തിരുവനന്തപുരം: പ്രസവിച്ച് മൂന്നാം നാള്‍ നഷ്ടപ്പെട്ട തന്റെ കുട്ടിയെ തിരിച്ച് കിട്ടണമെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തക അനുപമ എസ്. ചന്ദ്രന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും പൊതുസമൂഹവും അനുപമയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്. വിവാഹിതനായ ഒരാളുമായി പ്രണയത്തിലാവുകയും പിന്നീട് ഗര്‍ഭിണിയാകുകയും ചെയ്തു എന്നതാണ് കുട്ടിയെ തന്നില്‍ നിന്ന് മാറ്റാനുള്ള കാരണമെന്നും അജിത്തിന്റെ സാമുദായിക പശ്ചാത്തലവും തന്റെ മാതാപിതാക്കള്‍ക്ക് പ്രശ്‌നമായിരുന്നുവെന്നും അനുപമ പറയുന്നു. 

ഉന്നത പാര്‍ട്ടി കുടുംബത്തിലെ അംഗം

പേരൂര്‍ക്കടയിലെ സി.പി.എം. കുടുംബത്തിലെ അംഗമാണ് അനുപമ. അനുപമയുടെ അന്തരിച്ച മുത്തച്ഛന്‍ പേരൂര്‍ക്കട സദാശിവന്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. അച്ഛന്‍ പി.എസ്. ജയചന്ദ്രന്‍ സി.പി.എം. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗം. ഏരിയ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടാനിരിക്കെയാണ് മകളുടെ പേരിലുള്ള വിവാദത്തിലകപ്പെട്ടത്. സി.പി.എമ്മിന് വലിയ വേരോട്ടമുള്ള പേരൂര്‍ക്കടയില്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് മുതല്‍ പ്രദേശത്തെ സഹകരണ ബാങ്കില്‍ വരെ പ്രാതിനിധ്യമുള്ള കുടുംബമാണ് അനുപമയുടേത്. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലെ പേരൂര്‍ക്കട വാര്‍ഡില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നവരില്‍ മുന്നിലായിരുന്നു അനുപമ. ഈ ഘട്ടത്തിലാണ് വിവാദങ്ങളുണ്ടാകുന്നത്. 

വിവാഹിതനായ പാര്‍ട്ടി നേതാവുമായി പ്രണയം, സ്വന്തം വീട്ടിലെ എതിര്‍പ്പ്

എസ്.എഫ്.ഐ. ജില്ലാ ഭാരവാഹിയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകയുമായിരുന്നു അനുപമ. ഡി.വൈ.എഫ്.ഐ. പേരൂര്‍ക്കട മേഖല കമ്മിറ്റി സെക്രട്ടറിയായിരുന്നു അജിത്. വിവാഹിതനനായ അജിത്തുമായി അനുപമ പ്രണയത്തിലാകുകയായിരുന്നു. 2011-ൽ അജിത്ത് വിവാഹിതനായിരുന്നു. അതിനിടെയാണ് അനുപമയുമായി പ്രണയിത്തിലാകുന്നതും പിന്നീട് ഗര്‍ഭിണിയായതും. ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞപ്പോള്‍ മുതല്‍ വീട്ടുകാരുടെ എതിർപ്പ് തുടങ്ങി. എന്നാല്‍ അജിത്തിനൊപ്പം ജീവിക്കനാണ് താത്പര്യമെന്ന് അനുപമ വീട്ടുകാരോട് പറഞ്ഞു. 

ഗര്‍ഭം അലസിപ്പിക്കുമെന്നും അല്ലെങ്കില്‍ ഭ്രാന്താശുപത്രിയില്‍ കൊണ്ട് പോയി ഇടുമെന്നും വീട്ടുകാര്‍ അനുപമയെ ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. എന്നാല്‍ കുഞ്ഞിനെ തനിക്ക് വേണമെന്നും പ്രസവിക്കുമെന്നും അനുപമ നിലപാട് എടുത്തു. പാര്‍ട്ടി കമ്മിറ്റികളില്‍ നേതാവുമായുള്ള അടുപ്പം പ്രണയത്തിലേക്ക് എത്തിയതിനെ അനുപമയുടെ വീട്ടുകാര്‍  അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല, അജിത്ത് വിവാഹിതനാണെന്നതാണ് ഇതിന് കാരണമായി അവര്‍ പറഞ്ഞത്. എന്നാല്‍ അജിത്ത് ദളിതനായതാണ് വീട്ടുകാരുടെ പ്രശ്‌നമെന്നാണ് അനുപമ ആരോപിക്കുന്നത്.

