കെ-റെയില്‍ നടപ്പിലായാല്‍ പശ്ചിമഘട്ടം ഏകദേശം അപ്രത്യക്ഷമാകുമെന്ന് സാമ്പത്തിക വിദഗ്ധനും മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ മുന്‍ ഡീനുമായ ഡോ.കെ.ടി.റാംമോഹന്‍. സംസ്ഥാനത്തിനുള്ളില്‍ അതിവേഗ യാത്ര ആവശ്യമുള്ള സാഹചര്യമുണ്ടോ എന്ന അടിസ്ഥാന ചോദ്യത്തിനുപോലും ഉത്തരമില്ലെന്നും english.mathrubhumi.com ല്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 

ലോകത്തില്‍ ഏറ്റവും ശ്രദ്ധാപൂര്‍വം ചിന്തിച്ച് നടപ്പിലാക്കിയ ചില വികസന പദ്ധതികളും പരാജയപ്പെട്ടിട്ടുണ്ട്. അവയില്‍ പലതും പാരിസ്ഥിതിക ദുരന്തങ്ങളായി മാറി. ചിലത് ഖജനാവ് ഊറ്റിയെടുത്ത് കടത്തിന്റെ തമോഗര്‍ത്തത്തിലേക്ക് തള്ളിവിട്ടു. പലയിടത്തും നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴേക്കും നിര്‍മിക്കാന്‍ ഉപയോഗിച്ച സാങ്കേതിക വിദ്യകള്‍ കാലഹരണപ്പെട്ട സ്ഥിതിയും ഉണ്ടായിട്ടുണ്ടന്നും കെ.ടി.റാംമോഹന്‍ ഓര്‍മിപ്പിച്ചു.

'കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെ-റെയില്‍) നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി കേരളത്തിലുടനീളം വ്യാപിച്ചുകിടക്കുന്നതാണ്. പദ്ധതിക്ക് ആദ്യം 900 ഹെക്ടര്‍ ഭൂമി വേണമെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 2300 ഹെക്ടറായി. ജനവാസകേന്ദ്രങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചും, തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളും നശിപ്പിച്ചും, നെല്‍വയലുകളും തെങ്ങിന്‍ തോപ്പുകളും വെട്ടിത്തെളിച്ചും, ഉപജീവനമാര്‍ഗങ്ങളെ നശിപ്പിച്ചും, അയല്‍പക്കങ്ങളെ ഛിന്നഭിന്നമാക്കിക്കൊണ്ടും, ജനസാന്ദ്രതയേറിയ തീരത്തിലൂടെയും സംസ്ഥാനത്തിന്റെ മധ്യ ഭാഗത്തുകൂടെ ട്രാക്ക് കടന്നുപോകും. പ്രോജക്റ്റ് നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള പ്രകൃതിവിഭവ ഉപയോഗം സങ്കല്‍പ്പിക്കാനാവാത്തതാണ്. പശ്ചിമഘട്ടം ഏതാണ്ട് അപ്രത്യക്ഷമാകുന്നത് തന്നെ കാണാന്‍ കഴിയും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെമി ഹൈ-സ്പീഡ് റെയിലിനേക്കാള്‍ അല്‍പ്പം വേഗം കുറഞ്ഞ അല്ലെങ്കില്‍ നിര്‍മാണച്ചിലവ് കുറഞ്ഞ ബദലുകള്‍ പരിഗണിക്കാന്‍ വ്യക്തമായ ശ്രമങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇല്ലെന്നും റാംമോഹന്‍ ആരോപിച്ചു. റെയില്‍ പദ്ധതിയുടെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഏതെങ്കിലും ഒരു വശത്ത് മാത്രം ഒതുങ്ങുന്നില്ല. സാങ്കേതികവും സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ ദുരന്തങ്ങളുടെ സംയോജനമാണിത്.

കെ-റെയില്‍ എന്നത് ഒരു പാവപ്പെട്ട സംസ്ഥാന ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ഒരു അന്താരാഷ്ട്ര കടബാധ്യതയുള്ള പദ്ധതിയാണെന്നും ഇതിന്റെ സാമ്പത്തിക ഭാരം ആത്യന്തികമായി വീഴുന്നത് പദ്ധതിയില്‍ നിന്ന് ഏറ്റവും കുറഞ്ഞ പ്രയോജനം നേടുന്ന സാധാരണക്കാരുടെ മേലെയാവും. പാലങ്ങള്‍ പണിതും ചിറ കെട്ടിയും ഉരുക്ക് തൂണുകളും കൂട്ടിച്ചേര്‍ത്ത് ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്ന ട്രാക്ക് ഏകദേശം 500 കിലോമീറ്ററോളം നീളം വരും. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

(ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക)

Content Highlights : If the K-Rail project is implemented, the Western Ghats itself will disappear - Dr. KT Rammohan