പ്രതീകാത്മക ചിത്രം, കടുവയുടെ ആക്രമണത്തിൽ മരിച്ച പള്ളിപ്പുറത്തു തോമസിന്റെ മൃതദേഹം കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് മാനന്തവാടി ജില്ലാആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസിലേക്കു കയറ്റുന്നു
കല്പറ്റ: വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് പൊതുവേ വയനാട്ടില്‍ ആനയും കടുവയുമൊക്കെ ഇറങ്ങാറുള്ളത്. എന്നാല്‍ വ്യാഴാഴ്ച കടുവയിറങ്ങി കര്‍ഷകനെ ആക്രമിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരി വെള്ളാരംകുന്നിന് എട്ടു കിലോമീറ്ററിലധികം അപ്പുറത്താണ് വനമുള്ളത്. കുരങ്ങിന്റെ ശല്യംപോലും ഇല്ല. വല്ലപ്പോഴും മയിലിറങ്ങും. പിന്നെ ഈ സ്ഥലത്ത് എങ്ങനെയാണ് കടുവയെത്തിയതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
ചുറ്റും വീടുകളുള്ള ജനവാസമേഖലയാണ് കടുവയിറങ്ങിയ സ്ഥലം. കുഞ്ഞോം വനം എട്ടു കിലോമീറ്റര്‍ അകലെയും കണ്ണൂര്‍ അതിര്‍ത്തിയിലുള്ള പേര്യ വനം 14 കിലോമീറ്ററും അകലെയാണ്. ഇത്രയും ദൂരെയുള്ള വനത്തില്‍നിന്ന് കാപ്പിത്തോട്ടത്തിലുടെയും ജനവാസ മേഖലകളും കടന്നുവേണം കടുവയെത്താന്‍.
കര്‍ഷകനെ ആക്രമിച്ചശേഷം എവിടേക്ക് പോയി എന്നറിയാത്തതിനാല്‍ ഈ പ്രദേശത്തുകാര്‍ മുഴുവന്‍ ആശങ്കയിലാണ്. തോമസിനെ ആക്രമിച്ച് കടുവ മുകളിലേക്കുള്ള ഭാഗത്തേക്ക് പോയെന്നാണ് സംശയിക്കുന്നത്. അതെല്ലാം ജനവാസ മേഖലയാണ്. വനംവകുപ്പ് പട്രോളിങ് നടത്തുന്നുണ്ടെങ്കിലും രാത്രിയില്‍ എവിടെയെങ്കിലുമിറങ്ങി വീണ്ടും ആക്രമണം നടത്തുമോ എന്ന ഭീതിയിലാണ് ഒരു പ്രദേശം മുഴുവന്‍. രണ്ടുവര്ഷംമുന്പ് സമീപത്തെ ഒരുപ്രദേശത്ത് കടുവയുടെ കാല്പാട് കണ്ടിരുന്നു. അന്ന് കടുവയെയൊന്നും ആരും കണ്ടിട്ടില്ല. ഒരിക്കല്‍ ഒരു കാട്ടുപോത്തും ഇറങ്ങിയിരുന്നു. പിന്നീട് ഒരു പ്രശ്നവുമുണ്ടായിട്ടില്ലെന്ന് നാട്ടുകാരനായ രഘു പറയുന്നു. അതുകൊണ്ട് വന്യമൃഗങ്ങളെക്കുറിച്ച് മുന്‍കരുതല്‍ എടുക്കേണ്ട കാര്യവും നാട്ടുകാര്‍ക്കില്ല.
