പരിക്കേറ്റ് ചികിത്സയിൽക്കഴിയുന്ന എസ്.എഫ്.ഐ. ജില്ലാ ജോയന്റ് സെക്രട്ടറി അപർണ ഗൗരി, പരിക്കേറ്റ മേപ്പാടി ഇൻസ്പെക്ടർ എ.ബി. വിപിൻ
മേപ്പാടി: മേപ്പാടി ഗവ. പോളിടെക്നിക്ക് കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ വിദ്യാർഥിസംഘർഷം. മേപ്പാടി ഇൻസ്പെക്ടർ എ.ബി. വിപിൻ ഉൾപ്പെടെ മൂന്നു പോലീസുകാർക്കും അഞ്ച് വിദ്യാർഥികൾക്കും പരിക്കേറ്റു. എസ്.എഫ്.ഐ. ജില്ലാ ജോയന്റ് സെക്രട്ടറി അപർണാ ഗൗരിക്ക് (24) മർദനത്തിൽ സാരമായി പരിക്കേറ്റു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഘർഷം തുടങ്ങിയത്. മേപ്പാടി പോലീസെത്തി ലാത്തിവീശിയാണ് സംഘർഷം അവസാനിപ്പിച്ചത്. ഇതിനിടെയാണ് പോലീസുകാരെ വിദ്യാർഥികൾ മർദിച്ചത്. ഇൻസ്പെക്ടർ എ.ബി. വിപിന് മുഖത്താണ് പരിക്കേറ്റത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി കോളേജിലെത്തിയപ്പോഴാണ് അപർണാ ഗൗരിക്ക് മർദനമേറ്റതെന്ന് എസ്.എഫ്.ഐ. പറയുന്നു. അപർണയ്ക്ക് തലയ്ക്കും നെഞ്ചിനുമാണ് മർദനമേറ്റത്. മയക്കുമരുന്ന് മാഫിയയാണ് അപർണയെ ആക്രമിച്ചതെന്നും മുടിക്ക് കുത്തിപ്പിടിച്ച് മതിലിനോട് ചേർത്തുനിർത്തി മർദിച്ചെന്നും എസ്.എഫ്.ഐ. ആരോപിച്ചു. അപർണ മേപ്പാടിയിലെ വിംസ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥികളായ വിഷ്ണു(20), ശരത്(22), അശ്വിൻ(23) എന്നിവരും വിംസിൽ ചികിത്സയിലാണ്.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേതന്നെ കോളേജിൽ സംഘർഷവും തുടങ്ങിയിരുന്നു. വിദ്യാർഥികൾ ചേരിതിരിഞ്ഞ് അടിതുടങ്ങിയതോടെയാണ് പോലീസ് ലാത്തിവീശിയത്. ഇതിനുമുമ്പും കോളേജിൽ വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. കോളേജിൽ ലഹരിയെത്തിക്കുന്നതുമായി ബന്ധപ്പെട്ടും വിദ്യാർഥികൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു.
മൂന്നുമണിക്ക് തുടങ്ങിയ സംഘർഷം നാലരവരെ നീണ്ടു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കല്പറ്റ, വൈത്തിരി, പടിഞ്ഞാറത്തറ സ്റ്റേഷനുകളിൽനിന്നായി കൂടുതൽ പോലീസുകാർ കോളേജിലെത്തി.
മേപ്പാടി കോളേജിൽ പോലീസ് ഭീകരതയാണ് ഉണ്ടായതെന്ന് എം.എസ്.എഫ്. ജില്ലാകമ്മിറ്റി ആരോപിച്ചു. യൂണിയൻ നഷ്ടപ്പെടുമെന്ന സൂചനയിൽ പുറത്തുനിന്ന് എസ്.എഫ്.ഐ.-ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ആയുധങ്ങളുമായി സംഘടിച്ചെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നും പോലീസ് ഏകപക്ഷീയമായി യു.ഡി.എസ്.എഫ്. പ്രവർത്തകരെമാത്രം വളഞ്ഞിട്ട് മർദിച്ചെന്നും എം.എസ്.എഫ്. ആരോപിച്ചു.
