വെള്ളാപ്പള്ളി നടേശൻ| ഫോട്ടോ: രാമനാഥ് പൈ മാതൃഭൂമി
പൂച്ചാക്കല്‍(ആലപ്പുഴ): എസ്.എന്‍.ഡി.പി. യോഗത്തിന്റെയും എസ്.എന്‍.ട്രസ്റ്റിന്റെയും കീഴിലുള്ള സ്കൂളുകളിലെയും കോളേജുകളിലെയും നിയമനങ്ങള്‍ പി.എസ്.സി.ക്കു വിടാന്‍ തയ്യാറാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്.എന്‍.ഡി.പി. യോഗം ചേര്‍ത്തല യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന മൈക്രോഫിനാന്‍സ് മൂന്നാംഘട്ട വായ്പവിതരണത്തിന്റെയും വിവിധ ക്ഷേമപദ്ധതികളുടെയും ഉദ്ഘാടനം പൂച്ചാക്കലില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ വിദ്യാലയങ്ങളില്‍ നിയമനം നടത്തുന്നത് മാനേജരും ശമ്പളം നല്കുന്നതു സര്‍ക്കാരുമാണ്. ഇത് എന്തൊരു ജനാധിപത്യമാണ്? സ്വകാര്യ വിദ്യാലയങ്ങളിലെ എല്ലാ നിയമനങ്ങളും പി.എസ്.സി.ക്കു വിടണം. കേരളത്തിലെ ജനസംഖ്യയില്‍ 17 ശതമാനം മാത്രമുള്ള ഒരു സമുദായം 3,500 സ്കൂളുകളാണ് കൈവശംവെച്ചിരിക്കുന്നത്. 33 ശതമാനമുണ്ടായിരുന്ന ഈഴവരിന്ന് 25 ശതമാനമായി കുറഞ്ഞു. മറ്റുള്ള സമുദായങ്ങള്‍ അതേസമയം 33-38 ശതമാനം വരെ അംഗസംഖ്യ ഉയര്‍ത്തുകയും ചെയ്തു.
ഈഴവരുടെ സംഖ്യ ഇനിയും കുറഞ്ഞാല്‍ ഇങ്ങനെയൊരു വിഭാഗം ജീവിച്ചിരുന്നുവെന്നത് ചരിത്രത്തില്‍ മാത്രമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകളില്‍ ഈഴവര്‍ ചിഹ്നംനോക്കി കുത്തിയപ്പോള്‍ മറ്റു സമുദായങ്ങള്‍ സ്ഥാനാര്‍ഥികളുടെ പേരുനോക്കി കുത്തി. മറ്റുള്ള സമുദായങ്ങള്‍ വോട്ടുബാങ്കായി മാറിയെന്നും സംവരണത്തില്‍ അട്ടിമറി നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.
എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന് അധ്യക്ഷനായി. യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ ടി. അനിയപ്പന്, ശ്രീകണ്ഠേശ്വരം എസ്.എന്‍. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ കെ.എല്‍. അശോകന്, പി. ശശികുമാര്‍, ബൈജു അറുകുഴി, അനില്‍ ഇന്ദീവരം, ധനലക്ഷ്മി ബാങ്ക് മാനേജര്‍ ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Content Highlights: We are ready to leave the appointments in the schools under SNDP to PSC-vellapally natesan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..