തോമസ് ആക്രമിക്കപ്പെട്ട സ്ഥലത്തിന് തൊട്ടുതാഴെയുള്ള വയലിലാണ് രാവിലെ 9.45-ന് പുല്ലരിയാനെത്തിയ നടുപ്പറമ്പില്‍ ലിസി ആദ്യം കടുവയെ കണ്ടത്. അവര്‍ പറഞ്ഞതിനെത്തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് നാലു വനപാലകര്‍ എത്തിയെങ്കിലും കാപ്പിത്തോട്ടത്തിലേക്ക് പോയ തോമസ് അല്പസമയത്തിനകംതന്നെ ആക്രമിക്കപ്പെട്ടു. പിന്നീടാണ് കൂടുതല്‍ വനപാലകരെത്തിയതും പട്രോളിങ് തുടങ്ങിയതും. കടുവയുടെ അലര്‍ച്ചകേട്ട് ഓടിയെത്തിയെങ്കിലും ചോരയില്‍ കുളിച്ചു കിടക്കുന്ന തോമസിനെയാണ് കണ്ടതെന്ന് സുഹൃത്തായ ജയ്മോന് പറയുന്നു. 20 മിനിേറ്റാളം തോമസ് ചോരയില്‍ കുളിച്ചുകിടന്നു. പിന്നീട് നാട്ടുകാരും വനപാലകരും ചേര്‍ന്ന് തുണിയില്‍ ചുമന്ന് 200 മീറ്ററോളം നടന്ന് താഴെ എത്തിക്കുകയായിരുന്നു. അവിടെനിന്ന് സ്വകാര്യ കാറിലാണ് മാനന്തവാടി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആക്രമിക്കപ്പെട്ടെന്ന് മനസ്സിലായെങ്കിലും കടുവയായതിനാല്‍ എല്ലാവര്ക്കും അടുക്കാന്‍ ഭയമായിരുന്നു. ആദ്യം വയലില്‍കണ്ട കടുവ പിന്നീട് കോളനിയുള്ള ഭാഗത്തുനിന്നാണ് തിരിച്ചിറങ്ങിയതെന്ന് വനപാലകര്‍ പറയുന്നു.
നാടിനെ നടുക്കിയ അലര്‍ച്ച; പ്രതിഷേധിച്ച് ജനം
വെള്ളമുണ്ട: തോമസിനെ ആക്രമിക്കുമ്പോഴുള്ള കടുവയുടെ അലര്‍ച്ചതന്നെ നാടിനെയാകെ ഭീതിയിലാഴ്ത്തി. പിന്നീട് തോമസ് മരണപ്പെട്ട വാര്‍ത്ത പരന്നതോടെ നാടാകെ നടുക്കത്തിലായി. സ്ഥിതി കൂടുതല്‍ അപകടരമാണെന്നുകണ്ട് ഡി.എഫ്.ഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ എത്തിയതോടെ പ്രതിഷേധം അണപൊട്ടി. കടുവയെ എന്തുവിലകൊടുത്തും ഉടന്‍തന്നെ പിടികൂടണമെന്നായിരുന്നു ആവശ്യം.
കടുവയെ പിടിച്ചില്ലെങ്കില്‍ ഇനി ആരെയൊക്കെ അത് ആക്രമിക്കും, രാത്രിയില്‍ എങ്ങനെ മയക്കുവെടിവെക്കാന്‍ കഴിയും എന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. വനംവകുപ്പിന്റെ അനാസ്ഥയാണ് സാലുവിന്റെ ജീവന് നഷ്ടമായതിനുകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. പരിക്കേറ്റ സാലുവിനെ ആശുപത്രിയിലെത്തിക്കാന്‍, വനംവകുപ്പിന്റെ വാഹനം അവിടെയുണ്ടായിരുന്നുവെങ്കില്‍ കഴിയുമായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
ഡി.എഫ്.ഒ. മാര്ട്ടിന് ലോവല്‍ കടുവയെ പിടികൂടാനുള്ള ഉത്തരവ് വായിച്ചുകേള്‍പ്പിക്കുകയും വനംവകുപ്പ് ചെയ്യാന്‍പോവുന്ന കാര്യങ്ങള്‍ വിശദീകരിക്കുകയുംചെയ്തെങ്കിലും നാട്ടുകാര്‍ ശാന്തരായില്ല. പിന്നീട് ഒ.ആര്. കേളു എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് ശാന്തമാക്കിയത്. കടുവയുടെ സാന്നിധ്യമറിയിച്ചിട്ടും വനപാലകര്‍ വേണ്ടരീതിയിലുള്ള ഗൗരവം കാണിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. തോമസിന്റെ നെഞ്ചിനേറ്റ കടുവയുടെ അടി ആന്തരിക രക്തസ്രാവത്തിന് കാരണമായിരുന്നു. ആദ്യം കടുവയെക്കണ്ട പ്രദേശവാസിയായ നടുപറമ്പില്‍ ലിസി എന്തോ ജീവി ചാടിപ്പോകുന്നതുപോലെയാണ് കണ്ടത്. കുറച്ചുകൂടി മുന്നോട്ടുപോയി നോക്കിയപ്പോഴാണ് കടുവ നടന്നുപോകുന്നത് കണ്ടത്.
