-
കോട്ടയം: യു.പി.എ വിട്ടിട്ടില്ലെന്നും കേരള കോൺഗ്രസ് ദേശീയ തലത്തിൽ ഇപ്പോഴും യു.പി.എയുടെ ഭാഗമാണെന്നും ജോസ് കെ മാണി. പുറത്താക്കിയത് കേരളത്തിലെ യു.ഡി.എഫിൽ നിന്നാണ്. നേരത്തെയും യു.ഡി.എഫ് വിട്ട ഘട്ടങ്ങളുണ്ടായിട്ടുണ്ട്. അന്നും യു.പി.എക്കൊപ്പം നില്‍ക്കാനുള്ള നിലപാടാണ് സ്വീകരിച്ചത്. അതൊരു ദേശീയ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.
കേരള കോൺഗ്രസ് മുന്നണികളുടെ ഭാഗമാകാതെ സ്വതന്ത്ര നിലപാട് തുടരും. സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ വിമർശനങ്ങൾക്ക് മറുപടി പറയേണ്ട സാഹചര്യമില്ല. ചില വിഷയങ്ങളിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുണ്ട്. അവരത് പറയട്ടെയെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പഞ്ചായത്ത് തലം തൊട്ട് ഒറ്റക്കെട്ടായി മുന്നോട്ടുപോയിട്ടുണ്ട്. പോരായ്മകളുണ്ടെങ്കിൽ അതിനെല്ലാം പരിഹാരം കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഏകോപനം ഇതിലുണ്ട്. ഈയൊരു സാഹചര്യത്തിൽ രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി പോരാടണമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുള്ളതിനാൽ ചൊവ്വാഴ്ച നടക്കാനിരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം മാറ്റിവെച്ചതായും ജോസ് കെ മാണി വ്യക്തമാക്കി. ഓൺലൈനായോ മറ്റോ യോഗം നടത്താന്‍ കഴിയുമോ എന്നാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
content highlights: Jose K Mani, Kerala Congress, UPA, UDF
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..