• അറസ്റ്റിലായ ഷെഹീൻ, ശിവപ്രദീപ്, അരശ്കുമാർ എന്നിവർ എക്സൈസ് സംഘത്തിനൊപ്പം
നെയ്യാറ്റിൻകര : അമരവിള ചെക്പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ സ്വകാര്യബസിലെ യാത്രക്കാരനിൽനിന്ന് നാലുകിലോ കഞ്ചാവ് പിടികൂടി. കാറിൽ ബസിനെ പിന്തുടർന്ന കഞ്ചാവ് കൊടുത്തുവിട്ട രണ്ടു പേരെയും പിടികൂടി. ഞായറാഴ്ച രാവിലെ 8.30-നാണ് സംഭവം.
പത്തനാപുരം, പനമണ്ണറ, ഷെഹിൻ മൻസിലിൽ ഷെഹീനെ(23)യാണ് ബസിൽനിന്ന് ബാഗിൽ സൂക്ഷിച്ചിരുന്ന നാലുകിലോ കഞ്ചാവുമായി പിടികൂടിയത്. ഷെഹീന്റെ കൈവശം കഞ്ചാവ് കൊടുത്തുവിട്ടശേഷം കാറിൽ പിന്തുടരുകയായിരുന്ന പത്തനാപുരം, നെടുമ്പന സ്കൂളിനു സമീപം ശിവപ്രദീപ്(27), കൊട്ടിയം, മയ്യനാട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം അരശ്കുമാർ(27) എന്നിവരെയും എക്സൈസ് സംഘം പിടികൂടി. വിപണിയിൽ ഒരുലക്ഷത്തിലേറെ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.
മധുരയ്ക്കു സമീപം മാട്ടുതാവണി എന്ന സ്ഥലത്തുനിന്നാണ് ഷെഹീൻ കഞ്ചാവുമായി സ്വകാര്യ ബസിൽ കയറിയത്. ശിവപ്രദീപും അരശ്കുമാറും ദിണ്ഡക്കലിൽനിന്നുമാണ് കഞ്ചാവു വാങ്ങിയത്. ഷെഹീന്റെ കൈവശം കഞ്ചാവടങ്ങിയ ബാഗ് നൽകിയശേഷം തങ്ങൾ ബസിനെ പിന്തുടരുമെന്ന് അറിയിച്ചിരുന്നു. അരശ്കുമാർ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്താണ് ഷെഹീനെ ബസിൽ കയറ്റിവിട്ടത്.
അമരവിള ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ വി.എൻ.മഹേഷിന്റെ നേതൃത്വത്തിൽ ബസ് പരിശോധിക്കുമ്പോഴാണ് പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽനിന്നു കഞ്ചാവ് കണ്ടെടുത്തത്.
തുടർന്ന് ചോദ്യം ചെയ്യുമ്പോഴാണ് കഞ്ചാവ് തന്നുവിട്ടവർ കാറിൽ പിന്തുടരുന്നെന്ന് അറിഞ്ഞത്. എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെയും റെയ്ഞ്ച് ഓഫീസിലെയും ഉദ്യോഗസ്ഥരെത്തിയാണ് കാറിൽ പിന്തുടർന്നവരെ പിടികൂടിയത്.
എക്സൈസ് ചെക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ ഷിബുകുമാർ, സിവിൽ എക്സൈസ് ഓഫീസർ പി.എസ്.രാജേഷ്, ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർ ഷാജു, നെയ്യാറ്റിൻകര റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വിപിൻസാം, സിവിൽ എക്സൈസ് ഓഫീസർമാരായ ടോണി, അനീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് പറഞ്ഞു.
Content Highlights: weed caught from bust traveller at trivandrum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..