സഹോദരിയുടെ വിവാഹം വരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍

കുട്ടിക്ക് ജന്മം നല്‍കുമെന്നും അജിത്തിനൊപ്പം ജീവിക്കുമെന്നും അനുപമ തീരുമാനിച്ചതോടെ വീട്ടുകാര്‍ക്ക് താത്പര്യമില്ലായിരുന്നെങ്കിലും അനുപമയുടെ ആരോ്ഗ്യസ്ഥിതി കണക്കിലെടുത്ത് വഴങ്ങേണ്ടി വന്നു. അപ്പോഴും കുട്ടിയെ അനുപമയില്‍നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ ഒരുവശത്ത് തുടര്‍ന്നുകൊണ്ടിരുന്നു. 2020 ഒക്ടോബര്‍ 20-ന് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കൃത്യം മൂന്നാം ദിവസം ഈ കുട്ടിയെ അനുപമയുടെ മാതാപിതാക്കള്‍ മാറ്റിയതായാണ് ആരോപണം. ശിശുക്ഷേമ സമിതി വഴി കുട്ടിയെ ആന്ധ്രയിലുള്ള ദമ്പതികള്‍ക്ക് ദത്ത് നല്‍കിയെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള വിവാദം. കുട്ടിയെ വിട്ടു നൽകാൻ എന്തുകൊണ്ട് അനുപമ അനുമതിപത്രത്തിൽ ഒപ്പിട്ടു നൽകി എന്ന ചോദ്യവും നിലനിൽക്കുന്നു.

അനുപമയുടെ ചേച്ചിയുടെ വിവാഹം തീരുമാനിച്ചിരുന്നു. ഈ വിവാഹം കഴിയുന്നതുവരെ കാത്തിരിക്കണമെന്നും അതിന് ശേഷം കുട്ടിയെ അനുപമയ്ക്ക് നല്‍കാമെന്നും അതുവരെ മറ്റൊരിടത്ത് കുട്ടി സുരക്ഷിതമായിരിക്കുമെന്നുമാണ് മാതാപിതാക്കള്‍ അനുപമയോട് പറഞ്ഞത്. ചേച്ചിയുടെ വിവാഹത്തിന് ശേഷം കുട്ടിക്കും അജിത്തിനുമൊപ്പം ജീവിക്കാന്‍ അനുവദിക്കാമെന്നും അപ്പോഴേക്കും അജിത്ത് ആദ്യ ഭാര്യയില്‍നിന്ന് വിവാഹമോചനം നേടുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല

തന്റെ കുഞ്ഞിനെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് അനുപമ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. കുട്ടിയെ തന്നില്‍നിന്ന് എന്നെന്നേക്കുമായി അകറ്റാന്‍ വീട്ടുകാര്‍ വലിയ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് അനുപമ ആരോപിക്കുന്നത്. ഉന്നത പാര്‍ട്ടി കുടുംബമായതിനാല്‍ തന്നെ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ ഗൂഡാലോചനയില്‍ പങ്കെടുത്തുവെന്നും അനുപമയും അജിത്തും ആരോപിക്കുന്നു.

അനുപമയുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും തിരിമറി നടന്നു. കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്തിന് പകരം ജയകുമാര്‍ എന്ന വ്യക്തിയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ അനുപമ പ്രസവിക്കുന്ന സമയത്ത് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

അനുപമയ്‌ക്കെതിരെ അജിത്തിന്റെ ആദ്യ ഭാര്യ

ഈ ബന്ധത്തെ ചൊല്ലി അജിത്തിന്റെ ഭാര്യ നസിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍ അനുപമ തനിക്ക് സഹോദരിയെപ്പോലെയാണെന്നും അരുതാത്തത് പറയരുതെന്നുമാണ് അജിത്ത് പറഞ്ഞത്. കമ്മിറ്റി യോഗങ്ങളില്‍ അജിത്തും അനുപമയും ചേര്‍ന്നിരിക്കുന്നത് പതിവായിരുന്നുവെന്നും നാസിയ ആരോപിക്കുന്നുണ്ട്. അനുപമയുമായി അജിത്ത് അടുപ്പത്തിലായതിന് ശേഷം തന്റെ കുടുംബത്തില്‍ എന്നും പ്രശ്‌നങ്ങളായിരുന്നുവെന്നും വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത സ്ഥിതിയുണ്ടായെന്നും അവര്‍ പറയുന്നു.

തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണെന്നും അജിത്തിന്റെ ആദ്യഭാര്യ ആരോപിക്കുന്നു. ഒരുപാട് സഹിച്ചു, വിവാഹമോചനം നല്‍കാന്‍ പറ്റില്ലെന്ന് അനുപമയുടെ വീട്ടില്‍വരെ പോയി പറഞ്ഞു. ഇതിനുശേഷമാണ് അനുപമ കുട്ടിയെ ദത്ത് നല്‍കിയത്. ദത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട് എഴുതി നല്‍കിയ കാര്യങ്ങള്‍ താന്‍ കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂര്‍ണ്ണ ബോധവതിയായിരുന്നുവെന്നും താന്‍ വായിച്ചു നോക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അനുപമയുടെ വീട്ടുകാരാണ് തന്റെ ആദ്യഭാര്യയെ ഇപ്പോള്‍ രംഗത്തിറക്കിയിരിക്കുന്നതെന്നാണ് അജിത്ത് ആരോപിക്കുന്നത്. ജോലി വാഗ്ദാനം ചെയ്താണ് നസിയയെ രംഗത്തിറക്കിയിരിക്കുന്നതെന്നാണ് അജിത്ത് ആരോപിക്കുന്നത്.

Content Highlights: what happened in anupama`s life