ആക്രമണവാര്‍ത്ത പരന്നതോടെ പ്രദേശവാസികളെല്ലാം വീടിനുള്ളില്‍ത്തന്നെ കഴിയണമെന്നും വിദ്യാലയങ്ങളില്‍നിന്ന് കുട്ടികളെ പുറത്തുവിടരുതെന്നും നിര്‍ദേശമുണ്ടായി. സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീമും സ്ഥലത്തെത്തി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പുതുശ്ശേരിയിലെ കടുവ ഏറ്റവും അപകടകാരിയോ
- മാനന്തവാടി: കാടുവിട്ട് നാട്ടിലിറങ്ങുന്ന കടുവകളില്‍ ഏറ്റവും അപകടകാരികളാണ് മനുഷ്യനെ ആക്രമിക്കുന്നവ. ഇവ ജനവാസമേഖലകള്‍ കേന്ദ്രീകരിക്കുകയാണ് പതിവ്.
- പുതുശ്ശേരിയിലെത്തിയ കടുവ മനുഷ്യനെ ആക്രമിച്ചതോടെ ആശങ്കയുയരുന്നതും ഇതേ കാര്യത്തിലാണ്. സാധാരണയായി നാലുഘട്ടത്തിലാണ് കടുവകള്‍ കാടുവിട്ട് ജനവാസമേഖലകളിലെത്തുന്നത്.
- അമ്മക്കടുവയില്‍നിന്ന് രണ്ടുവയസ്സാകുന്നതോടെ പിരിയുന്ന കുഞ്ഞിന് സ്വന്തമായി അധീനപ്രദേശം (ടൈഗര്‍ ടെറിറ്ററി) ഉണ്ടാക്കാനാവില്ല. ഈ സമയം വനത്തോടുചേര്‍ന്നുള്ള തോട്ടങ്ങളായിരിക്കും താവളം. തോട്ടങ്ങളിലെ ചെറുമൃഗങ്ങളും വളര്‍ത്തുമൃഗങ്ങളും ഇരയാവും.
- ഇണചേരല്‍സമയങ്ങളിലോ അല്ലാതെയോ മുതിര്‍ന്ന കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി സാരമായി പരിക്കേല്‍ക്കുന്നവ കാടിറങ്ങും. വളര്‍ത്തുമൃഗങ്ങളായിരിക്കും മിക്കവാറും ഇവയുടെ ഭക്ഷണം.
- അസുഖബാധിതരായതും പ്രായമായതുമായ കടുവകള്‍ വനാതിര്‍ത്തികളിലെ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങി വളര്‍ത്തുമൃഗങ്ങളെ തിന്നും. ഒരിടത്തും തങ്ങാത്ത ഇവ ദീര്‍ഘദൂരം അതിവേഗം യാത്രചെയ്യും.
- ഏറ്റവും അപകടകാരികളായ നരഭോജിക്കടുവകള്‍ ജനവാസമേഖലകളില്‍ കേന്ദ്രീകരിക്കുകയാണ് പതിവ്.
Content Highlights: wayanad tiger attack
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..