വി.ഡി സതീശൻ
തിരുവനന്തപുരം: സമ്മര്‍ദ്ദങ്ങളും ഭീഷണികളും മറികടന്ന് വനംകൊള്ള പിടിച്ച ഉദ്യോഗസ്ഥന് കേരളത്തിലെ ജനങ്ങളുടെ പേരില്‍ സല്യൂട്ട് ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
റവന്യൂവകുപ്പ് മന്ത്രി മറുപടി പറയുന്ന സമയത്ത് സഭയെ തെറ്റിദ്ധരിപ്പിച്ചു. അവാസ്തവമായ കാര്യങ്ങള്‍ സഭയുടെ മുന്പില് അവതരിപ്പിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചതായും വി.ഡി സതീശന്. നിയമസഭയില്‍ നടത്തിയ വാക്കൗട്ട് പ്രസംഗത്തിലാണ് സതീശന് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
റവന്യൂവകുപ്പ് മന്ത്രി പറഞ്ഞത് തെരഞ്ഞെടുപ്പ് കാലത്താണ് സംഭവം എന്നാണ്. ഒക്ടോബര്‍ 24നാണ് ഉത്തരവ് ഇറങ്ങിയത്. ആ ഉത്തരവ് 2021 ഫെബ്രുവരി രണ്ടാം തിയ്യതി റദ്ദാക്കി. ഒക്ടോബര്‍ 24നും ഫെബ്രുവരി രണ്ടാം തിയ്യതിയ്ക്കും ഇടയിലാണ് പ്രസ്തുത ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് മരംമുറി നടന്നതെന്നാണ് റവന്യൂമന്ത്രി പറഞ്ഞത്. ഒക്ടോബര്‍ 24ാം തിയ്യതി മുതല്‍ ഫെബ്രുവരി രണ്ടാം തിയ്യതിവരെയുള്ള സമയത്തിനിടയ്ക്ക് എവിടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നത് വനംകൊള്ള നടന്നുവെന്ന് ബോധ്യപ്പെട്ടിട്ടല്ലേ?. ഇന്ന് ഈ നിമിഷം വരെ വിഷയത്തില്‍ എന്ത് നടപടികളാണ് സര്‍ക്കാര്‍ എടുത്തത്.
പട്ടിക ജാതിയില്‍ പെട്ട ഒരാളെ കബളിപ്പിച്ചുകൊണ്ട് ഒക്ടോബര്‍ 24ന് ഈ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലല്ലേ വനം കൊള്ള നടന്നത്. ഈ വനംകൊള്ള ഒരു റവന്യൂ സെക്രട്ടറിയുടേയൊ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്റെയൊ തലയില്‍ കെട്ടിവെച്ച് കൈകഴുകാന്‍ ഈ ഭരണനേതൃത്വത്തിന് കഴിയുമോ. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഈ ഉത്തരവ് റദ്ദാക്കാന്‍ കാരണം എന്താണ്. ഉത്തരവ് തെറ്റാണ് എന്ന് ജില്ലാകളക്ടര്‍മാര്‍ വ്യാപകമായി പരാതിപ്പെട്ടു. ആ ജില്ലാ കളക്ടര്‍മാര്‍ കാണിച്ച സാമാന്യബുദ്ധിയും നിയമബോധവും തിരുവനന്തപുരത്തിരിക്കുന്ന ഭരണ മേലാളന്മാര്ക്ക് എന്തുകൊണ്ട് ഇല്ലാതെ പോയി. ഇത്തരം ഒരു ഉത്തരവ് ഇറങ്ങിയപ്പോള്‍ എന്തുകൊണ്ട് നിയമവകുപ്പിന് അറിയിച്ചില്ല.
ആര്‍ക്കു വേണ്ടിയായിരുന്നു ഈ ധൃതി. ചട്ടങ്ങള്‍ മറികടന്ന് വനംകൊള്ള നടത്താന്‍ കൂട്ട് നിന്നിട്ട് ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ഐഎഫ്എസ് റാങ്കുള്ള ഉദ്യോഗസ്ഥന്, ഒരാള്‍ പോയപ്പോള്‍ പകരം വന്നയാളാണ് ഇയാള്‍. വയനാട്ടിലെത്തിയ ഉടനെ ചാര്‍ജ്ജുചെയ്ത വകുപ്പുകള്‍ മാറ്റമെന്നാവശ്യപ്പെട്ടു. തടിക്കടത്തുപിടിച്ച റെയ്ഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു. സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായിട്ടും ഇതുപോലെ ഒരുത്തരവ് എഴുതിവെച്ചിട്ടും അതിനെതിരായി നടപടിയെടുത്ത് വയനാട്ടില്‍ നിന്ന് യാത്ര ചെയ്ത് പെരുമ്പാവൂര്‍ വരെ വന്ന് ഈ തടി പിടിച്ചെടുത്ത സത്യസന്ധനായ ഉദ്യോഗസ്ഥനുണ്ടല്ലോ. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ആ ഉദ്യോഗസ്ഥന് ഞങ്ങളുടെ വക ഒരു ബിഗ് സല്യൂട്ട്. വി.ടി സതീശന് സഭയില്‍ വ്യക്തമാക്കി.
Content Highlight; Wayanad Illegal tree felling; VD satheesan Walkout speech
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..