കല്‍പറ്റ: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയോടുള്ള സംസ്ഥാന സര്‍ക്കാരിന്റ അവഗണനയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ യു.ഡി.എഫ്-എന്‍.ഡി.എ നേതൃത്വത്തില്‍ ഹര്‍ത്താല്‍. രാവിലെ ആറ് മണിമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. 

ഹര്‍ത്താല്‍ തുടങ്ങിയതോടെ കല്‍പറ്റയില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതോടെ വാഹന ഗാതാഗതം പൂര്‍ണമായും തടസപ്പെട്ട നിലയിലാണ്. കര്‍ണാടകയില്‍ നിന്നും വരുന്ന ചരക്ക് വാഹനങ്ങള്‍, മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയൊക്കെ തടഞ്ഞിട്ടുണ്ട്. കോഴിക്കോട് നിന്നും വരുന്ന ചില ദീര്‍ഘദൂര ബസുകള്‍ മാത്രമാണ് കടത്തിവിടുന്നത്. കടകമ്പോളങ്ങളും പൂര്‍ണമായും അടച്ചിട്ടതോടെ വിനോദയാത്രയ്‌ക്കെത്തിയവരടക്കം ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. 

വയനാടിന്റെ റെയില്‍സ്വപ്‌നങ്ങള്‍ക്ക്  ചിറകു നല്‍കുമെന്ന് കരുതിയിരുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഡി.എം.ആര്‍.സി പിന്‍മാറിയിരുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാതായതോടെയാണ് ഡി.എം.ആര്‍.സി പിന്‍മാറാന്‍ തീരുമാനിച്ചത്. പണം അനുവദിച്ചില്ലെങ്കില്‍ സര്‍വ്വേക്കായി കോഴിക്കോടും വയനാട്ടിലും തുറന്ന ഓഫീസുകള്‍ ജൂണില്‍ പൂട്ടുമെന്നും ഡി.എം.ആര്‍.സി അറിയിച്ചിട്ടുണ്ട്.