കൊച്ചി: എറണാകുളം മഹാരാജാസില്‍ നിന്നും പിടിച്ചെടുത്തത്‌ മാരകായുധങ്ങളാണെന്ന് എഫ്.ഐ.ആര്‍. കോളേജിലെ സ്റ്റാഫ് കോര്‍ട്ടേഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്ന മുറിയില്‍ നിന്നാണ് മാരകായുധങ്ങള്‍ പിടിച്ചെടുത്തത്. സെര്‍ച്ച് ലിസ്റ്റിലും എഫ്‌ഐആറിലും പിടിച്ചെടുത്തത് മാരകായുധങ്ങളാണെന്നാണ് പറയുന്നത്‌.

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള ചര്‍ച്ചയില്‍ കോളേജില്‍ നിന്നും കണ്ടെത്തിയത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഈ വിശദീകരണമാണ് എഫ്‌ഐആര്‍ പുറത്ത് വന്നതോടെ പൊളിഞ്ഞിരിക്കുന്നത്. 

മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിന്റെ പ്രസക്ത ഭാഗങ്ങള്‍

കറുത്ത ഫ്‌ളെക്‌സില്‍ പൊതിഞ്ഞ ഇരുമ്പ് പൈപ്പുകള്‍,സ്റ്റീല്‍ പൈപ്പ്,വാര്‍ക്കകമ്പികള്‍,ഇരുമ്പ് വെട്ട് കത്തി,കുറുവടി,മുളവടി,പലകകഷ്ണങ്ങള്‍ എന്നിവ കണ്ടെത്തിയെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അവിടെ അടുത്ത്‌ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുമുണ്ട്.

ജനല്‍ തുറന്നുകിടക്കുകയായിരുന്നു, വേനല്‍ അവധിയായതിനാല്‍ കുട്ടികള്‍ മുറികളില്‍ ഉണ്ടായിരുന്നില്ല. അതിനിടെ ആരാണ് കൊണ്ടുവച്ചതെന്ന് അന്വേഷിക്കണം. ഇതിനപ്പുറം മറ്റൊരു മാനവും ഈ സംഭവത്തിനില്ല.

കുട്ടികള്‍ മറ്റുസംഘടനകളെ തിരിഞ്ഞുനോക്കാത്തതിന് എസ്എഫ്‌ഐയെ പഴി പറഞ്ഞിട്ട് കാര്യമില്ല. എസ്.എഫ്.ആ നല്ല ശക്തിയുള്ള സംഘടനയാണ്.