ന നിലച്ചക്രത്തിനും ചില സ്ഥലങ്ങളില്‍ കുടച്ചക്രം എന്ന് പറയാറുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..