മേപ്പാടി പോളിടെക്നിക്ക് കോളേജിലെ പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് യൂത്ത്‍ലീഗ് കല്പറ്റ നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. എസ്.എഫ്.ഐ. ജില്ലാകമ്മിറ്റിയംഗം കാമ്പസിനകത്ത് കയറി വിദ്യാർഥികൾക്കെതിരേ അക്രമം നടത്തിയപ്പോൾ പോലീസ് കാഴ്ചക്കാരായി നോക്കിനിന്നെന്നും യൂത്ത് ലീഗ് ആരോപിച്ചു.
യൂണിയൻ യു.ഡി.എസ്.എഫിന്
മേപ്പാടി പോളിടെക്നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യു.ഡി.എസ്.എഫിന് അട്ടിമറിവിജയം. എസ്.എഫ്.ഐ. ഭരിച്ചിരുന്ന കോളേജിൽ ഏഴിൽ ആറുസീറ്റും നേടിയാണ് ഇത്തവണ യു.ഡി.എസ്.എഫ്. യൂണിയൻ പിടിച്ചെടുത്തത്. മികച്ചവിജയം നേടിയ സാരഥികളെയും വിദ്യാർഥികളെയും എം.എസ്.എഫ്. ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
വാർഡംഗത്തിനും പരിക്ക്
വിംസ് ആശുപത്രിയുടെ പുറത്തുണ്ടായ സംഘർഷത്തിൽ മൂപ്പൈനാട് 15-ാം വാർഡംഗം അഷ്കർ അലിക്കും പരിക്കേറ്റു. മുഖത്താണ് പരിക്കേറ്റത്. മേപ്പാടി കോളേജിലെ യൂണിയൻ ചെയർമാനായി വിജയിച്ച മുഹമ്മദ് സാലിമുമായി ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു വീണ്ടും സംഘർഷമുണ്ടായത്. പുറത്തുനിന്നുള്ളവരാണ് ആക്രമിച്ചതെന്ന് അഷ്കർ അലി പറഞ്ഞു. അഷ്കർ മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സതേടി.
ആക്രമണം മയക്കുമരുന്ന് മാഫിയക്കെതിരേ നിലപാട് സ്വീകരിച്ചതിൽ
മയക്കുമരുന്ന് മാഫിയക്കെതിരേ മേപ്പാടി പോളിടെക്നിക് കോളേജിൽ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായാണ് എസ്.എഫ്.ഐ.ക്കെതിരേ ആക്രമണം ഉണ്ടായതെന്ന് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി. മുപ്പതിലധികംവരുന്ന സംഘം കൊല്ലുമെന്ന് ഭീഷണിമുഴക്കിയാണ് എസ്.എഫ്.ഐ. വിദ്യാർഥി നേതാവിനെ ആക്രമിച്ചത്. കാമ്പസിൽ അരാജകത്വം പ്രോത്സാഹിപ്പിച്ച് മയക്കുമരുന്ന് സംഘത്തെ മുൻനിർത്തിയാണ് കെ.എസ്.യു., എം.എസ്.എഫ്., എ.ബി.വി.പി. തുടങ്ങിയ വലതുപക്ഷ വിദ്യാർഥി സംഘടനകൾ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എസ്.എഫ്.ഐ. പ്രവർത്തകർക്കുപുറമേ സ്ഥലത്തെത്തിയ പോലീസിനെയും മർദിച്ചു. കാമ്പസിനകത്ത് അക്രമം അഴിച്ചുവിടുന്നവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പനമരം പോളിയിലും സംഘർഷം; അഞ്ചുപേർക്ക് പരിക്ക്
പനമരം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പനമരം പോളിടെക്നിക്കിലും സംഘർഷം. വിദ്യാർഥിമുന്നണി പ്രവർത്തകരും എസ്.എഫ്.ഐ. പ്രവർത്തകരുംതമ്മിലാണ് കൈയേറ്റമുണ്ടായത്. അടിയേറ്റ നാല് എസ്.എഫ്.ഐ. പ്രവർത്തകർ പനമരം സി.എച്ച്.സി.യിലും വിദ്യാർഥിമുന്നണിയിലെ സിനാൻ എന്ന വിദ്യാർഥി കല്പറ്റ ജനറൽ ആശുപത്രിയിലും ചികിത്സതേടി. മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തിൽ പനമരം പോലീസ് സംഘം സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥ നിയന്ത്രിച്ചത്. തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. മുഴുവൻസീറ്റിലും വിജയിച്ചു.
Content Highlights: wayanad meppadi poly technic msf ksu sfi aparna gauri
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..